എനിക്കൊരു കുടുംബമുണ്ടെന്ന് അന്ന് ആരെങ്കിലും ആലോചിച്ചോ; വിവാഹം പോലും വിറ്റ് കാശാക്കിയവരുണ്ട്; മൈഥിലി
മലയാള സിനിമാ രംഗത്ത് മികച്ച തുടക്കം ലഭിച്ച നടിയാണ് മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ആദ്യ ചിത്രം ഇന്നും മൈഥിലിയുടെ കരിയറിൽ ഏവരും എടുത്ത് പറയുന്നു. സിനിമാ രംഗത്ത് സജീവമായിക്കൊണ്ടിരിക്കെ ചില വിവാദങ്ങളിൽ മൈഥിലി അകപ്പെട്ടു. തന്നെക്കുറിച്ച് വന്ന തെറ്റായ വാർത്തകൾക്കെതിരെ നടി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ആ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് മൈഥിലി.
ഇന്ന് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ താൻ ഒറ്റയ്ക്കായിരുന്നെന്ന് മൈഥിലി പറയുന്നു. വൺ 2 ടോക്സിനോടാണ് പ്രതികരണം. ഞാൻ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ബുള്ളിയിങ്ങിന് ഇരയായ പെൺകുട്ടിയാണ്. എനിക്കൊരു കുടുംബമുണ്ടെന്ന് അന്ന് ആരെങ്കിലും ആലോചിച്ചോ. അന്നും ഇന്നും ആരും കൂടെ നിന്നിട്ടില്ല. ഇപ്പോഴും ഒറ്റയ്ക്കാണ് ഫൈറ്റ് ചെയ്ത് മുന്നോട്ട് പോകുന്നത്. എന്റെ വിവാഹം പോലും വിറ്റ് കാശാക്കിയവരുണ്ട്.

എത്ര കാലമാണ് എന്നെ വേട്ടയാടിയത്. ഞാനത് അതിജീവിച്ചു. നമുക്ക് നമ്മൾ മാത്രമേയുള്ളൂ. എന്തൊക്കെ വന്നാലും സ്വയം അതിജീവിച്ചേ പറ്റൂ. മറ്റാർക്കും ഒന്നും ചെയ്യാൻ പറ്റില്ല. മുന്നോട്ടാണ് പോകേണ്ടത്. അതുകൊണ്ട് പിന്നിലേക്ക് നോക്കുന്നില്ല. എല്ലാ മാധ്യമങ്ങളെയുമല്ല പറയുന്നത്. അതിനായി ഇറങ്ങിത്തിരിച്ച ആൾക്കാരുണ്ട്. എത്ര കേസ് കൊടുക്കാൻ പറ്റും. ഞാൻ ഇരുപതോളം കേസുകൾ നൽകിയിട്ടുണ്ടെന്നും മൈഥിലി പറയുന്നു.
ഈ സംഘടനകളോടൊന്നും എനിക്ക് എതിർപ്പില്ല. പക്ഷെ എന്റെ വ്യക്തിപരമായ അനുഭവത്തിൽ എന്റെയൊരു കേസ് വന്നപ്പോൾ ഡബ്ല്യുസിസി ഇത് പോലെ പോസ്റ്റിട്ടു. എനിക്ക് എല്ലാ വിധ സപ്പോർട്ടും നേരുന്നു എന്നാണ് പോസ്റ്റ്. പക്ഷെ അതിൽ എന്റെ സുഹൃത്തുക്കൾ അടക്കമുള്ള സ്ത്രീകളുണ്ട്. അതിൽ ഒരാൾ പോലും എന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചിട്ടില്ല.

അതിൽ ഇപ്പോഴും വിഷമമുണ്ട്. എനിക്കാരുടെയും സപ്പോർട്ട് വേണ്ട. എനിക്ക് ഡബ്ല്യുസിസിയെക്കുറിച്ച് കൂടുതൽ അറിയില്ല. അതും ഒരു ഗ്രൂപ്പാണെന്നാണ് തനിക്ക് തോന്നുന്നതെന്നും മൈഥിലി അഭിപ്രായപ്പെട്ടു. ജനശ്രദ്ധയ്ക്ക് വേണ്ടി മാത്രമാണോ ഇവരിങ്ങനെ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. എന്റെ മാത്രം തോന്നലായിരിക്കാം. ഞാൻ ഒരു സംഘടനയെയും കുറ്റപ്പെടുത്തുകയല്ല.
എല്ലാവരും തനിക്ക് പ്രിയപ്പെട്ടവരാണെന്നും മൈഥിലി തുറന്ന് പറഞ്ഞു. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും മൈഥിലി ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കരിയറിൽ ഇടയ്ക്കിടെ ചില ഇടവേളകൾ മൈഥിലിക്ക് വന്നിട്ടുണ്ട്. നടി സിനിമാ രംഗത്ത് സജീവ സാന്നിധ്യമാകണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. പാലേരി മാണിക്യം, സോൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത് തുടങ്ങിയവയാണ് മൈഥിലിയുടെ കരിയറിലെ ശ്രദ്ധേയ സിനിമകൾ. 2022 ലാണ് മൈഥിലി വിവാഹിതയായത്. ആർക്കിടെക്ടായ സമ്പത്ത് ആണ് ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്.


Click it and Unblock the Notifications











