ദിലീപ് സിനിമകളിൽ ഏറ്റവും ലാഭം നേടിയത് കേശു ഈ വീടിന്റെ നാഥൻ; കാരണം പറഞ്ഞ് നാദിർഷ
മിമിക്രി കലാരംഗത്ത് നിന്നും എത്തി മലയാള സിനിമയിലേക്ക് ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് നാദിർഷ. അമർ അക്ബർ അന്തോണി ആയിരുന്നു നാദിർഷ സംവിധാനം ചെയ്ത ആദ്യ സിനിമ. ചിത്രത്തിൽ പൃഥിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ സൂപ്പർ ഹിറ്റായിരുന്നു.
പൃഥിരാജിന് ആദ്യമായി കോമഡി റോൾ കൊടുത്ത് ഫലിപ്പിച്ചെടുക്കാനും നാദിർഷയ്ക്കായി. എന്നാൽ പിന്നീട് ഇതേ വിജയം ആവർത്തിക്കാൻ നാദിർഷയ്ക്ക് കഴിഞ്ഞില്ല. കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകൾക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്.

നാദിർഷയുടെ ഏറ്റവും പുതിയ സിനിമയാണ് ഈശോ. ഒടിടിയിൽ പുറത്തിറക്കിയ സിനിമയിൽ ജയസൂര്യ, നമിത പ്രമോദ്, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നാദിർഷ. ദിലീപിനെ നായകനാക്കി ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയെ പറ്റി നാദിർഷ സംസാരിച്ചു.
സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ പക്ഷെ സാമ്പത്തിക വിജയം ആയിരുന്നെന്നും ദിലീപ് സിനിമകളിൽ ഏറ്റവും കൂടുതൽ പണം നിർമാതാവിന് ലഭിച്ച സിനിമയാണിതെന്നും നാദിർഷ പറഞ്ഞു. സിനിമയുടെ നിർമാണത്തിൽ ദിലീപും പങ്കാളി ആയിരുന്നു. പോപ്പർ സ്റ്റോപ്പ് മലയാളത്തോടാണ് നാദിർഷ സിനിമയെ പറ്റി സംസാരിച്ചത്.

'കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ പ്രിവ്യൂ മലയാളത്തിലെ സീനിയർ സംവിധായകരെ കാണിച്ചിരുന്നു. തിയറ്ററിൽ ഇരുന്ന് സിനിമ കാണുമ്പോൾ കുടുംബം ഒന്നിച്ചാണ്. കുഞ്ഞു കുഞ്ഞു ചിരികൾ വലിയ ചിരിയായി തിയറ്ററിൽ കിട്ടുന്നതാണ്. പക്ഷെ ഒടിടിയിൽ ഒറ്റയ്ക്ക് ഇരുന്ന് കാണുമ്പോൾ ആ സിനിമ ആസ്വദിക്കാൻ പറ്റില്ല. ആസ്വദിക്കാൻ പറ്റാത്ത ഒരുപാട് പേരുണ്ടായിരുന്നു'
'ചീത്ത കേട്ടിട്ടുമുണ്ട്. അത് മഹത്തായ സിനിമയാണ് എന്നൊന്നും ഒരു അവകാശ വാദവുമില്ല. പാളിച്ചകൾ സിനിമകൾക്ക് ഉണ്ടാവാറുണ്ട്. ചിലർക്ക് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല. കുറച്ച് പ്രായമുള്ളവർക്ക് ഈ സിനിമയ്ക്ക് എന്താണ് കുഴപ്പമെന്ന് തോന്നിയിട്ടുണ്ട്'

'യുവാക്കൾക്ക് ഇയാളെന്താണ് ഇങ്ങനെ ചെയ്തിരിക്കുന്നത് ഇതൊക്കെ പഴയ പാറ്റേണാണ് എന്ന ഫീലും വന്നിട്ടുണ്ട്. പക്ഷെ സാമ്പത്തികമായിട്ട് ആ സിനിമ ഓക്കെ ആയിരുന്നു. ഒടിടിയിൽ കൊടുത്തപ്പോൾ നല്ല ലാഭം കിട്ടി. ദിലീപ് സിനിമകളിൽ നിന്ന് പ്രൊഡ്യൂസർക്ക് കിട്ടുന്ന ഏറ്റവും വലിയ പൈസ കേശുവിന്റെ നാഥനിൽ നിന്ന് കിട്ടിയിട്ടുണ്ട്'
'അത് ഇൻഡസ്ട്രിയിലെ എല്ലാ നിർമാതാക്കൾക്കും അറിയാം. നൂറ് കോടി കലക്ട് ചെയ്തു എന്നല്ല. ഇതൊരു തള്ള് ആണെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ വിചാരിക്കാം'

'സിനിമ ഭയങ്കര നഷ്ടം ആയി, അടി കിട്ടി എന്ന് ആശ്വസിച്ചിരിക്കുന്ന കുറേ ആൾക്കാർ ഉണ്ട്. ആ സമയത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സിനിമയ്ക്ക് നേരെ സൈബർ ആക്രമൺ രൂക്ഷമായി ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒടിടിയിൽ കൊടുത്തപ്പോൾ ഞങ്ങൾ സേഫ് ആയിരുന്നു'
'സിനിമ കണ്ടിട്ട് ആളുകൾ നന്നാവുമെന്നോ ചീത്ത ആവുമെന്നോ ഉള്ള വിശ്വാസക്കാരനല്ല ഞാൻ. സിനിമയിലൂടെ ഒരു മെസേജ് കൊടുത്തിട്ട് കുറേ ആൾക്കാരെ നന്നാക്കിയെടുക്കാം എന്നും വിശ്വാസമില്ല. പക്ഷെ സിനിമകൾ സ്വാധീനിക്കും,' നാദിർഷ പറഞ്ഞു.


Click it and Unblock the Notifications