അഹങ്കാരിയായി എന്നാണ് എല്ലാവരും പറയുന്നത്, കൃത്യസമയത്ത് പ്രതികരിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്; നസ്ലിൻ ഗഫൂർ
മലയാള സിനിമ ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഒരു പ്രതിഭയാണ് യുവ നടൻ നസ്ലിൻ ഗഫൂർ. സഹനടനായി വന്ന് നായക വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള താരമായി നസ്ലിൻ വളർന്ന് കഴിഞ്ഞു. പ്രേമലുവിനുശേഷമാണ് താരമെന്ന രീതിയിൽ നസ്ലിൻ ആഘോഷിക്കപ്പെട്ട് തുടങ്ങിയത്. എന്നാൽ അടുത്തിടെയായി കടുത്ത സൈബർ ബുള്ളിയിങ് താരം നേരിടുന്നുണ്ട്. അതിന് കാരണം വൈറലായ ഒരു വീഡിയോയായിരുന്നു.
സെൽഫി പകർത്താൻ അടുത്തെത്തിയ ആരാധകന്റെ കൈ നസ്ലിൻ തട്ടിമാറ്റി എന്നതായിരുന്നു കാരണം. ഇപ്പോഴിതാ വൈറലായ സംഭവത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് താരം. കൃത്യസമയത്ത് പ്രതികരിച്ചുവെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് നസ്ലിൻ എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെ?. വെറുതെ അനാവശ്യമായി നമ്മൾ പ്രതികരിക്കേണ്ടതില്ലല്ലോ. എന്റെ പ്രതികരണം ഓൾറെഡി ആ വീഡിയോയിൽ കണ്ടതാണ്. എനിക്ക് അതേ പറയാനുള്ളു. കൃത്യസമയത്ത് പ്രതികരിച്ചുവെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതിനെ പ്രതി വീണ്ടും ഒരു വിശദീകരണം ആവശ്യമുള്ളതായി എനിക്ക് തോന്നിയില്ല.
അതുകൊണ്ടാണ് ഞാൻ സോഷ്യൽമീഡിയ പോലുള്ള പ്ലാറ്റ്ഫോമിൽ വന്ന് ഞാൻ പറയാതിരുന്നത്. അഹങ്കാരിയായി എന്നാണ് എല്ലാവരും പറയുന്നതെന്ന് നസ്ലിൻ പറയുന്നു. ആലപ്പുഴ ജിംഖാന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആരാധകർക്ക് ഇടയിലേക്ക് എത്തിയപ്പോഴാണ് ഒരു ആരാധകർ നസ്ലിന്റെ തോളിൽ കൈയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചത്. ചുറ്റും ആളുകൾ തിങ്ങി കൂടി നിൽക്കുകയും ചെയ്തിരുന്നു.
ആരാധകൻ കൈ തോളിൽ ഇട്ടതോടെ അസ്വസ്ഥനായ നസ്ലിൻ ഡാ.. ഡാ.. വിടഡാ എന്ന് പറഞ്ഞ് കൈ തട്ടി മാറ്റുകയായിരുന്നു. വീഡയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടുതൽ ആളുകളും നസ്ലിനെ വിമർശിച്ചാണ് കമന്റുകൾ കുറിച്ചത്. സിനിമകൾ വിജയിച്ച് തുടങ്ങിയതോടെ നസ്ലിന് അഹങ്കാരമായി എന്ന തരത്തിലായിരുന്നു ഏറെയും കമന്റുകൾ.
നസ്ലിന്റെ സിനിമകൾ കാണരുതെന്ന് ആഹ്വാനം ചെയ്ത് അടക്കം കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ മറ്റ് ചിലർ നസ്ലിന്റെ പ്രവർത്തിയെ അനുകൂലിച്ച് എത്തി. ആരാധകരാണെന്ന് കരുതി സ്വകാര്യതയിലേക്ക് കടന്ന് കയറുമ്പോൾ മിണ്ടാതിരിക്കേണ്ട ആവശ്യമില്ലെന്നും നസ്ലിന്റേത് കൃത്യമായ പ്രതികരണമായിരുന്നുവെന്നുമാണ് അനുകൂലിച്ചവർ കുറിച്ചത്.

പേഴ്സണൽ സ്പേസ് എന്നൊരു സംഭവമുണ്ട്. അത് മലയാളിക്ക് മനസിലാവുന്നില്ല. എന്നിട്ട് ഞാൻ എന്താ ചെയ്തത് എന്ന് മനസിലാവാതെ സ്വയം ന്യായീകരിക്കുന്നു, ആരാധകൻ ചെയ്തത് മോശം പ്രവൃത്തി ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ ശരീരത്തിൽ തൊടാൻ പാടില്ല എന്നിങ്ങനെയാണ് അനുകൂലിച്ച് ആളുകൾ കുറിച്ചത്. നസ്ലിനോട് ഞാൻ ബലം പ്രയോഗിക്കേണ്ട കാര്യമില്ലല്ലോ.
മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നുവെങ്കിൽ സാറേയെന്നോ ഇക്കായെന്നോ വിളിച്ച് തോളിൽ കൈ ഇടാമായിരുന്നു. ഇത് സെയിം എയ്ജിലുള്ള വ്യക്തിയായതുകൊണ്ടാണ് പുള്ളിയുടെ തോളിൽ കൈ ഇട്ടത്. കൂട്ടുകാരൻ എന്ന നിലയ്ക്കാണ് പുള്ളിക്കൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ചത്. തോളിൽ കൈ ഇട്ടത് പുള്ളിക്ക് എന്തുകൊണ്ടാണ് ഇഷ്ടപ്പെടാതെ പോയതെന്ന് എനിക്ക് മനസിലായില്ല.
നസ്ലിനോട് വെറുപ്പ് തോന്നിയില്ലെന്നുമാണ് വൈറൽ വീഡിയോയിലെ ആരാധകൻ പിന്നീട് പ്രതികരിച്ച് പറഞ്ഞത്. നസ്ലിന്റെ ഏറ്റവും പുതിയ റിലീസായ ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഖാലിദ് റഹ്മാനാണ് സിനിമ സംവിധാനം ചെയ്തത്.


Click it and Unblock the Notifications