സിനിമയോട് വിടപറയാൻ മിഷ്കിൻ: സന്തോഷത്തോടെ ജോലി ചെയ്തിരുന്ന കാലം കഴിഞ്ഞു
തമിഴ് സിനിമയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സംവിധായകരിൽ ഒരാളാണ് മിഷ്കിൻ. 2006ൽ ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതത്തിന് തുടക്കമിട്ട ബഹുമുഖ പ്രതിഭ, ഇന്ന് ഒരു നടനെന്ന നിലയിൽ കൂടി പ്രശസ്തനാണ്. എന്നാലിപ്പോൾ, സിനിമാ രംഗത്തോട് വിടപറയണമെന്ന തീരുമാനത്തിലാണ് മിഷ്കിൻ എന്നാണ് അറിയുന്നത്. അടുത്ത സുഹൃത്തും പ്രശസ്ത സംവിധായകനുമായ റാം ഒരുക്കുന്ന പറന്ത് പോ എന്ന സിനിമയുടെ ലോഞ്ച് പരിപാടിയിൽ വച്ചാണ് മിഷ്കിൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.
സിനിമ വിടാൻ മിഷ്കിൻ
മുൻപ് പല പരിപാടികളിലും വച്ച് സിനിമയിൽ നിന്ന് വിടവാങ്ങുന്നതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുള്ള മിഷ്കിൻ, അടുത്തിടെ നടന്ന പറന്ത് പോ എന്ന സിനിമയുടെ ലോഞ്ച് പരിപാടിയിൽ വച്ച് നടത്തിയ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അധികം വൈകാതെ താൻ സിനിമ വിടുമെന്നാണ് പ്രശസ്ത സംവിധായകൻ പ്രേക്ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ വെളിപ്പെടുത്തിയത്.

സിനിമയിൽ നിന്ന് തനിക്ക് സന്തോഷം ലഭിച്ചിരുന്നു, പക്ഷെ ആ കാലം കഴിഞ്ഞു പോയി എന്നാണ് തന്റെ പ്രസംഗത്തിൽ മിഷ്കിൻ പറഞ്ഞത്. ഇന്ന് സിനിമയിൽ സമ്മർദം മാത്രമേയുള്ളു, സന്തോഷമില്ല. "ഞാൻ ഉടൻ തന്നെ സിനിമാ രംഗം വിടാൻ ആഗ്രഹിക്കുകയാണ്. ഞാൻ ഇന്ന് സിനിമയിൽ ഒട്ടും സന്തോഷവാനല്ല. പണ്ട് സിനിമകളിൽ ജോലി ചെയ്യുമ്പോൾ ഒരു സന്തോഷം ലഭിച്ചിരുന്നു. പക്ഷെ ആ കാലമൊക്കെ കഴിഞ്ഞു," പ്രേക്ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തി.
പ്രസംഗത്തിനിടെ വളരെ വികാരാധീനനായി കാണപ്പെട്ട മിഷ്കിൻ, തമിഴ് സിനിമ ഇൻഡസ്ട്രിയുടെ മാറുന്ന ശൈലിയുമായി തനിക്ക് ഒത്തു പോകാൻ സാധിക്കുന്നില്ല എന്നും വെളിപ്പെടുത്തി. "ഇന്ന് ഇവിടെ ഒരുപാട് മത്സരങ്ങളുണ്ട്. ഇതിന് പുറമെ ട്രേഡ് കാരണം നേരിടുന്ന ബുദ്ധിമുട്ടുകളും," തുപ്പരിവാളൻ ഡയറക്ടർ പറഞ്ഞു. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, തന്റെ ഹൊറർ ചിത്രമായ പിസാസ് 2ന്റെ റിലീസിന് നേരിടുന്ന തടസ്സങ്ങൾ കാരണം കടുത്ത നിരാശയിലാണ് സീനിയർ സംവിധായകൻ.

മിഷ്കിന്റെ സിനിമാ ജീവിതം
2006ൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ നരേൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെയാണ് മിഷ്കിൻ സംവിധായകനായി അരങ്ങേറിയത്. പിന്നീട്, 2008ൽ പുറത്തിറങ്ങിയ അഞ്ചാതെ, അദ്ദേഹത്തെ തമിഴ് സിനിമയുടെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയിലേക്ക് ഉയർത്തി. തന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ നന്ദലാല എന്ന ചിത്രത്തിലൂടെ നായക നടനായി കൂടി സംവിധായകൻ അരങ്ങേറി. മിഷ്‌കിന്റെ യുദ്ധം സെയ്, ഓനായും ആട്ടിൻകുട്ടിയും, പിസാസ്, തുപ്പരിവാളൻ, സൈക്കോ തുടങ്ങിയ ചിത്രങ്ങൾ വലിയ പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. പിസാസ് 2, ട്രെയിൻ എന്നിവയാണ് പുറത്തിറങ്ങാൻ ഇരിക്കുന്ന മിഷ്കിൻ ചിത്രങ്ങൾ.
2002ൽ വിജയ് നായകനായ യൂത്ത് എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ വെള്ളിത്തിരയിൽ ആദ്യം പ്രത്യക്ഷപ്പെട്ട മിഷ്കിൻ, താൻ തന്നെ സംവിധാനം ചെയ്ത നന്ദലാലയിലാണ് ആദ്യമായി നായകനായത്. പിന്നീട്, ഓനായും ആട്ടിൻകുട്ടിയും, സൂപ്പർ ഡീലക്സ്, മഹാവീരൻ, ലിയോ, തുടങ്ങിയ അനേകം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ആദ്ദേഹം അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഡ്രാഗൺ എന്ന സിനിമയിൽ പ്രിൻസിപ്പൽ എസ് മയിൽവാഹനമായുള്ള മിഷ്‌കിന്റെ പ്രകടനം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത് ചിത്രം ഐ ആം ഗേമിലൂടെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ് മിഷ്കിൻ ഇപ്പോൾ.


Click it and Unblock the Notifications











