ഡിസിപ്ലിൻ ഉള്ളവരായതുകൊണ്ടല്ല, അടി പേടിച്ചിട്ടാണ് അവർ അടുക്കാത്തത്'; ബാലയ്യ ബൗൺസേഴ്സിനെ വെക്കാത്തതിന് പിന്നിൽ!
തെലുങ്ക് സിനിമയിൽ മാസ് ഫാൻ ഫോളോയിങ്ങുള്ള എല്ലാ നായകന്മാരും നായികമാരും ബൗൺസർമാരുടെ സഹായത്തോടെയാണ് പരിപാടികളിൽ പങ്കെടുക്കുന്നത്. അല്ലാത്തപക്ഷം ആരാധകർ തടിച്ച് കൂടി താരങ്ങൾക്ക് ഒരടി ചലിക്കാൻ പറ്റാതെയാകും. സെൽഫികൾക്കും ഷെയ്ക്ക് ഹാന്റ് നൽകാനും ആരാധകർ ചുറ്റും കൂടി പലപ്പോഴും സൂപ്പർ താരങ്ങൾക്ക് ശാരീരികമായി പരിക്കേൽക്കുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്.
ആരാധന പ്രകടിപ്പിച്ച് അടുത്ത് കൂടുന്നവരിൽ ചിലരെങ്കിലും ശാരീരിക ഉപദ്രവങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബൗൺസേഴ്സിനെ ഒപ്പം കൂട്ടി തുടങ്ങിയത്. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പൊതുവേദികളിലും പരിപാടികളിലും പങ്കെടുക്കാൻ എത്തുമ്പോൾ ബൗൺസേഴ്സിനെ വെക്കാറുണ്ട്. ചിലപ്പോഴൊക്കെ ബൗൺസേഴ്സ് ഉണ്ടെങ്കിൽ പോലും നിയന്ത്രിക്കാൻ പറ്റാത്ത ക്രൗഡാണ് പല വേദികളിലും ഉണ്ടാകാറുള്ളത്.

മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ പോലുള്ള താരങ്ങൾ ബൗൺസേഴ്സ് ഒപ്പമുണ്ടായിട്ട് പോലും ക്രൗഡിൽ കുടുങ്ങി പോയിട്ടുള്ളവരാണ്. തെലുങ്കിലെ യുവതാരങ്ങൾ പോലും ബൗൺസേഴ്സിനൊപ്പമാണ് പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നത്. എന്നാൽ ഒരു സൂപ്പർ താരം മാത്രം ബൗൺസേഴ്സിനെ ഒപ്പം കൊണ്ട് നടക്കാറില്ല. അത് മറ്റാരുമല്ല നാൽപ്പത് വർഷത്തോളമായി തെലുങ്ക് സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയാണ്.
ബാലയ്യ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ചുറ്റും അധികം ബൗൺസർമാരുണ്ടാകാറില്ല. ഒന്നോ രണ്ടോ സുരക്ഷാ ജീവനക്കാർ ഒഴികെ മറ്റാരെയും ബാലയ്യ ബൗൺസേഴ്സായി വെച്ചിട്ടില്ല. ഒരു അഭിമുഖത്തിൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബാലയ്യ അതിശയിപ്പിക്കുന്ന ഒരു മറുപടിയാണ് പറഞ്ഞത്.
എനിക്ക് ബോഡിഗാർഡുകളെ ആവശ്യമില്ല. കാരണം ഞാൻ തന്നെയാണ് എന്റെ ബോഡിഗാർഡ് എന്ന മാസ് മറുപടിയാണ് നടനിൽ നിന്നും വന്നത്. ബോഡിഗാർഡുകളെ വെക്കാത്തിന് പിന്നിലെ മറ്റൊരു കാരണവും ബാലയ്യ വെളിപ്പെടുത്തി. തന്റെ ആരാധകർ അച്ചടക്കമുള്ളവരാണെന്നാണ് ബാലയ്യ പറഞ്ഞത്. അതിനാൽ തനിക്ക് ബൗൺസർമാരെ ആവശ്യമില്ലെന്നും താരം പറഞ്ഞു. എന്നാൽ നടന്റെ അഭിപ്രായത്തോട് തെലുങ്ക് സിനിമാ പ്രേമികൾക്ക് വിയോജിപ്പാണ്.
ചില ആരാധകർ അവരുടെ ഇഷ്ട താരങ്ങളുടെ അടുത്തേക്ക് പോയി കാലിൽ വീഴാറുണ്ട്. ഇത്തരം രംഗങ്ങൾ നമ്മൾ പരിപാടികളിൽ കാണാറുണ്ട്. ഉടനെ ബൗൺസർമാർ പ്രതികരിക്കുകയും അത്തരം ആരാധകരെ തള്ളിമാറ്റുകയും ചെയ്യും. ബാലയ്യയെ കാണാനെത്തുന്ന അല്ലെങ്കിൽ സ്നേഹം പ്രകടിപ്പിക്കാൻ എത്തുന്ന ആരാധകരെ ബൗൺസർമാർ അല്ല ബാലയ്യ തന്നെയാണ് പലപ്പോഴും കൈകാര്യം ചെയ്യുന്നത്.

ആരാധകരെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ബാലയ്യയുടെ വീഡിയോകൾ നിരവധി കണ്ടിട്ടുണ്ട്. അതിനാൽ അച്ചടക്കം കൊണ്ടാകില്ല ബാലയ്യ തല്ലുമെന്ന് ഭയന്നാകും ആരാധകർ അച്ചടക്കം പാലിച്ച് അകലം പാലിച്ച് നിൽക്കുന്നതെന്നാണ് ചിലർ കമന്റായി കുറിച്ചത്. തന്റെ ആരാധകരെ പരസ്യമായി അടിച്ച ഒന്നിലധികം സംഭവങ്ങളാണ് ബാലകൃഷ്ണയുടെ പേരിൽ ഉള്ളത്. 2017ൽ സെൽഫി എടുക്കുന്നതിനിടെ വീഴാൻ പോയ ആരാധകന്റെ മുഖത്ത് ബാലകൃഷ്ണ അടിച്ചിരുന്നു.
അതേവർഷം തന്നെ സെൽഫി എടുക്കാൻ വന്ന ആരാധകന്റെ ഫോൺ എറിഞ്ഞുടക്കുകയും മറ്റൊരു ആരാധകനെ പരസ്യമായി തെറി വിളിക്കുകയും ചെയ്തിരുന്നു. ആരാധകരോട് മാത്രമല്ല സഹതാരങ്ങളോട് പോലും പലപ്പോഴും മോശം പെരുമാറ്റമാണ് ബാലയ്യ നടത്താറുള്ളത്. ബാലകൃഷ്ണയുടെ അടുത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് നടി രാധിക ആപ്‌തെ തുറന്നുപറഞ്ഞിരുന്നു.
നടന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ചെയ്ത ഈ രണ്ട് തെലുങ്ക് ചിത്രങ്ങളിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നെന്നായിരുന്നു രാധിക പറഞ്ഞത്. ചിത്രീകരണത്തിനായി മണിക്കൂറുകളോളം കാത്തിരിപ്പിച്ചെന്നും രാധിക പറഞ്ഞിരുന്നു. അടുത്തിടെ നടി അഞ്ജലിയെ ചടങ്ങിനിടെ ബാലയ്യ തള്ളി മാറ്റിയ വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications











