'വിജയശ്രീയെക്കുറിച്ച് ചോദിക്കുമ്പോൾ ബോബച്ചന്റെ പ്രതികരണം; അതിന് ശേഷമാണ് കുഞ്ചാക്കോ ബോബന്റെ ഉയർച്ച'
ഉദയ സ്റ്റുഡിയോയെയും പഴയ കാല നടി വിജയശ്രീയെക്കുറിച്ചുമുള്ള കഥകൾ സിനിമാ ലോകത്ത് ഇന്നും പ്രചരിക്കുന്നുണ്ട്. ഉദയ സ്റ്റുഡിയോ നിർമ്മിച്ച പൊന്നാപുരം കോട്ട എന്ന സിനിമയിലുണ്ടായ വഞ്ചന കാരണമാണ് വിജയശ്രീ ആത്മഹത്യ ചെയ്തതെന്ന് ഇപ്പോഴും വാദമുണ്ട്. ഉദയ സ്റ്റുഡിയോയെയും അന്തരിച്ച നിർമാതാവ് കുഞ്ചാക്കോയെയും പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് നിരവധി കഥകൾ സിനിമാ ലോകത്ത് പ്രചരിക്കുന്നു.
പിൽക്കാലത്ത് കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോ ഉദയ സ്റ്റുഡിയോ വിറ്റതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷറഫ്. തന്റെ യൂട്യൂബ് ചാനലിലാണ് ഇദ്ദേഹം മനസ് തുറന്നത്. ദുബായിലുള്ള ഒരു സ്വർണ ബിസിനസുകാരൻ ഉദയ സ്റ്റുഡിയോയുടെ ഒരു ഓഹരി വാങ്ങാൻ തയ്യാറായി. എന്നാൽ ഒരു നിബന്ധന ഇയാൾ വെച്ചിരുന്നു.

എനിക്കൊരു ജ്യോത്സ്യനുണ്ട്. അയാളോട് ചോദിച്ചിട്ടേ എന്ത് ബിസിനസും ചെയ്യാറുള്ളൂ എന്ന് അയാൾ പറഞ്ഞു. തനിക്കതിലൊന്നും വിശ്വാസമില്ലായിരുന്നു. ജോത്സ്യൻ വരുന്ന ദിവസം ഞാൻ കാറുമായി എയർപോർട്ടിൽ ചെന്നു. ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ റൂമെടുത്ത് താമസിപ്പിച്ചു. രാവിലെ ഈ ജ്യോത്സ്യൻ ഉദയ സ്റ്റുഡിയോയിൽ വന്നപ്പോഴുള്ള സംഭവങ്ങളും ആലപ്പി അഷറഫ് വിശദീകരിച്ചു.
ജ്യോത്സ്യനെയും കൊണ്ട് ഞാൻ ഉദയ സ്റ്റുഡിയോയുടെ കുറച്ച് കൂടെ ഉള്ളിൽ ഡബ്ബിംഗ് സ്റ്റുഡുയോയ്ക്കടുത്ത് നിർത്തി. അദ്ദേഹം ഇറങ്ങി. ഒരു ചെറിയ വടിയുണ്ട്. എല്ലാം നോക്കി. അയാൾ വടിയുമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പത്ത് ഇരുപത് മിനുട്ടോളം അദ്ദേഹം പല ദിക്കുകളിലേക്ക് മാറി പോകുന്നത് ഞാൻ ശ്രദ്ധിച്ചു. ഉദയ സ്റ്റുഡിയോയുടെ പറമ്പ് മുഴുവൻ ഓടി നടന്ന ശേഷം കിതച്ച് കൊണ്ട് പരിഭ്രാന്തനായി വന്നു.

ഇവിടെ ഒരു സ്ത്രീയുടെ നിലവിളി കേൾക്കുന്നു, കുറേ തേങ്ങലുകൾ വേറെയും കേൾക്കുന്നു, ഇത് സ്ത്രീ ശാപമുള്ള സ്ഥലമാണ്, ഇതെടുക്കുന്നവൻ ആറ് മാസത്തിൽ കൂടുതൽ ജീവിക്കില്ല എന്നയാൾ പറഞ്ഞു. ബോബച്ചനും ഭാര്യയും ദൂരെ ഓഫീസിന് അടുത്ത് നിൽക്കുന്നത് എനിക്ക് കാണാം. ഈ വിവരം ബോബച്ചനോട് ഞാൻ പറഞ്ഞില്ല. ആ കച്ചവടം നടന്നില്ലെന്നും ആലപ്പി അഷറഫ് ചൂണ്ടിക്കാട്ടു. പിന്നീട് മറ്റൊരാൾ ഉദയ സ്റ്റുഡിയോ വാങ്ങിയപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
കൊച്ചിയിലുള്ള ഫിഷറീസ് ബിസിനസുകാരൻ ഉദയ സ്റ്റുഡിയോ ബോബച്ചന്റെ കൈയിൽ നിന്നും വിലയ്ക്ക് വാങ്ങി. ഒരു ദിവസം ബോബച്ചൻ കൊച്ചി വരെ പോകണമെന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഒരു മരണമുണ്ടെന്ന് പറഞ്ഞു. ആരാ മരിച്ചതെന്ന് ചോദിച്ചപ്പോൾ നമ്മുടെ സ്റ്റുഡിയോ വാങ്ങിച്ച ജോസഫാണ്, ഹാർട്ട് അറ്റാക്കായിരുന്നു 52 വയസേയുള്ളൂ എന്ന് ബോബച്ചൻ പറഞ്ഞു.
ഞാൻ ഞെട്ടിത്തരിച്ചു. ആ ജോത്സ്യൻ പറഞ്ഞത് സത്യമായി. ബോബച്ചനോട് ഒന്നും പറഞ്ഞില്ല. മരണ വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. എനിക്കൊരു കാര്യം പറയാനുണ്ട്, അത് പറയാതെ സമാധാനമാകില്ലെന്ന് ഞാൻ ബോബച്ചനോട് പറഞ്ഞു. എന്താണ് കാര്യമെന്ന് അദ്ദേഹം. ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു. ബോബച്ചൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല.
കുറച്ച് കഴിഞ്ഞ് ഒരു കാര്യം അങ്ങോട്ട് പറയട്ടെയെന്ന് അദ്ദേഹം. ഞങ്ങളുടെ ജോത്സ്യൻ ഞങ്ങളോട് പറഞ്ഞത് ഇത് നിങ്ങളുടെ തലയിൽ നിന്ന് പോയാലേ നിങ്ങൾ രക്ഷപ്പെടൂ എന്നാണ്, അതാണ് സ്റ്റുഡിയോ കൊടുക്കാനുള്ള കാരണമെന്നാണ് ബോബച്ചൻ പറഞ്ഞത്. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ മകൻ കുഞ്ചാക്കോ ബോബൻ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് അടി വെച്ച് പറന്നതെന്നും ആലപ്പി അഷറഫ് ചൂണ്ടിക്കാട്ടി. വിജയശ്രീയുടെ കാര്യം ബോബച്ചനോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇതേക്കുറിച്ച് ഒന്നും മിണ്ടാറില്ലായിരുന്നെന്നും ആലപ്പി അഷറഫ് പറഞ്ഞു.


Click it and Unblock the Notifications











