എക്സൈറ്റ്മെന്റിലാണ് ചെന്നത്, ശങ്കർ സാറിൽ നിന്നും മോശം അനുഭവമായിരുന്നു, പുള്ളിയെ ഞാൻ ബ്ലോക്ക് ചെയ്തു; ഷമീർ
മലയാള സിനിമയിലെ അറിയപ്പെടുന്ന എഡിറ്റർമാരിൽ ഒരാളാണ് ഷമീർ മുഹമ്മദ്. പത്ത് വർത്തിനുള്ളിൽ അമ്പതോളം സിനിമകളുടെ എഡിറ്ററായി ഷമീർ പ്രവർത്തിച്ചു. അവയിൽ ഭൂരിഭാഗവും ഹിറ്റ് ചിത്രങ്ങളായിരുന്നു. ഷമീർ മുഹമ്മദിന്റെ ഫിലിമോഗ്രഫിയിലേക്ക് എഴുതി ചേർക്കപ്പെട്ട ഏറ്റവും പുതിയ സിനിമ ടൊവിനോ തോമസ് സിനിമ നരിവേട്ടയാണ്. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പത്ത് വർഷത്തെ സിനിമാ ജീവിത അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷമീർ മുഹമ്മദ്.
ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിനൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും ഷമീർ പങ്കുവെച്ചു. ചാർളി ചെയ്യുന്നതിനും എട്ട് കൊല്ലം മുമ്പ് ഞാൻ സിനിമയിൽ വന്നിരുന്നു. അന്നേ എനിക്ക് അറിയാമായിരുന്നു ഞാൻ ഒരു എഡിറ്ററാകുമെന്ന്. 2015ൽ അങ്ങനെ ചാർളി ചെയ്തു. എഡിറ്റിങ്ങ് പാഷനാണോയെന്ന് ചോദിച്ചാൽ സുഹൃത്തിനൊപ്പം വിഎഫക്സ് പഠിക്കാൻ പോയ ഞാൻ പിന്നീട് എഡിറ്റിങ്ങിലേക്ക് തിരിയുകയായിരുന്നു.

ബി.ഉണ്ണികൃഷ്ണന്റെ അസോസിയേറ്റ് വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. കലക്ടർ സിനിമയുടെ എഡിറ്റർ തമിഴ്നാട്ടുകാരനായിരുന്നു. അദ്ദേഹത്തിന് അസിസ്റ്റന്റായി പ്രവർത്തിച്ചാണ് സിനിമയിലേക്ക് എത്തിയത്. നരിവേട്ട കണ്ടാൽ ആർക്കും സിനിമയുടെ ബജറ്റ് മനസിലാവില്ല. പക്ഷെ നല്ല ബജറ്റിൽ എടുത്ത പടം തന്നെയാണ് നരിവേട്ട. റിയൽ കാട്ടിലാണ് സിനിമ മുഴുവൻ ഷൂട്ട് ചെയ്തത്. പുലി ഇറങ്ങുന്ന സ്ഥലമായിരുന്നു. നരിവേട്ടയുടെ സ്ക്രിപ്റ്റ് വർക്ക് തുടങ്ങിയപ്പോൾ മുതൽ ഞാനും ഒപ്പമുണ്ടായിരുന്നു.
എഡിറ്റിങ്ങിൽ എന്ത് വേണമെങ്കിലും ചെയ്യാനുള്ള ഫ്രീഡം അനുരാജ് മനോഹർ തന്നിരുന്നു. എന്റെ തുടക്കം വെഡ്ഡിങ് എഡിറ്റ് ചെയ്തിട്ടായിരുന്നു. തുടക്കത്തിൽ ഫൈറ്റ് സീനുകൾ മാത്രം എഡിറ്റ് ചെയ്യാൻ ഞാൻ പോകുമായിരുന്നു. സ്ക്രിപ്റ്റ് കേട്ട് എക്സൈറ്റഡായി ഞാൻ ചെയ്ത സിനിമകൾ കുറവാണ്. നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയാവില്ല ഒരു സിനിമ തിയേറ്ററിൽ വർക്കാക്കുന്നത്.
എന്നോട് നന്നായി സംസാരിക്കുന്ന സുഹൃത്തുക്കളുടെ സിനിമകളാണ് ചെയ്യാറ്. ഭയങ്കര സൂപ്പർ സ്ക്രിപ്റ്റായിരിക്കും ചിലരുടേത്. പക്ഷെ അവർ എന്നെ വിളിച്ച് സംസാരിക്കുമ്പോൾ ഞങ്ങൾ തമ്മിലുള്ള വൈബ് സെറ്റായില്ലെങ്കിൽ ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്യില്ല. കാരണം അത്രയും നാൾ ആളുടെ കൂടെ പോയി ഇരുന്ന് എനിക്ക് വർക്ക് ചെയ്യാൻ പറ്റില്ല. അവർക്കും എനിക്കും ബുദ്ധിമുട്ടായിരിക്കും. അങ്ങനെ ഞാൻ വലിയ സിനിമകൾ വരെ വിട്ടിട്ടുണ്ട്. ഹെലൻ നാഷണൽ അവാർഡ് കിട്ടിയ പടമാണ്.
ആ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് വലിയൊരു പടം ഞാൻ വിട്ടിട്ടുണ്ട്. പക്ഷെ സിനിമ ഏതെന്ന് പറയുന്നില്ല. അതുപോലെ ഞാൻ ട്രെയിലർ എഡിറ്റ് ചെയ്യുന്നത് കുറവാണ്. സിനിമ എഡിറ്റ് ചെയ്യുന്നതിനേക്കാൾ പണിയാണ് ട്രെയിലർ ചെയ്യാൻ. ഒരുപാട് ആളുകൾ അഭിപ്രായം പറയാൻ വരും. ഗെയിം ചെയ്ഞ്ചർ സിനിമ എഡിറ്റ് ചെയ്യാനും എനിക്ക് അവസരം വന്നിരുന്നു. അൻപറിവുമായുള്ള സൗഹൃദത്തിലൂടെയാണ് ആ സിനിമ വന്നത്. ഞാൻ അസിസ്റ്റ് ചെയ്യുന്ന കാലം മുതൽ അവരെ എനിക്ക് പരിചയമുണ്ട്.

എഡിറ്ററെ സജസ്റ്റ് ചെയ്യാനുണ്ടോയെന്ന് ശങ്കർ സാർ ചോദിച്ചപ്പോൾ അവർ എന്റെ പേര് പറയുകയായിരുന്നു. പക്ഷെ ഞാൻ ആ സിനിമ പൂർത്തിയാക്കിയില്ല. എന്റെ പേര് പടത്തിലുണ്ട്. ഒരു കൊല്ലം കൊണ്ട് തീരുമെന്ന് കരുതിയ പടം മൂന്ന് കൊല്ലം പോയി. ഇനിയും ആറ് മാസം കൂടി നിൽക്കേണ്ടി വരുമെന്ന് തോന്നി. മാർക്കോ, രേഖാചിത്രം, എആർഎം സിനിമകൾ എനിക്ക് മലയാളത്തിൽ റിലീസുണ്ടായിരുന്നു. അതുകൊണ്ട് അത് വിട്ട് ഞാൻ ഇവിടേക്ക് വന്നു. ഞാൻ എഡിറ്റ് ചെയ്യുമ്പോൾ ഏഴര മണിക്കൂറുണ്ടായിരുന്നു ഗെയിം ചെയ്ഞ്ചർ.
ഞാൻ അത് മൂന്നര മണിക്കൂറാക്കി. ഞാൻ വിട്ടശേഷം പുതിയൊരു എഡിറ്റർ വന്ന് ആ സിനിമ രണ്ടേ മുക്കാൽ മണിക്കൂറോ മറ്റോവാക്കി. ശങ്കർ സാറുമായി മോശം അനുഭവം ആയിരുന്നു. ഞാൻ വളരെ എക്സൈറ്റ്മെന്റിലാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ പോയത്. അവിടെ വേറെ ഏതോ ലോകത്താണ് കാര്യങ്ങൾ നടക്കുന്നത്. ഇവിടുത്തെ പോലെയല്ല.
പുള്ളി എഡിറ്റിന് ഇരിക്കാൻ വരുന്നതിന് പത്ത് ദിവസം മുമ്പ് എന്നെ അവിടെ കൊണ്ടിരുത്തും. ഞാൻ അവിടെ പോസ്റ്റാകും. അത് കഴിഞ്ഞ് പിന്നീട് ഒരു ദിവസം പുള്ളി വരും. അത് കഴിഞ്ഞ് വീണ്ടും അഞ്ച്, എട്ട് ദിവസം ഞാൻ പോസ്റ്റാകും. 350 ദിവസത്തോളം ചെന്നൈയിൽ ഞാൻ പോയി നിന്നിട്ടുണ്ട്. ഗെയിം ചെയ്ഞ്ചറിന് വേണ്ടി മാർക്കോ, രേഖാചിത്രം, എആർഎം എന്നീ സിനിമകൾ ഞാൻ വിട്ടിരുന്നുവെങ്കിൽ മണ്ടത്തരമായിപ്പോയേനെ. ഞാൻ പിന്നീട് ശങ്കർ സാറിനെ ബ്ലോക്ക് ചെയ്തു എന്നും ഷമീർ മുഹമ്മദ് പറഞ്ഞു.


Click it and Unblock the Notifications











