നസ്രിയക്കൊപ്പം പോകും മുമ്പ് ഭാര്യ എന്നെക്കൊണ്ട് പ്രോമിസ് ചെയ്യിച്ചു; ഞങ്ങൾ തമ്മിലുള്ള സൗഹൃദം; നാനി
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നസ്രിയ നസീം. സിനിമാ രംഗത്ത് വൻ തരംഗമുണ്ടാക്കാൻ കരിയറിലെ തുടക്ക കാലത്ത് നസ്രിയക്ക് കഴിഞ്ഞു. ഷോകളിലെ അവതാരകയായിരുന്ന നസ്രിയക്ക് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ സാധിച്ചു. കരിയറിലെ വൻ അവസരങ്ങൾ ലഭിക്കുന്ന ഘട്ടത്തിലാണ് നസ്രിയ നടൻ ഫഹദ് ഫാസിലിനെ വിവാഹം ചെയ്യുന്നത്. 19ാം വയസിലെ നടിയുടെ വിവാഹത്തെക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു.
ഫഹദുമായുള്ള പ്രായ വ്യത്യാസവും പലരും ചൂണ്ടിക്കാട്ടി. നസ്രിയയേക്കാൾ 11 വയസ് കൂടുതലാണ് ഫഹദിന്. സിനിമാ രംഗത്ത് നിന്നും വിവാഹത്തോടെ നസ്രിയ മാറി നിന്നു. എന്നാൽ ഇടയ്ക്ക് ചില സിനിമകൾ ചെയ്യാൻ താരം തയ്യാറായി. വിവാഹത്തിന് ശേഷം വിരലിൽ എണ്ണാവുന്ന സിനിമളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. തന്റെ വ്യക്തി ജീവിതം ആസ്വദിക്കുകയായിരുന്നെന്നും ഇടവേള സ്വാഭാവികമായി സംഭവിച്ചതാണെന്നുമാണ് നസ്രിയ ഒരിക്കൽ പറഞ്ഞത്.

കരിയറിൽ സജീവമല്ലെങ്കിലും സിനിമാ ലോകത്ത് അടുത്ത സൗഹൃദങ്ങൾ നസ്രിയ നസീമിനുണ്ട്. ഇതിലൊരാളാണ് തെലുങ്ക് നടൻ നാനി. ഇരുവരും ഒരുമിച്ച് അണ്ടെ സുന്ദരനികി എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നസ്രിയയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നാനി. തന്റെ വളരെ അടുത്ത സുഹൃത്താണ് നസ്രിയയെന്ന് നാനി പറയുന്നു.
യൂണിവേഴ്സിലെ എല്ലാ എനർജിയും നസ്രിയയിലുണ്ട്. നസ്രിയ ഞാനുമായി വളരെ ക്ലോസ് ആണ്. ഞങ്ങൾ എപ്പോഴും വഴക്കിടും. എനിക്ക് മറ്റാരോടും തോന്നാത്ത എനർജിയുണ്ട്. ഞങ്ങൾക്ക് യുഎസിൽ ഷൂട്ടുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പോയത്. എന്റെ ഭാര്യ അഞ്ജുവും മക്കളും ഞങ്ങൾ ഫ്ലെെറ്റിൽ വഴക്കിടില്ലെന്ന് എന്നെക്കൊണ്ട് പ്രോമിസ് ചെയ്യിച്ചു.

പക്ഷെ ഞങ്ങൾ എപ്പോഴും വഴക്കിട്ടു. കെമിസ്ട്രിയോ കംഫർട്ടോ ആയിരിക്കാം. അതങ്ങനെ സംഭവിച്ചു. നസ്രിയയെ പോലെ പെരുമാറാൻ പറഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ എനിക്ക് ഗ്ലൂക്കോസ് വാട്ടർ വേണ്ടി വരും. അത്രയും എനർജി എനിക്ക് നില നിർത്താൻ പറ്റില്ല. എല്ലാ ദിവസവും അവൾ അങ്ങനെയാണ്. ഒരു ദിവസമോ ഒരു ഇവന്റിനോ ക്യാമറയ്ക്ക് മുന്നിലോ അല്ല. നസ്രിയ എഴുന്നേൽക്കുന്നത് തന്നെ അത്രയും എനർജിയുമായാണെന്നും നാനി പറഞ്ഞു.
സഹപ്രവർത്തകരുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലാകുന്ന പ്രകൃതമാണ് നസ്രിയക്ക്. പൃഥിരാജിനൊപ്പം കൂടെ എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഇരുവരും പെട്ടെന്ന് സൗഹൃദത്തിലായി. പൃഥിയുടെ ഭാര്യ സുപ്രിയ മേനോൻ, സംവിധായിക അഞ്ജലി മേനോൻ, നടി പാർവതി തുടങ്ങിയവരെല്ലാം നസ്രിയയുടെ സുഹൃത്തുക്കളാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സൂക്ഷ്മ ദർശിനി എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് നസ്രിയ. ബേസിൽ ജോസഫാണ് ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications











