പത്ര പരസ്യം കണ്ട് ഫോട്ടോ അയക്കുകയായിരുന്നു, മുപ്പത് പേരിൽ നിന്നും എനിക്ക് മാത്രം സെലക്ഷൻ; അരുൺ പറഞ്ഞത്!
ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അരുണ്‍ ചെറുകാവില്‍. ഫോര്‍ ദി പീപ്പിളിലെ കഥാപാത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിലെ ഡികാപ്രിയോ എന്നൊരു വിശേഷണവും അരുണിനുണ്ട്. നാൽപ്പത്തിരണ്ടുകാരനായ താരം ഒരു സമയത്ത് പെൺകുട്ടികൾക്കെല്ലാം പ്രിയപ്പെട്ട താരമായിരുന്നു.
ഇരുപത്തിയാറ് വർഷത്തെ സിനിമ ജീവിതത്തിനിടെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യാനുമുള്ള അവസരം അരുണിന് ലഭിച്ചിരുന്നു. പക്ഷെ ഈ നടനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സിനിമാ പാരമ്പര്യമൊന്നും അരുണിന് അവകാശപ്പെടാനില്ല. അതിനാൽ തന്നെ ഓഡീഷൻ വഴിയാണ് ആദ്യ സിനിമ ലഭിച്ചത്.

ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ എൻട്രിക്ക് പിന്നിലെ കഥ അരുൺ പങ്കുവെയ്ക്കുന്നതാണ് വൈറലാകുന്നത്. സിനിമയിലേക്ക് ഞാൻ നടത്തിയത് വളരെ നോർമൽ എൻട്രിയായിരുന്നു. അഭിനയിക്കാൻ ആളുകളെ ആവശ്യമുണ്ട്. പ്ലസ് ടു സ്റ്റുഡന്റ്സിനെ ആവശ്യമുണ്ട് എന്ന ഒരു പത്ര പരസ്യം കണ്ടിട്ടാണ് വെറുതെ ആദ്യമായി ഫോട്ടോ അയച്ച് കൊടുത്തത്.
അങ്ങനെ ഒരു ഇന്റർവ്യു കോൾ വന്നു. അതിൽ പങ്കെടുത്തു സെലക്ടഡായി. മുപ്പതോളം വിദ്യാർത്ഥികൾ ആ ഓഡീഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതിൽ നിന്നാണ് ഞാൻ സെലക്ടഡായത്. അവരിൽ നിന്നും ഒരാളായി സെലക്ടഡായ ശേഷം ഞാൻ ചെയ്ത സിനിമയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ. എന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് സിനിമ ജീവിതത്തിലെ ആദ്യത്തെ ഷോട്ട് മോഹൻലാലിന് ഒപ്പമായിരുന്നു എന്നതാണ്.
അദ്ദേഹത്തിന് അധ്യാപകന്റെ റോൾ ആയിരുന്നു. അദ്ദേഹത്തിന് മുന്നിൽ ഒരു അസൈൻമെന്റ് ഞാൻ സബ്മിറ്റ് ചെയ്യുന്നതായിരുന്നു ആദ്യത്തെ ഷോട്ട്. എനിക്ക് അത് വളരെ സിംബോളിക്കായി തോന്നി. നമ്മൾ എല്ലാവരും ആരാധിക്കുന്ന വലിയ നടന്റെ മുന്നിൽ ചെന്ന് സാർ ഞാൻ സിനിമാ ജീവിതം തുടങ്ങുകയാണ് എന്ന് പറയാതെ പറയുന്നത് പോലൊരു രംഗമായി എനിക്ക് അത് തോന്നി.
എല്ലാ മലയാളികൾക്കും മോഹൻലാൽ സിനിമയോടും ആ നടനോടും ആരാധനയാണ്. അദ്ദേഹത്തിന്റെ പെർഫോമൻസുകൾ കണ്ട് സിനിമയോട് ഇഷ്ടം തോന്നിയിട്ട് ഈ ഫീൽഡിലേക്ക് വന്ന ആളാണ് ഞാനും. അതുപോലെ ഫാസിൽ സാർ വഴി സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യപ്പെട്ടു എന്നതും വലിയ സന്തോഷമുള്ള കാര്യമാണ്. ഫാസിൽ സാർ മറ്റുള്ള സംവിധായകരിൽ നിന്നും വ്യത്യസ്തനാണ്.

അദ്ദേഹം അഭിനയിച്ച് കാണിച്ച് തരും നമ്മൾ അത് കോപ്പി ചെയ്താൽ മാത്രം മതി. എളുപ്പമുള്ള പ്രോസസാണ്. പ്രധാന വേഷം ചെയ്തത് ഫോർ ദി പീപ്പിളിലാണ്. സിനിമയെ തുടർന്നും പിന്തുടരാൻ മാനസീകമായി കരുത്ത് തന്നത് ഫോർ ദി പീപ്പിളിന്റെ വിജയമാണ്. ആ സിനിമയ്ക്കുശേഷം ഒരുപാട് ഓഫറുകൾ വന്നു. അതിനുശേഷമാണ് സിനിമയെ കൂടുതൽ വിശ്വസിച്ച് തുടങ്ങിയത്.
സിനിമയിൽ തുടരാം എന്ന തീരുമാനം എടുത്തതും ഈ സിനിമയ്ക്ക് ശേഷമാണ്. ഫോർ ദി പീപ്പിൾ സിനിമയുടെ റിലീസിനുശേഷം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഞങ്ങൾ സഞ്ചരിച്ചിരുന്നു. തിയേറ്റർ വിസിറ്റ് നടത്തിയതുകൊണ്ട് തന്നെ ജനങ്ങളിൽ നിന്നും സ്ട്രെയ്റ്റ് റെസ്പോൺസ് കിട്ടി. ജയരാജ് സിനിമകളുടെ ഭാഗമാവുക എന്നാൽ വീട്ടിൽ പോകുന്നത് പോലൊരു അനുഭവമാണ് എനിക്ക്.
കൂളായി സിനിമ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. തെറ്റിച്ചാൽ അദ്ദേഹം ഒരു അധ്യാപകനെപ്പോലെ ശാസിക്കുകയും ചെയ്യും. ആദ്യമായി തിരക്കഥ വായിച്ചത് അമൃതം സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോഴാണ്. അതിന് മുമ്പും സിനിമകൾ ചെയ്തിരുന്നുവെങ്കിലും തിരക്കഥ വായിക്കാൻ പറ്റിയിട്ടില്ലെന്നും അരുൺ പറയുന്നു.


Click it and Unblock the Notifications

















