'ഞാൻ റിസേർച്ച് മെറ്റീരിയലാണ്, സെറ്റിലെ എല്ലാ പണിയും ചെയ്യും, നാട് കടത്തണം അല്ലാതെ അഭിനയം നിർത്തില്ല'; ധ്യാൻ!
പൊതുവെ ഇമേജ് കോൺഷ്യസാണ് താരങ്ങളും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരും. അതുകൊണ്ട് തന്നെ പൊതു ഇടങ്ങളിലേക്ക് എത്തുമ്പോഴും അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോഴുമെല്ലാം ഇമേജിന് കോട്ടം തട്ടാത്ത രീതിയിൽ ഒപ്പം പ്രവർത്തിക്കുന്നവരിലും അസംതൃപ്തി ഉണ്ടാക്കാത്ത തരത്തിലാണ് പല താരങ്ങളും സംസാരിക്കാറുള്ളത്.
പലപ്പോഴും മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ തൊട്ടും തൊടാതെയുമുള്ള മറുപടികളാണ് ഒട്ടുമിക്ക താരങ്ങളും പറയാറുള്ളത്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായി എല്ലാ കാര്യങ്ങളും സ്വന്തം കുറ്റങ്ങളും കുറവുകളും വരെ വെട്ടി തുറന്ന് പറയാറുള്ള ഒരു നടനും സംവിധായകനുമാണ് ധ്യാൻ ശ്രീനിവാസൻ.
ഇന്റർവ്യു സ്റ്റാർ എന്നാണ് ധ്യാനിനെ സോഷ്യൽമീഡിയ കളിയാക്കി വിളിക്കാറുള്ളത്. അതിൽ ധ്യാനിന് അതൃപ്തിയുമില്ല. ഒട്ടും മടുപ്പിക്കാത്ത സംസാരശൈലിയാണ് ധ്യാനിന്റേത് എന്നത് തന്നെയാണ് നടന്റെ അഭിമുഖങ്ങൾ മില്യൺ കണക്കിന് കാഴ്ചക്കാരെ നേടാൻ കാരണം.

ഒരുപക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ ലൈനപ്പായിട്ടുള്ള നടൻ ധ്യാൻ ശ്രീനിവാസനാണ്. ഒട്ടനവധി സിനിമകളാണ് ധ്യാൻ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അവയിൽ മിക്കതും പരാജയമായവയാണ്. തന്നോട് കഥ പറയാൻ വരുന്നവരോട് തനിക്ക് സിനിമയെ കുറിച്ച് തോന്നിയ കാര്യങ്ങൾ അടക്കം വ്യക്തമായി പറഞ്ഞാണ് താൻ സിനിമ കമ്മിറ്റ് ചെയ്യാറുള്ളതെന്നാണ് ധ്യാൻ പറയാറുള്ളത്.
ഇപ്പോഴിതാ താൻ ഒരു റിസേർച്ച് മെറ്റീരിയലാണെന്ന് പറയുകയാണ് ധ്യാൻ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ നടനെന്ന രീതിയിൽ സിനിമയോടുള്ള തന്റെ സമീപനം എങ്ങനെയാണെന്ന് വ്യക്തമാക്കിയത്.
'എന്റെ അടുത്ത് വരുന്ന സംവിധായകർ പ്രൊഡ്യൂസർമാർക്കൊപ്പമാണ് വരാറുള്ളത്. അവര് കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് എന്നോട് പറയാൻ വരുന്നത്. ഞാൻ ചെയ്തിട്ടുള്ള സിനിമകൾക്ക് എല്ലാം വളരെ കോൺഫിഡൻസുള്ള സംവിധായകരും നിർമാതാക്കളുമാണ് ഉണ്ടായിരുന്നത്.'
'ഇത് സൂപ്പർഹിറ്റാകുമെന്ന തരത്തിലുള്ളതാണ് കോൺഫിഡൻസാണ്. പിന്നെ എന്നോട് അഭിനയിക്കാമോയെന്ന് ചോദിച്ച് വന്നാൽ ഞാൻ വർക്ക് ചെയ്യും. കാരണം എനിക്ക് വർക്ക് ചെയ്യാതിരിക്കാൻ പറ്റില്ല. ഇതിന്റെ ഹീലിങ് പ്രോസസാണ്. പിന്നെ അഭിനയിക്കാൻ വേണ്ടി വിളിച്ചാൽ സെറ്റിലെ എല്ലാ പണിയും ഞാൻ ചെയ്യും.'

'സെറ്റിൽ പ്രോപ്പർട്ടി കൊണ്ടുവരും, മറ്റ് താരങ്ങൾക്ക് പിക്കപ്പ് കൊടുക്കും, പാക്കപ്പിന് നിന്നിട്ട് എല്ലാവരെയും പറഞ്ഞ് വിട്ടശേഷമെ ഞാൻ പോകാറുള്ളു, എഡിറ്റിന് ആവശ്യം ഉണ്ടെങ്കിൽ എഡിറ്റിൽ ഇരിക്കും, പ്രമോഷന് ഇരിക്കും ഒരു പാക്കേജാണ് ഞാൻ. ചില പടങ്ങൾ ഞാൻ തന്നെ ചാർട്ട് ചെയ്ത് തീർത്ത് കൊടുക്കും. ഞാൻ ഷൂട്ടിങ് ഫ്രെണ്ട്ലിയാണ്.'
'നഷ്ടങ്ങൾ ചെറുതാക്കി കൊടുക്കാറുണ്ട്. ചെറിയ ശബളത്തിനാണ് വർക്ക് ചെയ്യാറുള്ളത് എന്നും', ധ്യാൻ പറയുന്നു. താൻ ഇത്രയും മോശം സിനിമകൾ ചെയ്തിട്ടും ഇപ്പോഴും തനിക്ക് സിനിമ കിട്ടുന്നുണ്ടെന്നും ആ വിഷയം റിസേർച്ച് ചെയ്യേണ്ട ഒന്നാണെന്നും താൻ ഒരു റിസേർച്ച് മെറ്റീരിയലാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
തന്നെ നാട് കടത്തണം അല്ലെങ്കിൽ താൻ അഭിനയം നിർത്തില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു. നദികളിൽ സുന്ദരി യമുനയാണ് ധ്യാനിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. അജു വർഗീസും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സെപ്റ്റംബർ പതിനഞ്ചിന് ചിത്രം തിയറ്ററുകളിൽ എത്തും.
മലയാളി പ്രേക്ഷകർ ഒന്നടങ്കം സുന്ദരിയായ ആ യമുനയെ കാണുവാനുള്ള ആകാംക്ഷയിലാണ്. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവരാണ്.


Click it and Unblock the Notifications