അത്തരം കാര്യങ്ങൾ മീര കർശനമായി പറയുമായിരുന്നു; സ്വയം സംരക്ഷിക്കാൻ ശ്രമിച്ചിരുന്നെന്ന് മീരയും
ഏറെക്കാലത്തിന് ശേഷം മീര ജാസ്മിനും നരേനും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമയാണ് ക്യൂൻ എലിസബത്ത്. അച്ചുവിന്റെ അമ്മ, ഒരേ കടൽ മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളിലൂടെ ജനപ്രീതി നേടിയ ജോഡി വീണ്ടുമെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കരിയറിൽ നിന്നും നീണ്ട ഇടവേളയെടുത്ത മീര ജാസ്മിൻ വീണ്ടും അഭിനയ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. മകൾ ആണ് ഇതിന് മുമ്പിറങ്ങിയ മീരയുടെ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
അതിനാൽ തന്നെ ക്യൂൻ എലിസബത്തിൽ മീര ജാസ്മിന് പ്രതീക്ഷകൾ ഏറെയാണ്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മീരയും നരേനും. മലയാള സിനിമാ രംഗത്ത് ഷൂട്ടിംഗിനെടുക്കുന്ന സമയ ദൈർഘ്യത്തെക്കുറിച്ച് ഇരുവരും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീഡിയ വണ്ണുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ഒരു തെലുങ്ക് പടത്തിൽ ഗസ്റ്റ് റോൾ ചെയ്യവെ ജൂനിയർ എൻടിആർ ചോദിച്ചത് നിങ്ങൾ മലയാളം ഇൻഡസ്ട്രിയിൽ ഇപ്പോഴും രാവിലെ ആറര മുതൽ രാത്രി 9 മണി വരെ ഷൂട്ട് ചെയ്യുന്നുണ്ടോ എന്നാണ്. അതെയെന്ന് പറഞ്ഞപ്പോൾ അതെങ്ങനെ പറ്റുന്നു എന്നൊക്കെ അദ്ദേഹം ചോദിച്ചു. ഇതേ രണ്ടര മണിക്കൂർ പടം അവർ നൂറ് ദിവസം കൊണ്ട് ഷൂട്ട് ചെയ്യുന്നു, നമ്മൾ അമ്പത് ദിവസം കൊണ്ട് ഷൂട്ട് ചെയ്യുന്നു. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ അതത്ര ഹെൽത്തിയല്ലെന്നും നരേൻ ചൂണ്ടിക്കാട്ടി. മീര ജാസ്മിൻ അത്തരം കാര്യങ്ങളിൽ കർശനമായി തന്റെ അഭിപ്രായം പറയുമായിരുന്നെന്നും നരേൻ ചൂണ്ടിക്കാട്ടി.
ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം മീര ജാസ്മിനും പങ്കുവെച്ചു. താൻ പണ്ട് ഇതേക്കുറിച്ച് ചോദിക്കുമായിരുന്നു. 12 മണിക്കൊക്കെ പാക്കപ്പ് പറഞ്ഞ് പിറ്റേന്ന് ഏഴ് മണിക്ക് സ്പോട്ടിലിരിക്കാൻ പറയും. സ്ത്രീകൾക്കത് പലപ്പോഴും ബുദ്ധിമുട്ടാണെന്നും മീര ജാസ്മിൻ വ്യക്തമാക്കി. അഭിനയത്തിൽ ഇപ്പോൾ വന്ന മാറ്റത്തെക്കുറിച്ചും മീര ജാസ്മിൻ സംസാരിച്ചു. ഇപ്പോൾ ഡ്രാമ കുറവാണ്. പെരുമാറ്റമാണ്. അന്നും ബിഹേവിയർ അഭിനയത്തിലാണ് ഞാൻ വിശ്വസിച്ചത്.

അന്ന് ഞങ്ങൾ ബിഹേവ് ചെയ്താൽ കുറച്ച് കൂടുതൽ അഭിനയിക്കാൻ ചില സംവിധായകർ പറയും. അവർക്ക് വേണ്ടതല്ലേ നമ്മൾ കൊടുക്കേണ്ടത്. ഇപ്പോഴത്തെ സിനിമകളിൽ അഭിനയം നാച്വറലാണെന്നും മീര ജാസ്മിൻ ചൂണ്ടിക്കാട്ടി. അഭിനയ രംഗത്ത് സജീവമായിരുന്ന കാലത്ത് തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ കാണിച്ച ധൈര്യത്തക്കുറിച്ചും മീര ജാസ്മിൻ സംസാരിച്ചു.
അന്ന് അങ്ങനെ അഭിപ്രായം പറയുന്നവർ ആരുമില്ലായിരുന്നു. എനിക്ക് എന്നെ സംരക്ഷിക്കണമായിരുന്നു, ഞാനങ്ങനെ ആയേലെ എനിക്കെന്നെ നോക്കാൻ പറ്റൂ. വളരെ സോഫ്റ്റായി നിന്നാൽ ഒരുപാട് പേർ മുതലെടുക്കും. പൊതുവെ സ്ത്രീകൾ കുറച്ച് സ്ട്രോങ്ങായി സംസാരിക്കുമ്പോൾ അവൾ ഭയങ്കര അഹങ്കാരിയാണെന്ന് പറയും. ശരിക്കും അവരെ സംരക്ഷിക്കാനുള്ള മെക്കാനിസം ആണത്.
അന്ന് എന്റെ മനസിൽ തോന്നിയത് വിളിച്ച് പറഞ്ഞു. ഇന്ന് പരാതി പറയാൻ സംഘടനകളുണ്ടെന്നും മീര ജാസ്മിൻ ചൂണ്ടിക്കാട്ടി. കരിയറിലെ തുടക്കകാലം മുതൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ടായിരുന്നു. ഒന്ന് രണ്ട് നല്ല കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പിന്നീട് അത്തരം വേഷങ്ങൾ തുടരെ വരുമെന്നും നടി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications