കനകയെ ഒന്ന് കാണണം; ഞാനവളെ വിളിച്ചിരുന്നു; ആ വീട്ടിലെ അവളുടെ ജീവിതം; ഗംഗൈ അമരൻ
സിനിമാ ലോകത്തെ സംബന്ധിച്ച് നടി കനകയുടെ ജീവിതം എപ്പോഴും ചർച്ചയാണ്. വർഷങ്ങളായി സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുന്ന കനക പുറംലോകവുമായി അധികം ബന്ധമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നു. അയൽക്കാരോട് പോലും അകലം കാണിക്കുന്ന കനക സിനിമാ രംഗത്തെ പഴയ പരിചയക്കാരുമായും സംസാരിക്കുന്നില്ല. അമ്മ ദേവികയുടെ മരണത്തിന് ശേഷമാണ് കനകയുടെ ജീവിതം കീഴ്മേൽ മറിയുന്നത്. അമ്മയുടെ നിഴലിലായിരുന്നു എന്നും കനക.
കനകയ്ക്ക് ഭക്ഷണം പോലും വാരിക്കൊടുത്തിരുന്നത് അമ്മയായിരുന്നെന്നാണ് സംവിധായകൻ സിദ്ദിഖ് അടുത്തിടെ പറഞ്ഞത്. അമ്മയുടെ അപ്രതീക്ഷിത മരണം കനകയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. അച്ഛനുമായി അകന്ന് കഴിയുന്ന കനകയ്ക്ക് മറ്റ് ബന്ധുക്കളോ അടുപ്പക്കാരോ ഉണ്ടായിരുന്നില്ല. അമ്മയെന്ന ലോകം ഇല്ലാതായതോടെ തന്റെ വീട്ടിലേക്ക് നടി ഉൾവലിഞ്ഞു. പിന്നീട് ചില സിനിമകൾ ചെയ്തെങ്കിലും ഇവ ശ്രദ്ധിക്കപ്പെട്ടില്ല. തമിഴ്നാട്ടിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന കനകയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും ഗായകനുമായ ഗംഗെെ അമരൻ.

കനകയുടെ ആദ്യ സിനിമയായ 'കരകാട്ടക്കാരൻ' സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. കനകയെ വീട്ടിൽ നിന്നും പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. 'രണ്ട് മൂന്ന് തവണ ഫോൺ ചെയ്തു. എന്നാൽ കനക എടുത്തില്ല. ആരും വേണ്ട, ഒറ്റയ്ക്കിരിക്കണമെന്ന ചിന്തയായി അവൾക്ക്. എനിക്കവളെ കാണണമെന്ന് ആഗ്രഹമുണ്ട്,' ഗംഗൈ അമരൻ പറയുന്നു.
വീട്ടിലേക്ക് കയറാൻ പറ്റില്ല. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. വീട് പൂട്ടി അകത്തെ ബെഡ് റൂമിൽ ഇരിക്കും. ആര് വിളിച്ചാലും വരില്ല. പാൽക്കാരൻ പാല് വെച്ച് പോവും. അതെടുത്ത് അകത്തേക്ക് പോവും. ഭക്ഷണത്തിനൊക്കെ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. അവളോട് കുറച്ച് നേരം സംസാരിച്ച്, തമാശയൊക്കെ പറഞ്ഞ് ഒരുമിച്ച് ഭക്ഷണം കഴിക്കണമെന്നുണ്ടെന്നും ഗംഗൈ അമരൻ പറഞ്ഞു.

കനകയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് പഴയകാല നടി കുട്ടി പത്മിനിയും സംസാരിച്ചിട്ടുണ്ട്. കനകയെ ഒരിക്കൽ നേരിട്ട് കണ്ടതാണ്. അന്ന് കുഴപ്പമൊന്നുമില്ല, ഞാൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞു. ആളുകളുമായി ഇടപഴകാൻ മടിക്കുന്ന കനക വീട്ടിൽ ഒരുപാട് പട്ടികളെയും പൂച്ചകളെയും വളർത്തുന്നുണ്ടെന്നും അന്ന് കുട്ടി പത്മിനി പറഞ്ഞു.
കനകയും അച്ഛനും തമ്മിൽ വർഷങ്ങളായി അസ്വാരസ്യത്തിലാണ്. അമ്മയും അച്ഛനും പിരിഞ്ഞ ശേഷം കനകയ്ക്ക് ഇദ്ദേഹവുമായി ബന്ധമുണ്ടായിരുന്നില്ല. അമ്മയുടെ മരണ ശേഷം ഈ അകൽച്ച മാറിയതുമില്ല. കനകയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ ഇന്നും വ്യക്തതക്കുറവുണ്ട്.
കനക വിവാഹം കഴിച്ചിരുന്നെന്നും എന്നാൽ 15 ദിവസം മാത്രമാണ് ഈ ബന്ധം നീണ്ടു നിന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നടി വിവാഹം ചെയ്തിട്ടില്ലെന്നും ആളുകളുടെ ശല്യം ഒഴിവാക്കാൻ അന്ന് കള്ളം പറഞ്ഞതാണെന്നും അടുത്തിടെ തമിഴ് മാധ്യമപ്രവർത്തകൻ ചെയ്യാർ ബാലു വെളിപ്പെടുത്തി.
കനകയുടെ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് കൃത്യമായി ആർക്കും അറിയില്ലെന്ന് ഇദ്ദേഹവും അന്ന് സമ്മതിച്ചു. കനകയുടെ വീട്ടിൽ തീപ്പിടുത്തമുണ്ടായെന്ന വാർത്ത കുറച്ച് മാസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് കനക വീണ്ടും മാധ്യമങ്ങളിൽ ചർച്ചയായത്.
മലയാളത്തിൽ ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ ഹിറ്റ് സിനിമകളിലെ നായികയായ കനക അക്കാലത്ത് തിരക്കുള്ള നടിയായിരുന്നു. ആദ്യ സിനിമയായ കരകാട്ടകാരനിലൂടെയാണ് കനകയെ ഇന്നും തമിഴ് പ്രേക്ഷകർ ഓർക്കുന്നത്. 1989 ൽ ഇറങ്ങിയ സിനിമ വൻ ഹിറ്റായിരുന്നു. കരിയറിൽ കുറച്ച് വർഷമേ കനക സജീവമായിരുന്നുള്ളൂ. എങ്കിലും കനക അഭിനയിച്ച സിനിമകളിൽ പലതും ഇന്നും ജനപ്രിയമാണ്.


Click it and Unblock the Notifications