'ഒരുപാടുകാലം ജീവിക്കേണ്ട വ്യക്തിയായിരുന്നു, ജീവിതത്തിന് വില കൊടുക്കാതെ ഗിരീഷ് നശിപ്പിച്ചു'; വിദ്യാസാഗർ!
'എനിക്ക് പൂരിപ്പിക്കപ്പെടാതെ കിടക്കുന്നൊരു പ്രണയമുണ്ട്... പൂരിപ്പിക്കപ്പെടാതെ കിടക്കുന്നൊരു മരണമുണ്ട്... അതിനിടയ്ക്ക് കിട്ടുന്ന പൂരിപ്പിക്കപ്പെടാത്തൊരു ജീവിതമുണ്ട്. ബാക്കിവെച്ച പ്രണയമാണെന്റെ എഴുത്ത്...' എന്നാണ് ഗിരീഷ് പുത്തഞ്ചേരിയെന്ന അതുല്യ പ്രതിഭ തന്റെ എഴുത്തുകളെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ പറഞ്ഞത്.
രണ്ട് പതിറ്റാണ്ട് കാലം മലയാള സിനിമയുടെ ഗാനശാഖയെ തന്നിലേക്ക് ആവാഹിച്ച കാവ്യപ്രപഞ്ചമാണ് ഗിരീഷ് പുത്തഞ്ചേരി. പറഞ്ഞ് തുടങ്ങിയാൽ അവസാനിക്കാത്ത അത്രത്തോളം പാട്ടുകൾ മലയാളിക്ക് സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോയത്.
ഗിരീഷ് പുത്തഞ്ചേരിയെക്കാൾ മികച്ച ഗാനരചയിതാക്കൾ മലയാളത്തിലുണ്ടാവാം... പക്ഷെ അദ്ദേഹത്തെപോലെ മനുഷ്യ വികാരങ്ങളെ ഹൃദ്യമായി വരികളിലേക്ക് ചേർത്ത എഴുത്തുകാർ കുറവായിരിക്കും. അതുകൊണ്ടാണ് ഗിരീഷ് പുത്തഞ്ചേരിയെന്ന പ്രതിഭയെ ഒരു നിധിയായി മലയാളികൾ കരുതുന്നത്.
ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ എന്നേക്കും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒട്ടനവധി ഗാനങ്ങൾ അദ്ദേഹം മലയാളിക്ക് തരുമായിരുന്നു. 'പച്ചവെള്ളം പോലെ ശുദ്ധനായ മനുഷ്യനാണ് ഗിരീഷ്' എന്നാണ് ഒരിക്കൽ കൈതപ്രം അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്.

ഇപ്പോഴിതാ സംഗീത സംവിധായകൻ വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരിയുമായുള്ള സൗഹൃദത്തെ ഓർത്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ സുഹൃത്തിനെ വിദ്യാസാഗർ അനുസ്മരിച്ചത്. സ്വന്തം ജീവിതത്തിന് വില കൊടുക്കാതെ ഗിരീഷ് അത് നശിപ്പിച്ചു എന്നത് തന്നെ സങ്കടപ്പെടുത്തിയെന്ന് വിദ്യാസാഗർ പറയുന്നു.
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, വർണ്ണപ്പകിട്ട്, പ്രണയവർണ്ണങ്ങൾ തുടങ്ങി ഒട്ടനവധി സിനിമകളിലെ ഗാനത്തിന് വേണ്ടി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 'ആളുകൾ വരുന്നതും പോകുന്നതും ജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ വളരെ ചെറുപ്പത്തിൽ തന്നെ പ്രിയപ്പെട്ടവരുടെ ജീവൻ പോകുന്നത് ചിന്തിക്കാൻ കഴിയുന്ന ഒന്നല്ല.'
'സ്വാഭാവിക കാരണങ്ങൾ കൊണ്ട് മരിക്കുന്നത് നമുക്ക് മനസിലാക്കാം. അത് മനസിനും പറഞ്ഞാൽ മനസിലാകും. പക്ഷെ ഗിരീഷ് പുത്തഞ്ചേരിയുടെ കാര്യത്തിൽ അദ്ദേഹം ഇനിയും ഒരുപാട് വർഷങ്ങൾ നന്നായി ജീവിക്കേണ്ട വ്യക്തിയായിരുന്നു. ഗിരീഷ് പക്ഷെ സ്വന്തം ജീവിതത്തിന് വില കൊടുക്കാതെ നശിപ്പിച്ചു. അത് ആലോചിക്കുമ്പോൾ വേദന തോന്നാറുണ്ട്'.
'നല്ലൊരു ഗാനരചയിതാവും കവിയുമായിരുന്നു ഗിരീഷ്. ഒരു നിധിയല്ലേ അദ്ദേഹം...' വിദ്യാസാഗർ പറയുന്നു. ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത്. പിന്നെ ചലച്ചിത്രരംഗത്തേക്ക് കടന്നു. രണ്ട് പതിറ്റാണ്ടിനിടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 1500ലേറെ പാട്ടുകള്‍ അദ്ദേഹം എഴുതി. ചുരുങ്ങിയ കാലം കൊണ്ട് ആ സര്‍ഗപ്രതിഭ നമുക്ക് സമ്മാനിച്ചത് പാട്ടിന്റെ വസന്തമാണ്.

പ്രണയവും വിരഹവും വാത്സല്യവും നിറഞ്ഞ വരികളിലൂടെ ആ പാട്ടുകളൊക്കെയും സൂപ്പര്‍ഹിറ്റുകളായി മാറി. 'ഒരു രാത്രി കൂടി വിടവാങ്ങവേ...' എന്ന സമ്മർ ഇൻ ബെത്ലഹേമിലെ ഗാനത്തിലൂടെയാണ് പലപ്പോഴും അദ്ദേഹത്തെ ആളുകൾ ഓർക്കാറുള്ളത്. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് 2010 ഫെബ്രുവരി 10നാണ് ഗിരീഷ് പുത്തഞ്ചേരി യാത്രയായത്.
ഇരുപത്തിയഞ്ച് കൊല്ലത്തിൽ അധികമായി മലയാള സിനിമയുടെ ഭാഗമാണ് വിദ്യാസാഗർ. ആന്ധ്രാ സ്വദേശിയായിരുന്നിട്ടും മലയാളിയുടെ മനസ് മനസിലാക്കി അദ്ദേഹം സംഗീതം സൃഷ്ടിക്കുന്നതെങ്ങനെ എന്നത് ഇന്നും പലരും വിസ്മയത്തോടെ ചോദിക്കുന്ന ഒന്നാണ്.
1988ൽ പുറത്തിറങ്ങിയ പറവൈകൾ പലവിധം എന്ന തമിഴ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കിയാണ് വിദ്യാസാഗർ സിനിമയിലേക്ക് എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതമൊരുക്കി.
ശേഷം 1996ൽ പുറത്തിറങ്ങിയ അഴകിയ രാവണനിലൂടെ മലയാളത്തിലെത്തി. പ്രണയവർണങ്ങൾ, ദേവദൂതൻ എന്നീ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയതിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരവും വിദ്യാസാഗറിന് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











