സൈനബിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗ ചൈതന്യയും ശോഭിതയും; വൈറലായി ചിത്രങ്ങൾ
തെലുങ്ക് സിനിമയിലെ യുവ നടനും, പ്രശസ്ത താരങ്ങളായ നാഗാർജ്ജുനയുടെയും അമലയുടെയും മകനുമായ അഖിൽ അക്കിനേനി അടുത്തിടെയാണ് വിവാഹിതനായത്. ജൂൺ 5, വെള്ളിയാഴ്ച പുലർച്ച 3.35നുള്ള ശുഭ മുഹൂർത്തത്തിലാണ് നടൻ തന്റെ പ്രണയിനിയായ സൈനബ് റാവ്‌ജിക്ക് താലി ചാർത്തിയത്. തെലുങ്ക് ഹിന്ദി ആചാരപ്രകാരം വരന്റെ വസതിയിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിൽ, ഇരുവരുടെയും കുടുംബങ്ങളും, അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങുകൾക്ക് ശേഷം നവദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്നിരിക്കുകയാണ് അഖിലിന്റെ സഹോദരൻ നാഗ ചൈതന്യയും, ഭാര്യ ശോഭിത ധുലിപാലയും.
സൈനബിനെ വരവേറ്റ് നാഗ ചൈതന്യയും ശോഭിതയും
വിവാഹ ആഘോഷങ്ങൾ കഴിഞ്ഞ് അധികം വൈകാതെ, അഖിൽ അക്കിനേനിയുടെ മൂത്ത സഹോദരനും നടനുമായ നാഗ ചൈതന്യയും, ഭാര്യയും നടിയുമായ ശോഭിത ധുലിപാലയും, നവദമ്പതികൾക്ക് ആശംസകളുമായി എത്തി. "കുടുംബത്തിലേക്ക് സ്വാഗതം പ്രിയപ്പെട്ട സീ... നവദമ്പതികൾക്ക് ആശംസകൾ," ശോഭിത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

ഒപ്പം തന്നെ താനും, നാഗ ചൈതന്യയും, അഖിലിനും, സൈനബിനും, നാഗാർജ്ജുനക്കും, അമലയ്ക്കും ഒപ്പം പോസ് ചെയ്യുന്ന ഒരു ചിത്രവും നടി പങ്കു വച്ചു. നാഗ ചൈതന്യയാവട്ടെ, ശോഭിത പോസ്റ്റ് ചെയ്ത ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ, ഒരു സ്പെഷ്യൽ കുറിപ്പിനൊപ്പം ഷെയർ ചെയ്യുകയാണ് ചെയ്തത്. "നവദമ്പതികൾക്ക് അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട സൈനബിന് കുടുംബത്തിലേക്ക് സ്വാഗതം," നടൻ കുറിച്ചു
അഖിലിനും സൈനബിനും അമലയുടെ കുറിപ്പ്
യുവ നടന്റെ അമ്മയും, പ്രശസ്ത നടിയുമായ അമല, ഒരു സ്പെഷ്യൽ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തന്റെ മകനോടും മരുമകളോടുമുള്ള സ്നേഹം പങ്കുവച്ചത്. "എന്റെ പ്രിയപ്പെട്ട മകൻ അഖിൽ തന്റെ പ്രിയപ്പെട്ടവളായ സൈനബിനെ അതിരാവിലെ ഞങ്ങളുടെ വീട്ടിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വിവാഹം കഴിച്ചു എന്ന വാർത്ത പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്," അമല തന്റെ പോസ്റ്റിൽ കുറച്ചു.

"സ്നേഹത്തിന്റെയും ചിരിയുടെയും ഊഷ്മളതയും ഏറ്റവും പ്രിയപ്പെട്ടവരുടെ കൂട്ടായ്മയും എല്ലാമായി, നാഗാർജുനയ്ക്കും എനിക്കും അത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു. ഈ പുതിയ അധ്യായത്തിലേക്ക് അവർ ഒരുമിച്ച് പ്രവേശിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞാൻ തേടുന്നു," നടി പറഞ്ഞു നിർത്തി. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, അഖിലിന്റെയും സൈനബിന്റെയും മനോഹരമായ വിവാഹ ചിത്രങ്ങളും അമല ആരാധകർക്കായി പങ്കു വച്ചു.
മുപ്പത്തൊന്ന്കാരനായ അഖിൽ അക്കിനേനി, ഏതാനും വർഷങ്ങൾക്ക് മുൻപാണ് നാല്പതുകാരിയായ സൈനബ് റാവ്‌ജിയെ പരിചയപ്പെട്ടത്. പല പൊതു പരിപാടികളിലും പാർട്ടികളിലും വച്ച് കണ്ടുമുട്ടിയ നടനും ആർട്ടിസ്റ്റും അധികം വൈകാതെ അടുത്ത സുഹൃത്തുക്കളായി. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി മാറുകയും, അഖിലും സൈനബും ഡേറ്റിംഗിൽ ആവുകയുമായിരുന്നു. തന്റെ സഹോദരനായ നാഗ ചൈതന്യയുടെയും നടി ശോഭിതയുടെയും വിവാഹ ആഘോഷങ്ങൾക്കിടയിലാണ് അഖിലും സൈനബും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നതെന്നാണ് റിപോർട്ടുകൾ.
ചിത്രകലയിൽ പ്രാവീണ്യം നേടിയ സൈനബ് റാവ്‌ജി, റിഫ്ലക്ഷൻസ് എന്ന സോളോ ഷോ ഉൾപ്പെടെ, സൈനബ് ഹൈദരാബാദിലും, മറ്റ് പ്രമുഖ നഗരങ്ങളിലുമായി ധാരാളം ചിത്ര പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. അബ്സ്ട്രാക്ട് പെയിന്റിങ് വിദഗ്ദയായ അക്കിനേനി കുടുംബത്തിലെ പുതിയ മരുമകൾ, മുൻപ് ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ആർട്ടിസ്റ്റ് എം.എഫ്. ഹുസൈൻ സംവിധാനം ചെയ്ത മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ് എന്ന ചിത്രത്തിൽ, ഒരു ചെറിയ വേഷത്തിൽ അഖിൽ അക്കിനേനിയുടെ ഭാര്യ പ്രത്യക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications











