തബുവെന്ന് കേട്ടാൽ മുഖം തെളിയും, കാര്യമാക്കാതെ അമല, കൂട്ടുകാരി ഭർത്താവിന്റെ ബന്ധമറിഞ്ഞപ്പോൾ ഉപദേശവും
ആരാധകരുടെ പ്രിയ താരം നാഗാർജുനയുടെ 66ാം പിറന്നാൾ ദിനമാണിന്ന്. ഈ പ്രായത്തിലും ആരോഗ്യത്തോടെയും ചുറുചുറുക്കോടെയുമിരിക്കുന്ന നാഗാർജുനയ്ക്ക് പ്രായം പിന്നോട്ടാണോ എന്നാണ് ആരാധകരുടെ ചോദ്യം. സ്ത്രീ ആരാധകരുടെ വലിയൊരു നിര തന്നെ നാഗാർജുനയ്ക്കുണ്ട്. തെലുങ്കിൽ ഇന്ന് നിരവധി സൂപ്പർതാരങ്ങളുണ്ടെങ്കിലും സ്ത്രീ പ്രേക്ഷകരുടെയിടയിൽ നാഗാർജുനയുണ്ടാക്കിയ തരംഗം ആവർത്തിക്കാനായവർ വിരളമാണ്. അതുകൊണ്ട് തന്നെ തെലുങ്കിലെ മറ്റേത് നടനേക്കാളും ഗോസിപ്പുകളും നാഗാർജുനയെക്കുറിച്ച് വന്നിട്ടുണ്ട്.
നടി അമല അക്കിനേനിയാണ് നാഗാർജുനയുടെ ഭാര്യ. ആദ്യ ഭാര്യ ലക്ഷ്മി ദഗുബതിയുമായി പിരിഞ്ഞ ശേഷമാണ് നാഗാർജുന അമലയെ വിവാഹം ചെയ്തത്. അമലയുമായുള്ള വിവാഹ ശേഷവും നാഗാർജുനയെക്കുറിച്ച് ഗോസിപ്പുകൾ വന്നു. ഏറ്റവും കൂടുതൽ ചർച്ചയായത് തബുവുമായി ചേർത്ത് വന്ന ഗോസിപ്പുകളാണ്.

തബുവിനെ പരിചയപ്പെടുമ്പോൾ നാഗാർജുനയ്ക്ക് 21 വയസാണ്. തബുവിന് 16 ഉം. ഇവർ ഒരുമിച്ച് ചെയ്ത സിനിമകളിൽ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ടു. അടുത്ത സുഹൃത്തുക്കളായി ഇവർ മാറി. ഇതിനിടെ നാഗാർജുനയുടെ ജീവിതത്തിൽ രണ്ട് വിവാഹങ്ങളുണ്ടായി. അമലയുമായി നാഗാർജുന കുടുംബ ജീവിതം നയിക്കുമ്പോഴും തബുവുമായുള്ള സൗഹൃദം തുടർന്നു. ഒപ്പം ഗോസിപ്പുകളും.
നാഗാർജുന തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണെന്നാണ് തബു പറയാറുള്ളത്. നാഗാർജുനയും തബുവുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. തബുവിന്റെ പേര് കേൾക്കുമ്പോൾ തന്റെ മുഖം തെളിയുമെന്നാണ് ഒരിക്കൽ നാഗാർജുന പറഞ്ഞത്. ഈ സൗഹൃദം ഒരിക്കലും അമല അക്കിനേനിയെ അസ്വസ്ഥതപ്പെടുത്തിയിട്ടില്ല. അമലയുടെയും അടുത്ത സുഹൃത്താണ് തബു.

ഹെെദരാബാദിൽ വരുമ്പോൾ ഇവരുടെ വീട്ടിലാണ് തബു കഴിഞ്ഞിരുന്നത്. ഗോസിപ്പുകൾ തന്നെ ബാധിച്ചിട്ടില്ലെന്ന് അമല ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഭർത്താവിലും എന്റെ അടുത്ത സുഹൃത്ത് തബുവിലും നൂറ് ശതമാനം വിശ്വാസം എനിക്കുണ്ട്. ഒന്നും ആ വിശ്വാസത്തെ ഉലയ്ക്കില്ല. എന്റെ വീട്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ആരും നോക്കേണ്ട. വീട്ടിൽ ഒരിക്കലും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. തന്റെ വീട് പരിപാവനമാണെന്നാണ് ഒരിക്കൽ അമല അക്കിനേനി പറഞ്ഞത്.
നാഗാർജുനയുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ട് നിന്ന അമല പിന്നീട് കുറേക്കാലത്തിന് ശേഷമാണ് തിരിച്ച് വന്നത്. ജീവിതത്തിൽ ആത്മീയ മൂല്യങ്ങൾ പിന്തുടരുന്ന ആളാണ് അമല അക്കിനേനി. ഒരിക്കൽ അമലയുടെ സുഹൃത്ത് കുട്ടി പത്മിനിയാണ് ഇക്കാര്യം പറഞ്ഞത്. ഇതിനൊപ്പം അമല തനിക്ക് തന്ന വലിയ ഉപദേശവും അന്ന് കുട്ടി പത്മിനി പങ്കുവെച്ചു.
ഒരിക്കൽ എന്റെ ഭർത്താവ് പ്രഭു ഒരു നടിയുമായി അടുപ്പത്തിലായി. അന്ന് എന്റെ മനസ് വല്ലാതെ വിഷമിച്ചു. അദ്ദേഹത്തെ ഞാൻ വല്ലാതെ സ്നേഹിച്ചിരുന്നു. ആദ്യ വിവാഹബന്ധം പിരിഞ്ഞതിനാൽ ഇത്തവണയെങ്കിലും എന്റെ ജീവിതം നന്നായി പോകുമെന്ന് കരുതിയതാണ്. അമലയുടെ അടുത്ത് പോയി ഞാൻ വല്ലാതെ കരഞ്ഞു. ഈ ബന്ധം നിങ്ങൾക്ക് സെറ്റാകില്ല. അത് വിട്ടേക്കെന്ന് അമല പറഞ്ഞു. അഡ്ജസ്റ്റ് ചെയ്യുകയെന്നത് വേറെയാണ്.
ആണുങ്ങളാകുമ്പോൾ ഭാര്യയറിയാതെ ചില കാര്യങ്ങൾ നടക്കും. അങ്ങനെയാണെങ്കിൽ പോട്ടെന്ന് വെക്കാം. എന്നാൽ തുടർന്നും ഇങ്ങനെ സംഭവിക്കുന്നതിനാൽ നിങ്ങളുടെ ജീവിതം അപകടത്തിലാണെന്ന് അമല തനിക്ക് പറഞ്ഞ് തന്നെന്നും കുട്ടി പത്മിനി അന്ന് ഓർത്തു.
ഭർത്താവുമായി പിന്നീട് താൻ പിരിഞ്ഞെന്നും അന്ന് കുട്ടി പത്മിനി വ്യക്തമാക്കി. അഭിനയ രംഗത്ത് അമല അക്കിനേനി ഇപ്പോൾ പഴയത് പോലെ സജീവമല്ല. നാഗാർജുന ഇപ്പോഴും തുടരെ സിനിമകൾ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











