വിവാഹ ഒരുക്കങ്ങൾ തുടങ്ങി, ശോഭിതയുടെ വീട്ടിലെ ചടങ്ങ്; അന്ന് സമാന്ത ലക്ഷങ്ങൾ ചെലവിട്ടപ്പോൾ...
തെലുങ്ക് സിനിമാ ലോകം മറ്റൊരു താര വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്. നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയുമാണ് ഏതാനും വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകാൻ പോകുന്നത്. തെലുങ്കിലെ സൂപ്പർതാരം നാഗാർജുനയുടെ മകനാണ് നാഗ ചൈതന്യ. അതിനാൽ തന്നെ ആഘോഷങ്ങളോടെയായിരിക്കും താര വിവാഹമെന്ന് ഉറപ്പാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
വിവാഹത്തിന് മുന്നോടിയായുള്ള പരമ്പരാഗത ചടങ്ങിന്റെ ചിത്രങ്ങൾ ശോഭിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ട്രെഡീഷണൽ ലുക്കിൽ ചടങ്ങുകൾ ചെയ്യുന്ന ശോഭിതയെ ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് ശോഭിതയുടെ വിവാഹ ജീവിതത്തിന് ആശംസകൾ അറിയിക്കുന്നത്. അതേസമയം നടിക്ക് നേരെ മോശം കമന്റുകളും വരുന്നുണ്ട്. നേരത്തെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ചപ്പോഴും താരത്തിന് നേരെ മോശം കമന്റുകൾ വന്നിരുന്നു.

നാഗ ചൈതന്യയുടെ മുൻ ഭാര്യ സമാന്തയുടെ ആരാധകരാണ് കൂടുതൽ ഇത്തരം കമന്റുകളിട്ടത്. സമാന്തയും നാഗ ചൈതന്യയും പിരിയാൻ കാരണം ശോഭിതയാണെന്ന് കുറ്റപ്പെടുത്തലുകൾ വന്നു. എന്നാൽ സമാന്തയുമായി പിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി അടുത്തതെന്ന് നടന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സൈബറാക്രമണങ്ങളോട് ശോഭിത ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021 ലാണ് നാഗ ചൈതന്യയും സമാന്തയും വേർപിരിയുന്നത്.
ഇവരുടെ വിവാഹവും വിവാഹത്തിന് മുന്നോടിയുള്ള ചടങ്ങുകളും ആഘോഷത്തോടെയാണ് നടന്നിരുന്നത്. സമാന്തയുടെ വിവാഹ നിശ്ചയ ഫോട്ടോകൾ അന്ന് വലിയ ശ്രദ്ധ നേടിയതാണ്. വലിയ ആർഭാടത്തോടെയാണ് സമാന്ത-നാഗ ചൈതന്യ വിവാഹ നിശ്ചയം നടന്നത്. തന്റെ പ്രണയകഥ ചിത്രങ്ങളായി വിവാഹ നിശ്ചയ ദിനത്തിൽ ധരിച്ച സാരിയിൽ സമാന്ത എംബ്രോയ്ഡറി ചെയ്തിരുന്നു.

ക്രെഷ ബജാജ് ആണ് ഈ സാരി ഡിസൈൻ ചെയ്തത്. ലക്ഷങ്ങൾ ഇതിന് വേണ്ടി സമാന്ത ചെലവിട്ടു. സോഷ്യൽ മീഡിയയിൽ സമാന്തയെയും ശോഭിതയെയും താരതമ്യം ചെയ്ത് കൊണ്ടുള്ള കമന്റുകൾ തുടരെ വരുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷം കരിയറിലേക്ക് പൂർണ ശ്രദ്ധ നൽകിയതായിരുന്നു സമാന്ത.
എന്നാൽ ഇതിനിടെ മറ്റൊരു പ്രതിസന്ധി താരത്തിന് നേരിടേണ്ടി വന്നു. മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച സമാന്ത മാസങ്ങളോളം ഇതിന്റെ ചികിത്സയിലായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് സമാന്ത. സിതാഡെൽ ആണ് നടിയുടെ പുതിയ സീരീസ്. ഇതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്.
മറുവശത്ത് ശോഭിതയും കരിയറിലെ തിരക്കുകളിലായിരുന്നു. മങ്കി മാൻ, ലവ് സിത്താര എന്നിവയാണ് ശോഭിതയുടെ ഒടുവിൽ പുറത്തിറങ്ങിയ വർക്കുകൾ. ഒടിടി പ്രൊജക്ടുകളിലൂടെയാണ് ശോഭിത കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്. മേഡ് ഇൻ ഹെവൻ എന്ന സീരീസ് കരിയറിൽ വഴിത്തിരിവായി.
കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ശോഭിത വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് ശോഭിത സംസാരിച്ചിരുന്നു. വിവാഹം ചെയ്ത് ജീവിക്കുന്നത് താൻ മുമ്പേ സങ്കൽപ്പിച്ചിരുന്നെന്നാണ് ശോഭിത പറഞ്ഞത്.


Click it and Unblock the Notifications