'വീട്ടില്‍ ചോദിച്ചിട്ട് പറയാണെന്നായിരുന്നു അവളുടെ ആദ്യ മറുപടി'; പ്രണയവിവാഹത്തെക്കുറിച്ച് കൈലാസ് മേനോന്‍
തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ടൊവിനോ തോമസ് നായകനായ ചിത്രത്തിലെ ജീവാംശമായി എന്ന ഗാനമാണ് കൈലാസിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്. തീവണ്ടിക്ക് പിന്നാലെ കൈലാസ് ചെയ്ത നിരവധി സിനിമാഗാനങ്ങള്‍ ഹിറ്റുകളായി മാറിയിരുന്നു. എടക്കാട് ബറ്റാലിയന്‍, മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്, വീശി, കൊത്ത് എന്നീ സിനിമകളുടെയും സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോനാണ്.
കൈലാസ് മേനോന്റെ ഭാര്യ അന്നപൂര്‍ണ്ണ ലേഖ പിള്ളയും മലയാളികള്‍ക്ക് സുപരിചിതയാണ്. നിരവധി സ്റ്റേജ്, അവാര്‍ഡ് ഷോകളിലും ടെലിവിഷന്‍ പരിപാടികളും അവതാരകയായ അന്നപൂര്‍ണ്ണ മിനിസ്‌ക്രീനില്‍ ഇപ്പോഴും സജീവമാണ്. 2014-ലായിരുന്നു ഇരുവരുടെയും വിവാഹം. സമന്യു രുദ്രയാണ് മകന്‍.

കൈലാസ് മേനോന്റെയും അന്നപൂര്‍ണ്ണയുടെയും പ്രണയവിവാഹമായിരുന്നു. ഏറെക്കാലം അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായികുന്നു. അതേക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ കൈലാസ് മേനോന്‍.
മഴവില്‍ മനോരമയില്‍ നടന്‍ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു കൈലാസും അന്നപൂര്‍ണ്ണയും തങ്ങളുടെ പ്രണയവിവാഹത്തെക്കുറിച്ച് പറഞ്ഞത്.
കൈലാസ് മേനോന്റെ വാക്കുകളില്‍ നിന്നും: 'സൗഹൃദം പ്രണയത്തിലേക്കും പിന്നീട് ദാമ്പത്യത്തിലേക്കു മാറിയ അനുഭവമായിരുന്നു ഞങ്ങളുടേത്. എല്ലാ കാര്യങ്ങളും അന്നുമുതലേ പറയുമായിരുന്നു. കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പത്തിലായിരുന്നു.
പക്ഷെ, ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്നോ ഇഷ്ടമാണെന്നോ തരത്തില്‍ അന്നു വരെ സംസാരിച്ചിട്ടേയില്ല. അതുകൊണ്ട് ഇക്കാര്യം അവതരിപ്പിക്കാനും കുറച്ച് പേടിച്ചിരുന്നു.

ഞാന്‍ ആ സമയം സിനിമകളൊന്നും ചെയ്തിട്ടില്ലായിരുന്നു. പരസ്യചിത്രങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെയൊരു പ്രൊഫഷനില്‍ നിന്നുകൊണ്ട് സംസാരിക്കുമ്പോള്‍ കുടുംബം എന്ത് പറയും എന്ന ആശങ്കയുണ്ടായിരുന്നു. വിവാഹം കഴിച്ചാലുള്ള ഗുണദോഷങ്ങളെക്കുറിച്ചൊക്കെ എഴുതിവെച്ചിട്ടായിരുന്നു കാര്യം അവതരിപ്പിച്ചത്.
അന്നപൂര്‍ണ്ണ അന്ന് ലോയ്ക്ക് പഠിക്കുകയാണ്. ഞാന്‍ സംഗീതം എന്നു പറഞ്ഞ് നടക്കുന്നു. വീട്ടുകാര്‍ ഇതെങ്ങനെ എടുക്കും എന്ന് നല്ല ഭയം ഉണ്ടായിരുന്നു.' താനാണ് വിവാഹക്കാര്യം ആദ്യം അവതരിപ്പിച്ചതെന്ന് കൈലാസ് പറയുന്നു.

കൈലാസ് ഇക്കാര്യം പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് പറയുകയാണ് അന്നപൂര്‍ണ്ണ. 'എനിക്ക് ശരിക്കും ഷോക്കിങ്ങും സര്‍പ്രൈസുമായിരുന്നു ഇക്കാര്യം. ഒരു ദിവസം അസൈന്‍മെന്റ് എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ചാറ്റ് ബോക്‌സില്‍ ഇക്കാര്യം പറയുന്നത്.
വീട്ടില്‍ ചോദിച്ചിട്ട് പറയാം എന്നായിരുന്നു എന്റെ ആദ്യ മറുപടി. കാരണം അച്ഛനുമമ്മയുമായി അടുത്ത ബന്ധമായതിനാല്‍ അവരോട് ചോദിച്ചിട്ട് തീരുമാനിക്കാം എന്നായിരുന്നു എന്റെ മനസ്സില്‍.' അന്നപൂര്‍ണ്ണ പറയുന്നു.
പിന്നീട് അന്നപൂര്‍ണ്ണയുടെ അച്ഛന്‍ തന്നെ ഒന്നു കാണണം എന്ന് പറഞ്ഞതായി കൈലാസ് പറയുന്നു. അന്നപൂര്‍ണ്ണയ്ക്ക് വേണ്ടത്ര വിദ്യാഭ്യാസം കൊടുത്തിട്ടുണ്ടെന്നും അവള്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് ശരിയാണെന്നായിരുന്നു അച്ഛന്‍ അന്ന് പറഞ്ഞത്. അതോടെ എല്ലാ ടെന്‍ഷനും പോയെന്ന് കൈലാസ് വ്യക്തമാക്കുന്നു.
Recommended Video

'സാധാരണ പ്രണയവിവാഹങ്ങളില്‍ വിവാഹം കഴിഞ്ഞു കഴിയുമ്പോഴാണല്ലോ നമ്മുടെ നെഗറ്റീവ് സൈഡിനെക്കുറിച്ചും മനസ്സിലാക്കുക. പക്ഷെ, ഞങ്ങള്‍ വിവാഹത്തിനു മുമ്പ് സുഹൃത്തുക്കള്‍ ആയിരുന്നതിനാലാകണം മിക്കപ്പോഴും വഴക്കും തര്‍ക്കവും ആയിരുന്നു.
എന്നാല്‍ കല്യാണത്തിനു ശേഷം ഞങ്ങള്‍ക്ക് ആശയപരമായി വലിയ കുഴപ്പങ്ങള്‍ തോന്നിയിട്ടില്ല. അഭിപ്രായവ്യത്യാസങ്ങളെല്ലാം നേരത്തെ തന്നെ പറഞ്ഞുതീര്‍ത്തിരുന്നതുകൊണ്ട് ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. നമ്മുടെ നെഗറ്റീവുകളെല്ലാം നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതും കൂടി മനസ്സിലാക്കി ഒരാളെ വിവാഹം കഴിയ്ക്കുകയാണെങ്കില്‍ അത് വളരെ നല്ലൊരു കാര്യമാണ്.' കൈലാസ് മേനോന്‍ പറയുന്നു.


Click it and Unblock the Notifications











