'അവൻ കാരണമാണ് ഞങ്ങൾ നാലുപേരും ചേർന്നുള്ള ഗ്രൂപ്പുണ്ടായത്, എന്റെ ആദ്യത്തെ അമ്മയാണെന്ന സ്നേഹമുണ്ട്'; നമിത!
സീരിയലിൽ ബാലതാരമായി അഭിനയിച്ച് സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി നമിത പ്രമോദ്. സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപതി ഇന്നൊരു സംരംഭക കൂടിയാണ് നമിത. കുറച്ച് നാളുകൾക്ക് മുമ്പാണ് നമിത പനമ്പള്ളി നഗറിൽ പുതിയ റസ്റ്റോറന്റ് ആരംഭിച്ചത്.
സമ്മർ ടൗൺ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ റസ്റ്റോറന്റ് സന്ദർശിക്കാനും നമിതയ്ക്ക് ആശംസകൾ നേരാനും എത്തിയിരുന്നു. കാളിദാസ് ജയറാം നായകനായ രജനിയാണ് നമിതയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.

ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സിന് നൽകിയ നമിതയുടെ അഭിമുഖമാണ് വൈറലാകുന്നത്. തന്റെ സുഹൃത്തുക്കളെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ നമിത സംസാരിച്ചു. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താൻ ഒരു സോഷ്യോളജി പ്രൊഫസറാകുമായിരുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് നമിത സംസാരിച്ച് തുടങ്ങിയത്.
'എന്റെ സുഹൃത്തുക്കൾ ഞാൻ മെസേജ് ചെയ്യുമ്പോൾ അത് കണ്ടിട്ടും മറുപടി തരാതെ പോകുന്നത് എന്നിൽ വളരെ ഏറെ ഇറിറ്റേഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ആ ദേഷ്യം കൊണ്ട് പിന്നീട് അവർ എനിക്ക് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്താൽ ഞാൻ തിരിച്ച് അതുപോലെ പെരുമാറും. പൊറോട്ടയും ചില്ലി ചിക്കനുമാണ് എന്റെ ഏറ്റവും ഇഷ്ട വിഭവം.'
'ചെറുപ്പം മുതൽ ഞാൻ കല്യാണം കഴിക്കില്ലെന്നത് കൂട്ടുകാരോട് പറയുമായിരുന്നു. മാത്രമല്ല കൂട്ടുകാരോട് നിർബന്ധമായും വിവാഹം കഴിക്കണമെന്ന് പറയുകയും ചെയ്യുമായിരുന്നു. അത് മറ്റൊന്നിനും വേണ്ടിയല്ല... സുഹൃത്തിന്റെ വിവാഹമാകുമ്പോൾ പുത്തൻ ഡ്രസ്സൊക്കെ ഇട്ട് പോയി ഡാൻസൊക്കെ കളിക്കാമല്ലോ അത് തന്നെയാണ് ഉദ്ദേശം. ഞാൻ ജാഡക്കാരിയാണ് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്.'
'മാത്രമല്ല പണ്ടെക്കെ ഞാൻ വളരെ മിതമായി മാത്രമെ സംസാരിക്കുമായിരുന്നുള്ളു. പോരാത്തതിന് സിനിമയിലാണെന്ന് പറയുമ്പോൾ തന്നെ ഇവൾ ജാഡയാണെന്ന് തോന്നും ആളുകൾക്ക് ഓട്ടോമാറ്റിക്കായി തോന്നും. ഞാൻ പോലും അടുത്ത് പരിചയപ്പെടും മുമ്പ് പലരേയും കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ട്. എന്റെ ഫ്രണ്ട്സ് സർക്കിൾ വളരെ ചെറുതാണ്.'

'സിനിമാ സുഹൃത്തുക്കളുമായി ചേർന്ന് പാർട്ടിയിലൊന്നും ഞാൻ പങ്കെടുക്കാറില്ല. ഞാനും മീനാക്ഷിയും ഖദീജയും ആയിഷയും മാത്രമുള്ള ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. അതിന്റെ പേര് സഹലിന്റെ പെങ്ങമ്മാർ എന്നാണ്. ഞങ്ങൾ ഒരുമിച്ച് ഒരു വിമാന യാത്ര നടത്തിയപ്പോൾ ആ വിമാനത്തിലുണ്ടായിരുന്ന ക്യാബിൻ ക്രൂവിൽ ഒരാളാണ് സഹൽ.'
'വളരെ സുന്ദരനായിരുന്നു അവൻ എന്നതുകൊണ്ട് തന്നെ ഞങ്ങൾ നാലുപേരും ഇടയ്ക്കിടെ അവനെ കാണാനായി ഒരോ ആവശ്യങ്ങൾ പറഞ്ഞ് വിളിപ്പിക്കും. അവസാനം അവന് പോലും ഞങ്ങളുടെ പെരുമാറ്റം കണ്ട് ട്യൂൺ ചെയ്യാൻ നോക്കുകയാണെന്ന് മനസിലായി. അങ്ങനെയാണ് വാട്സ് ആപ്പ് ഗ്രൂപ്പിന് ആ പേര് വന്നത്. സോന നായർ ചേച്ചിയുടെയും എന്റെയും ശബ്ദത്തിന് വളരെ അധികം സാമ്യതയുള്ളതായി പലരും പറഞ്ഞിട്ടുണ്ട്.'
'എന്റെ മാനസപുത്രിയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഓൺസ്ക്രീനിലെ ആദ്യത്തെ അമ്മയായതുകൊണ്ട് ആ ഒരു സ്നേഹം ചേച്ചിയോട് എപ്പോഴുമുണ്ടെന്നും', നമിത പറഞ്ഞു. അഭിമുഖത്തിനിടെ സോന നായരുടെ സർപ്രൈസ് കോൾ നമിതയെ തേടി എത്തുകയും ചെയ്തു.
സീരിയലിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ തന്നെ നമിതയിൽ തങ്ങൾക്ക് വലിയ പ്രതീക്ഷ തോന്നിയിരുന്നുവെന്നും സോന പറഞ്ഞു. ഒരു കുട്ടി സുമലതയാണ് നമിതയെന്ന് പറഞ്ഞാണ് സോന നായർ കോൾ കട്ട് ചെയ്തത്.


Click it and Unblock the Notifications