സായ് പല്ലവിയെ അങ്ങനെ വിളിച്ചത് ഭാര്യക്കിഷ്ടമായില്ല, തന്റേത് മാത്രമെന്ന് അവൾ കരുതുന്നെന്ന് നാഗ ചൈതന്യ
വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നാഗ ചെെതന്യയും ശോഭിത ധുലിപാലയും. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലായിരുന്നു താരങ്ങളുടെ വിവാഹം. രണ്ട് വർഷത്തോളം നീണ്ട പ്രണയ കാലത്തിന് ശേഷമാണ് ഇവർ വിവാഹ ജീവിതത്തിലേക്ക് കടന്നത്. പ്രണയം രഹസ്യമാക്കി വെച്ചതായിരുന്നു താരങ്ങൾ. എന്നാൽ ആരാധകർ നേരത്തെ തന്നെ ഇവർ പ്രണയത്തിലാണെന്ന് സംശയിച്ചിരുന്നു. ആന്ധ്രപ്രദേശുകാരാണ് ശോഭിതയും നാഗ ചൈതന്യയും. ഒരേ മൂല്യങ്ങളാണ് തന്നെയും ശോഭിതയെയും അടുപ്പിച്ചതിലെ പ്രധാന ഘടകമെന്ന് നാഗ ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമകളിലും സീരീസുകളിലും അർബൻ റോളുകളാണ് ശോഭിത കൂടുതലും ചെയ്തത്. എന്നാൽ യഥാർത്ഥത്തിൽ നടി പരമ്പരാഗത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നയാളാണ്. ആചാര പ്രകാരം വിവാഹം നടത്തണമെന്നതും കുടുംബ ജീവിതം നയിക്കണമെന്നതും ശോഭിതയുടെ വലിയ ആഗ്രഹമായിരുന്നു. അക്കിനേനി കുടുംബത്തിന് പ്രിയങ്കരിയാണ് ഇന്ന് ശോഭിത.

വിവാഹ ശേഷം നാഗ ചെെതന്യയുടെ ആദ്യ സിനിമ പുറത്തിറങ്ങാൻ പോകുകയാണ്. തണ്ടെൽ എന്നാണ് ചിത്രത്തിന്റെ പേര്. സായ് പല്ലവിയാണ് നായിക. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നാഗ ചൈതന്യ. ഒരു അഭിമുഖത്തിൽ നാഗ ചൈതന്യ ഭാര്യ ശോഭിതയെക്കുറിച്ച് നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തണ്ടെലിലെ ഒരു ഗാനത്തിന്റെ തുടക്കത്തിൽ 'ബുജ്ജി തല്ലി' എന്ന തെലുങ്ക് വാചകം നാഗ ചൈതന്യ പറയുന്നു. സായ് പല്ലവിയുടെ കഥാപാത്രത്തെയാണ് ഇങ്ങനെ വിളിക്കുന്നത്. പ്രണയാർദ്രമായി ഉപയോഗിക്കുന്ന വാക്കാണ്.
നാഗ ചൈതന്യ ഭാര്യയെ സ്നേഹത്തോടെ വിളിക്കുന്നത് ഈ വാക്കാണ്. പാട്ട് ഇറങ്ങിയപ്പോൾ ഈ വാക്ക് സിനിമയിൽ ഉപയോഗിച്ചത് കണ്ട് ശോഭിതയ്ക്ക് അനിഷ്ടം തോന്നിയെന്ന് നാഗ ചൈതന്യ പറയുന്നു. ബുജ്ജി തള്ളി എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ ശോഭിതയ്ക്ക് കുറച്ച് നീരസം തോന്നി. കാരണം ആ വാക്ക് അവൾക്ക് വേണ്ടി മാത്രമാണെന്ന് അവൾ കരുതുന്നു. പക്ഷെ സിനിമയിൽ തനിക്കത് ഉപയോഗിക്കേണ്ടി വന്നെന്നാണ് നാഗ ചൈതന്യ പറഞ്ഞത്.

ഫെബ്രുവരി ഏഴിനാണ് തണ്ടെൽ റിലീസ് ചെയ്യുന്നത്. നാഗ ചൈതന്യയും സായ് പല്ലവിയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. 2021 ൽ പുറത്തിറങ്ങിയ ലൗ സ്റ്റോറിയിൽ ഇരുവരുടെയും കെമിസ്ട്രി ഏരെ ശ്രദ്ധ നേടിയിരുന്നു. താരങ്ങൾ വീണ്ടും ഒരുമിച്ചെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്.
ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിത ധുലിപാലയെ വിവാഹം ചെയ്തത്. നടി സമാന്തയായിരുന്നു നാഗ ചൈതന്യയുടെ ആദ്യ ഭാര്യ. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ പിരിഞ്ഞു. ശോഭിത-ചൈതന്യ വിവാഹ വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏരെ ചർച്ചയായത് സമാന്തയാണ്. വിവാഹബന്ധം പിരിയേണ്ടി വന്നത് സമാന്തയെ ഏറെ വിഷമിപ്പിച്ചിരുന്നു. വിവാഹ ജീവിതത്തിൽ തന്റെ നൂറ് ശതമാനം നൽകിയെങ്കിലും മുന്നോട്ട് പോയില്ലെന്നാണ് ഒരിക്കൽ സമാന്ത പറഞ്ഞത്.


Click it and Unblock the Notifications











