എത്ര രാത്രിയായാലും ഞാൻ തന്നെ ഗേറ്റ് തുറക്കണം, ഭാര്യ ഭാര്യയായി ഇരിക്കണം ജോലിക്ക് പോകരുത്; ശോഭ രവീന്ദ്രൻ
മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരില്‍ ഒരാളായിരുന്ന സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ. സുഖമോ ദേവീ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, അമരം തുടങ്ങി ഒട്ടനവധി മലയാള സിനിമകൾക്ക് സംഗീതം നിർവഹിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലെ ഗാനങ്ങൾ രവീന്ദ്രൻ മാഷ് സംഗീതം ഒരുക്കി. അഞ്ഞൂറിലേറെ ഗാനങ്ങൾക്ക് അദ്ദേഹം ജീവൻ നൽകിയിട്ടുണ്ട്. രവീന്ദ്രൻ മാസ്റ്ററിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങൾ ഒരു തവണ എങ്കിലും മൂളാത്ത സംഗീതപ്രേമിയോ മലയാളിയോ ഉണ്ടാവില്ല.
ഹൃദയ രാഗങ്ങളുടെ ചക്രവർത്തിയുടെ ഓർമകൾ മലയാളികൾ ഇപ്പോൾ വീണ്ടും കേൾക്കുന്നത് മാഷിന്റെ പ്രിയപത്നി ശോഭയിലൂടെയായിരുന്നു. മുപ്പത് വർഷത്തോളം നീണ്ട ദാമ്പത്യം ഒരുപാട് നല്ല ഓർമകൾ ശോഭയ്ക്ക് നൽകിയിട്ടുണ്ട്. മാഷിന്റെ കഥകൾ എത്ര ആവർത്തി പറഞ്ഞാലും തനിക്ക് ബോറടിക്കില്ലെന്ന് പോപ്പിൻസിന് നൽകിയ അഭിമുഖത്തിൽ ശോഭ പറയുന്നു.

എല്ലാ ഇന്റർവ്യൂവിലും ഞാൻ രവീന്ദ്രൻ മാഷിനെ കുറിച്ചുള്ള ഒരേ കഥ തന്നെയാണ് പറയുന്നത്. വേറൊന്നും പുതിയതായി പറയാനില്ലല്ലോ. കേൾക്കുന്നവർ വിചാരിക്കും ഈ സ്ത്രീക്ക് ഈ കഥ മാത്രമെ പറയാനുള്ളോയെന്ന്. ഇതൊക്കെ എത്ര ആവർത്തിച്ച് പറഞ്ഞാലും എനിക്ക് ബോറടിക്കില്ല. കാരണം ഞാൻ അതെല്ലാം ആസ്വദിച്ച് ജീവിച്ച ഒരാളാണ്.
അതുകൊണ്ട് മാഷിനെ പറ്റി പറഞ്ഞാൽ എനിക്ക് മതിയാവില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ചിലർക്ക് ഈ കഥകൾ വീണ്ടും കേൾക്കുന്നതിൽ മടുപ്പും തോന്നില്ലെന്നും പ്രിയ പത്നി പറയുന്നു. മാഷിന് വളരെ അധികം നിർബന്ധമുള്ള കാര്യമായിരുന്നു ഭാര്യ ഭാര്യയായി ഇരിക്കണമെന്നത്. ഭാര്യ ജോലിക്ക് പോകുന്നതിനോട് ഒന്നും താൽപര്യമില്ല. ഭാര്യ ഭാര്യയായിട്ട് ഇരിക്കണം. കുട്ടികളെ ആയമാരെ ഏൽപ്പിച്ച് ജോലിക്ക് പോകുന്നതിനോടും മാഷിന് താൽപര്യമില്ല.
കുട്ടികളെ അവരുടെ അമ്മ തന്നെ വളർത്തണം എന്നായിരുന്നു. അതൊക്കെ നിർബന്ധമാണ്. അതുപോലെ മാഷ് രാവിലെ സ്റ്റുഡിയോയിലേക്ക് ഇറങ്ങുന്ന സമയത്ത് ഫ്രണ്ടിൽ ഞാൻ ഉണ്ടാകണം. അന്ന് എനിക്ക് മൂന്ന് ചെറിയ കുഞ്ഞുങ്ങളാണ് ഉള്ളത്. അടുക്കളയിലും ജോലി തിരക്കുണ്ട്. പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.
എന്ത് ജോലിയിലാണെങ്കിലും അത് മാറ്റിവെച്ച് ഫ്രണ്ടിൽ വന്ന് നിൽക്കണം. കാറിൽ കയറി മാഷ് യാത്രയായാൽ മാത്രമെ അവിടെ നിന്ന് മാറാൻ പറ്റു. ഇത് ഭയങ്കര നിർബന്ധമുള്ള കാര്യമാണ്. ഇത് ചെയ്തില്ലെങ്കിൽ മൂഡൗട്ടാകും. ഞാൻ പോയശേഷം ബാക്കി ജോലി ചെയ്താൽ പോരേയെന്ന് ചോദിക്കും. അതുപോലെ തന്നെയാണ് വരുന്ന സമയത്തും. രാത്രിയിൽ എത്ര വൈകിയാലും നമ്മൾ കാത്തിരിക്കണം. ഞാൻ ഉറക്കമിളച്ച് ഇരിക്കുമായിരുന്നു.

ഞാൻ തന്നെ ഗേറ്റ് തുറന്ന് കൊടുക്കണം. പോകുന്ന സമയത്തും വരുന്ന സമയത്തും നമ്മൾ മുന്നിൽ തന്നെ ഉണ്ടാകണമെന്നത് നിർബന്ധമാണ്. അത് പാലിക്കുകയും ചെയ്യാറുണ്ടായിരുന്നു ഞാൻ. അപ്പോൾ നമ്മളോട് ഒരു സ്നേഹമുണ്ടാകും. ലൈഫും സ്മൂത്താകും. വലിയ കാര്യങ്ങളൊന്നുമല്ലല്ലോ എല്ലാം ചെറിയ കാര്യങ്ങളാണ്. ഓരോരുത്തരുടെ ഇഷ്ടം അതാണെങ്കിൽ ചെയ്ത് കൊടുക്കാം. മുപ്പത്തിയൊന്ന് വർഷമെ എനിക്കും മാഷിനും കിട്ടിയുള്ളു.
അല്ലായിരുന്നുവെങ്കിൽ ഇനിയും ഒരുപാട് കാലം നന്നായി ജീവിച്ചേനെ. ജീവിച്ച കാലത്തോളം ഭർത്താവിനെ മനസിലാക്കിയ ഭാര്യയും ഭാര്യയോട് സ്നേഹമുള്ള ഭർത്താവുമായിരുന്നു. ഇപ്പോൾ പലയിടത്തുമുള്ള പ്രശ്നം ഭാര്യ ഭർത്താവിനെ കേൾക്കില്ല. ഭർത്താവ് ഭാര്യയെ കേൾക്കില്ല എന്നതാണ്. സമയമില്ലെന്ന് പറയാനാവില്ല. ലൈഫ് ഒന്നല്ലേയുള്ളു.
ഏറ്റവും ശ്രേഷ്ഠമായ ബന്ധമാണ് ദാമ്പത്യമെന്നതെന്നും ശോഭ പറയുന്നു. മരണത്തിന് ഏതാനും ദിവസം മുമ്പ് അർബുദ ചികിത്സയ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.


Click it and Unblock the Notifications











