എനിക്കതെല്ലാം ഓരോ ട്രോമകളാണ്, അവർക്കൊരു ഇരയെ കിട്ടിയത് പോലെ; ഗോസിപ്പുകൾ വേട്ടയാടി; മൈഥിലി
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മൈഥിലി. ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കരിയറിലെ തുടക്ക കാലത്ത് മൈഥിലിക്ക് സാധിച്ചു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് മൈഥിലി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. വൈകാതെ മലയാളത്തിലെ മുൻനിര നായിക നടിയായി മൈഥിലി മാറി. എന്നാൽ ഒരു ഘട്ടത്തിൽ മൈഥിലി സിനിമകളിൽ സജീവമല്ലാതായി. ഗോസിപ്പുകൾ വേട്ടയാടിയ ഒരു കാലം മൈഥിലിക്കുണ്ടായിരുന്നു.
ഇപ്പോഴിതാ സിനിമാ രംഗത്ത് ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് മൈഥിലി. സിനിമയിലേക്ക് അവസരമെന്ന് പറഞ്ഞ് വ്യാജ കോളുകൾ വരാനുള്ള സാധ്യതയുണ്ടെന്ന് മൈഥിലി പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. കഴിഞ്ഞ ദിവസം എനിക്കൊരു സിനിമ വന്നു. ഇന്നയാളുടെ പടമാണെന്ന് പറഞ്ഞു. സ്ക്രിപ്റ്റ് വായിക്കാൻ പറഞ്ഞു. ഇപ്പോൾ പടം ചെയ്യുന്നില്ലെന്ന് ഞാൻ. പക്ഷെ ഇവർ തുടരെ വിളിച്ചപ്പോൾ ഞാൻ അന്വേഷിച്ചു.

അങ്ങനെയാെരു പടം ഇല്ലെന്ന് അറിഞ്ഞു. നമ്മളോട് ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ സാധാരണ പെൺകുട്ടികളോട് എന്തൊക്കെയായിരിക്കും ചെയ്യുന്നത്. അത് മനസിലാക്കണം. അതൊക്കെയാണ് പുറത്തേക്ക് വരേണ്ടത്. പുതിയ ആളുകൾ സിനിമാ രംഗത്തേക്ക് വരുമ്പോൾ സ്വന്തം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മൈഥിലി വ്യക്തമാക്കി.
തന്റെ വിവാഹ വാർത്ത വളച്ചൊടിച്ചത് ഉൾപ്പെടെയുള്ള ഗോസിപ്പുകളെക്കുറിച്ചും മൈഥിലി സംസാരിച്ചു. എനിക്കതൊക്കെ ഓരോ ട്രോമകളാണ്. ഒരു സംഭവത്തിൽ കേസ് കൊടുക്കുമ്പോൾ മറുവശത്ത് മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ഇടപെടുന്നു. അത് തെറ്റാണെന്നും മൈഥിലി വ്യക്തമാക്കി. തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെ ഉടനെ പരാതി നൽകണം. ഇവർ നിർത്തുമായിരിക്കുമെന്ന് നമ്മൾ കരുതും. പക്ഷെ അവർ നിർത്തില്ല. അവർക്കൊരു ഇരയെ കിട്ടിയത് പോലെയാണെന്നും മൈഥിലി പറയുന്നു.

താൻ സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നവരുള്ളതിൽ വളരെ സന്തോഷമുണ്ടെന്നും മൈഥിലി പറയുന്നു. ഞാൻ വളരെ ഡൗൺ ആയിരുന്ന സമയത്ത് വെറുതെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ സിനിമയിലേക്ക് തിരിച്ച് വാ എന്ന് നിരവധി പേർ കമന്റ് ചെയ്തു. ആ നിമിഷം എന്റെ മനസിൽ അത്രയും മൂല്യമുള്ളതാണ്.
ഞാൻ സിനിമകൾ ചെയ്യുന്നതിൽ ഭർത്താവ് സമ്പത്തിന് കുഴപ്പമൊന്നും ഇല്ല. നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് സമ്പത്ത് മൈഥിലി വ്യക്തമാക്കി. കരിയറിനൊപ്പം കുടുംബ ജീവിതത്തിലേക്കും മൈഥിലി ഇന്ന് ശ്രദ്ധ നൽകുന്നു. ആർക്കിടെക്ട് ആണ് മൈഥിലിയുടെ ഭർത്താവ് സമ്പത്ത്. ഇരുവർക്കും ഒരു മകനുമുണ്ട്.
മൈഥിലിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം നടിയുടെ ആദ്യ ചിത്രം പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ റീ റിലീസ് ചെയ്തു. കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്നത് നടിയുടെ ആദ്യ ചിത്രമാണ്. സോൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷമാണ് മെെഥിലി ചെയ്തത്.


Click it and Unblock the Notifications











