എന്നെ കണ്ടതും ഹർബജനൊക്കെ ധോണിയെ നോക്കി ചിരി തുടങ്ങി, പെണ്ണുകിട്ടില്ലെന്ന് കരുതി കിട്ടിയപ്പോൾ ബോണസായി...
സ്റ്റേജ് പ്രേഗ്രാമുകളില്‍ സജീവ സാന്നിധ്യമാണ് സ്റ്റീഫൻ ദേവസ്സി. മികച്ച ഒരു സംഗീത സംവിധായകനും കീബോർഡിസ്റ്റുമായ സ്റ്റീഫൻ അടുത്തിടെയായി മലയാള സിനിമയിൽ നിരവധി പിന്നണി ഗാനങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിക്കുന്നുണ്ട്. പതിനാറാം വയസിൽ ലണ്ടനിലെ പ്രശസ്തമായ ട്രിനിറ്റി കോളജിൽ നിന്ന് പിയാനോ പഠനം ഉന്നതമായ നിലയിൽ പൂർത്തിയാക്കിയാണ് സ്റ്റീഫൻ ദേവസ്സി സംഗീത രംഗത്ത് ശ്രദ്ധേയനായത്. ഏഷ്യയിൽ നിന്ന് ഒരാള്‍ നേടിയ ഏറ്റവും ഉയർന്ന മാർക്കായിരുന്നു അത്.
ഓസ്കർ പുരസ്കാരം നേടി ഇന്ത്യൻ സംഗീതത്തിന്റെ അഭിമാനമുയർത്തിയ എ.ആർ റഹ്മാനൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട് സ്റ്റീഫൻ. സ്റ്റീഫൻ ദേവസി ഒരു വേദിയിൽ കീബോർഡ് വായിച്ചുവെന്നാൽ ദൈവം തൊട്ട വിരലുകളിൽ തീർത്ത സംഗീതം കുറേ മനസുകളിലേക്ക് പെയ്തിറങ്ങും. സാക്ഷാൽ എ.ആർ റഹ്മാൻ തന്നെയാണ് ദൈവം തൊട്ട വിരലുകൾ എന്ന വിശേഷണം സ്റ്റീഫന് നൽകിയത്.

ഗുമസ്തനാണ് സ്റ്റീഫൻ സംഗീത സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ സിനിമ. ഗുമസ്തനിലെ പാട്ടുകൾ കേട്ടതോടെ സ്റ്റീഫൻ ദേവസി ശരിക്കും ഒരു അണ്ടറേറ്റഡ് മ്യുസിഷനാണെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. പലപ്പോഴും സിനിമാ പിന്നണി ഗാനങ്ങൾ ചെയ്യാൻ നല്ല അവസരങ്ങൾ സ്റ്റീഫന് ലഭിക്കാറില്ല. ലഭിച്ചിരുന്നുവെങ്കിൽ ഗുമസ്തനിലേത് പോലെ കൂടുതൽ മനോഹര ഗാനങ്ങൾ മലയാള സിനിമയ്ക്ക് ലഭിക്കുമായിരുന്നു.
ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് സിനിമ സംഗീത സംവിധാനത്തിൽ സ്റ്റീഫൻ ചുവടുറപ്പിച്ചത്. നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചറായും പ്രവർത്തിച്ചിട്ടുള്ള സ്റ്റീഫൻ നിരവധി സംഗീത ആൽബങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഗമസ്തൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്റ്റീഫൻ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് സ്റ്റീഫൻ സംസാരിച്ച് തുടങ്ങിയത്. തൊപ്പി വെച്ചാൽ സ്റ്റീഫൻ മറ്റൊരു ധോണിയാണെന്നത് വർഷങ്ങളായി സ്റ്റീഫൻ കേൾക്കുന്ന കമന്റാണ്. ധോണിയെ നേരിട്ട് രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യം കാണാൻ പോയപ്പോൾ ഹർബജൻ സിങ്ങൊക്കെ ഉണ്ടായിരുന്നു. എന്നെ കണ്ടതും അവർ ധോണിയെ നോക്കി ഓരേ ചിരിയായിരുന്നു.
ഞാനും ധോണിയും കാഴ്ചയിൽ ഒരുപോലെയാണെന്ന് എല്ലാവരും പറയാറുണ്ട്. സംസാരിച്ചിട്ടില്ല... ധോണിക്ക് ഷേക്ക് ഹാന്റ് കൊടുത്തു. സച്ചിനുമായി സംസാരിക്കാനും ഇടപഴകാനും സാധിച്ചിട്ടുണ്ടെന്ന് സ്റ്റീഫൻ പറയുന്നു. നടൻ മോഹൻലാലുമായും നല്ലൊരു ആത്മബന്ധം സ്റ്റീഫനുണ്ട്. തങ്ങളെ അടുപ്പിച്ചത് സംഗീതമാണെന്നാണ് സ്റ്റീഫൻ പറഞ്ഞത്. ലാലേട്ടനുമായുള്ള അടുപ്പം വന്നത് അദ്ദേഹത്തിന് സംഗീതത്തോടുള്ള ഇഷ്ടം കൊണ്ടും എനിക്ക് അദ്ദേഹത്തോടുള്ള ആരാധന കൊണ്ടുമാകും.

ഒരിക്കൽ എന്റെ ലൈവ് പെർഫോമൻസ് കഴിഞ്ഞ് ലാലേട്ടൻ സ്റ്റേജിൽ കയറി വന്നു. ഉടൻ ഞാൻ കാൽതൊട്ട് അനുഗ്രഹം വാങ്ങിക്കാൻ പോയി. എന്നാൽ അദ്ദേഹം അതിന് സമ്മതിച്ചില്ല. പകരം കയ്യിൽ ഒരു ഉമ്മ തന്നു. എപ്പോഴും അദ്ദേഹത്തെ കാണാനുള്ള അവസരം കിട്ടാറുണ്ടെന്നും സ്റ്റീഫൻ പറയുന്നു. പിന്നീട് കുടുംബത്തെ കുറിച്ചും താരം സംസാരിച്ചു.
ദൈവമാണ് എല്ലാമെന്ന് ചിന്തിക്കുന്നവരാണ് എന്റെ അച്ഛനും അമ്മയും. ഡാഡി മ്യൂസിക്കിനോട് ഇഷ്ടമുള്ളയാളാണ്. ചേട്ടൻ വയലിൻ വായിക്കും. മ്യൂസിക്കിൽ നിന്ന് കഴിഞ്ഞാൽ പ്രശ്നമുണ്ടാകില്ലെന്ന് ചിന്തിക്കുന്നവരാണ് എന്റെ കുടുംബത്തിലുള്ളത്. പാടരുത് എന്നൊന്നും പറഞ്ഞിട്ടില്ല.
മ്യൂസിക്ക് പ്രൊഫഷനാക്കുന്നുവെന്ന് പറഞ്ഞപ്പോൾ അവർക്ക് ഒരു ചെറിയ ടെൻഷനുണ്ടായിരുന്നു. അന്നും ഇന്നും അവർക്ക് ആ ടെൻഷനുണ്ട്. ഞങ്ങളുടേത് പെന്തകോസ്ത് കുടുംബമായതുകൊണ്ട് അമ്മയ്ക്ക് ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരു ചെറിയ വിഷമമാണ്.
പിന്നെ എനിക്ക് പെണ്ണുകിട്ടില്ലെന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ കിട്ടിയപ്പോൾ അത് ബോണസായി. ഡാഡി കണ്ടുപിടിച്ചതാണ്. നമ്മൾ തലയിടേണ്ട ആവശ്യം വന്നില്ല. പ്രേമിച്ച് വീട്ടിലേക്ക് ചെല്ലേണ്ടെന്ന് പലപ്പോഴായി എന്നോട് ഇൻഡയറക്ട്ലി വീട്ടുകാർ സൂചിപ്പിച്ചിരുന്നു.
കരിയറിന്റെ കാര്യം ഞാനും പെണ്ണിന്റെ കാര്യം വീട്ടുകാരും ഏറ്റെടുത്ത് ചെയ്ത് തന്നു. ഒരു സുപ്രഭാതത്തിൽ പെണ്ണ് കാണാൻ പോയി. നാല് മാസം കഴിഞ്ഞപ്പോൾ വിവാഹം കഴിഞ്ഞു. സെറ്റായി വരാൻ കുറച്ച് കാലം എടുത്തുവെന്നാണ് ഭാര്യയെ കുറിച്ച് സംസാരിക്കവെ സ്റ്റീഫൻ പറഞ്ഞത്. ഏക മകനും സ്റ്റീഫന്റെ വഴിയെ സംഗീതത്തിലാണ് കൂടുതൽ ശ്രദ്ധ.


Click it and Unblock the Notifications











