ബൈക്കിൽ കയറി വന്ന മോഹന്‍ലാലിനെ കണ്ടിട്ടും സെക്യൂരിറ്റി ഗേറ്റ് തുറന്നില്ല! അങ്ങനൊരു അബദ്ധം സംഭവിച്ചെന്ന് നന്ദു
നടന്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയായി അടുത്ത സൗഹൃദമുള്ള നടനാണ് നന്ദു. ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളെ അവതരിപ്പിടച്ചിട്ടുള്ള നടന്‍ ലൊക്കേഷനിലെ ചില രസകരമായ കഥകള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ മോഹന്‍ലാല്‍ തന്റെ ബൈക്കില്‍ കയറി പോയതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.
ഒരു ലൊക്കേഷനില്‍ നിന്നും വീട്ടിലേക്ക് തന്റെ ബൈക്കില്‍ അദ്ദേഹം കയറിയതും സെക്യൂരിറ്റി ആളെ തിരിച്ചറിയാത്തത് കൊണ്ട് ഗേറ്റ് തുറക്കാത്തതിനെ പറ്റിയും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് താരം.

സൂര്യഗായത്രി എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. പൂജപ്പുരയിലാണ് അതിന്റെ ഷൂട്ടിങ് നടക്കുന്നത്. അവിടൊരു കൊട്ടാരമുണ്ട്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഒരു ഓഫീസ് അതിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അന്നവിടെ ഷൂട്ടിങ്ങിന് പെര്‍മിഷന്‍ കൊടുക്കാറുണ്ട്. ഇന്നുണ്ടോന്ന് അറിയില്ല. അതിനടുത്താണ് എന്റെ വീട്. ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നില്ല. വെറുതേ കാണാന്‍ പോയതാണ്.
ലാലേട്ടന്റെ ഷൂട്ടിങ്ങാണ് നടക്കുന്നതെന്ന് അറിഞ്ഞിട്ട് ഞാന്‍ ലൊക്കേഷനിലേക്ക് എന്റെ ബൈക്കില്‍ പോയി. ഉച്ചയ്ക്ക് രണ്ടോ മൂന്നോ മണിയായിട്ടുണ്ടാവും. അന്നേരം ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കുകയാണ്. ലാലേട്ടനെ കാണുകയും അവിടെ കുറേ നേരം സംസാരിച്ചിരിക്കകയും ചെയ്തു. നാലര മണിയായപ്പോഴേക്കും ലാലേട്ടന്റെ അന്നത്തെ വര്‍ക്ക് കഴിഞ്ഞു. ഷൂട്ടിങ്ങ് അപ്പോഴും നടക്കുന്നുണ്ട്.
ലാലേട്ടന്‍ സ്വന്തമായി ആദ്യം നിര്‍മ്മിച്ച വലിയൊരു വീട് കവടിയാറിലുണ്ട്. അച്ഛനും അമ്മയും താമസിക്കുന്ന വീട് വേറെയുണ്ടെങ്കിലും ലാലേട്ടന്‍ സ്വന്തമായി നിര്‍മ്മിച്ചത് അവിടെയുണ്ട്. ആ വീട് ലാലേട്ടന്‍ വേറെ ആര്‍ക്കോ വിറ്റു. അന്ന് പക്ഷേ ആ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. വലിയൊരു ഗേറ്റ് ഒക്കെയുള്ള ആ വീട്ടിലേക്ക് കയറിയാല്‍ ഒരു സൈഡിലൂടെ പോയിട്ട് വേണം മുന്നിലേക്ക് എത്താന്‍. ആ വീടിന്റെ മുന്‍പിലാണ് നടി ചിപ്പിയുടെ വീട്.
അദ്ദേഹം ഷൂട്ടിങ് കഴിഞ്ഞ് പോകാന്‍ നോക്കുകയാണ്. കാറൊക്കെ റെഡിയാക്കി നിര്‍ത്തിയപ്പോള്‍ എന്നോട് പോവുകയാണെന്ന് പറഞ്ഞു. എന്നിട്ട് നീയെങ്ങനെയാണ് വന്നതെന്ന് ചോദിച്ചു. ബൈക്കിലാണെന്ന് പറഞ്ഞപ്പോള്‍ എന്നോട് നീയെന്നെ ബൈക്കില്‍ വീട്ടിലേക്ക് വിടുമോന്ന് ചോദിച്ചു. ഞാനത് കേട്ട് ഞെട്ടി, ങേ ബൈക്കിലോന്ന് തിരിച്ച് ചോദിച്ചപ്പോള്‍ അതെന്താ തനിക്ക് ഇഷ്ടമല്ലേ, നിന്റെ ബൈക്കിലെന്നെ കേറ്റില്ലേ എന്ന് ചോദിച്ചു.

ഇഷ്ടമില്ലാത്തത് കൊണ്ടല്ല, ചേട്ടനെയും കൊണ്ട് ബൈക്കില്‍ പോകാന്‍ എനിക്ക് ശരിക്കും പേടിയായിരുന്നു. എവിടെയെങ്കിലും പോയി തട്ടുകയോ, വീഴുകയോ ഒക്കെ ചെയ്താലോ എന്ന് പേടിച്ചു. ഇഷ്ടമല്ലെങ്കില്‍ വേണ്ടെന്ന് കൂടി ലാലേട്ടന്‍ പറഞ്ഞതോടെ കുഴപ്പമൊന്നുമില്ല കയറിക്കോളാനും ഞാന്‍ പറഞ്ഞു. കാര്‍ പുറകേ വരാമെന്ന് പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ല, ഞങ്ങളങ്ങ് പോയിക്കോളമെന്നായി അദ്ദേഹം.
ആര്‍എക്‌സ് 100 ആണ് എന്റെ ബൈക്ക്. വളരെ പതുക്കെയാണ് ഞാന്‍ പോകുന്നത്. റോഡിലുള്ള ആളുകളൊക്കെ ഞങ്ങളെ കണ്ടിട്ട് സംശയത്തോടെ നില്‍ക്കുകയണ്. മോഹന്‍ലാല്‍ ഒരു ബൈക്കിന് പിന്നില്‍ കയറി പോകുമെന്ന് അവരും ചിന്തിക്കുന്നില്ല. മോഹന്‍ലാല്‍ ആണെന്ന് മനസിലായതോടെ ഇത് ഷൂട്ടിങ്ങായിരിക്കുമെന്ന് കരുതി എല്ലാവരും ക്യാമറ എവിടെയാണെന്ന് നോക്കാന്‍ തുടങ്ങി.
അങ്ങനെ വീടിന്റെ ഗേറ്റിന് മുന്നിലെത്തി ഹോണ്‍ അടിച്ചിട്ടും ഹിന്ദിക്കാരനായ സെക്യൂരിറ്റി ഗേറ്റ് തുറക്കുന്നില്ല. കാരണം അദ്ദേഹം മോഹന്‍ലാല്‍ ബൈക്കില്‍ വരുമെന്ന് ചിന്തിക്കുന്നില്ല. അടുത്തുള്ളവരൊക്കെ വട്ടം കൂടുകയും നിന്റെ മുതലാളിയാണെടാ കതക് തുറക്ക് എന്നൊക്കെ പറഞ്ഞു. അവസാനമാണ് അവന് മനസിലായത്. ഇതോടെ സോറി സാര്‍ എന്ന് പറഞ്ഞ് ഗേറ്റ് തുറന്നു.
വലിയ കാറുകളില്‍ മാത്രം സഞ്ചരിക്കുന്ന ആള് ഒരു സാധാരണ ബൈക്കില്‍ വന്നിറങ്ങുമെന്ന് അവന്‍ ഒട്ടും ചിന്തിച്ചില്ല. അങ്ങനെ മോഹന്‍ലാലിന് സ്വന്തം വീടിന് മുന്നില്‍ അഞ്ച് മിനുറ്റോളം വാതില്‍ തുറക്കാതെ നില്‍ക്കേണ്ടി വന്നുവെന്ന് പറയുകയാണ് നന്ദു.


Click it and Unblock the Notifications











