നോ പറയാൻ മടിയില്ലെന്ന് നസ്ലെൻ; പക്ഷെ എപ്പോഴും ഒരു കാര്യം ശ്രദ്ധിക്കും
മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് നസ്ലെൻ കെ ഗഫൂറാണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന കോമെഡി കമിങ്-ഓഫ്-ഏജ് ഡ്രാമ ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങിയ യുവ താരം, ഇന്ന് നൂറ് കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ രണ്ട് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ നായകനാണ് - പ്രേമലു, അടുത്തിടെ പുറത്തിറങ്ങിയ ലോക: ചാപ്റ്റർ 1 - ചന്ദ്ര എന്നിവയാണത്. അപാരമായി ഹ്യൂമർ കൈകാര്യം ചെയ്യാനുള്ള കഴിവും, അഭിനയശേഷിയും, അടുത്തവീട്ടിലെ പയ്യൻ ലൂക്കും, നസ്ലെനെ ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാക്കി കഴിഞ്ഞു.
അടുത്തിടെ പ്രേമലു 2 എന്ന് പേരിട്ട ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം നീട്ടിവച്ചപ്പോൾ, നസ്ലെൻ ചിത്രത്തിൽ നിന്ന് പിന്മാറിയത് കൊണ്ടാണ് അത് സംഭവിച്ചതെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ, ലോക പ്രൊമോഷൻസിനിടെ ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ, താൻ കരിയറിലെ ജീവിതത്തിലും പിന്തുടരുന്ന ഒരു പ്രധാനപ്പെട്ട രീതിയെ കുറിച്ച് യുവ നടൻ സംസാരിച്ചു. 'നോ' പറയേണ്ടിടത്ത് അത് പറയുക തന്നെ ചെയ്യും, എന്നതായിരുന്നു അത്.

"എനിക്ക് അങ്ങനെ 'നോ' പറയാൻ മടിയില്ല. അങ്ങനെ മടിയുള്ള ഒരാളല്ല," അടുത്തിടെ നൽകിയ അഭിമുഖത്തിൽ നസ്ലെൻ കെ ഗഫൂർ വെളിപ്പെടുത്തി. എന്നാൽ അപ്പോഴും, ചില കാര്യങ്ങൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും യുവ താരം പറയുന്നു. തനിക്ക് എതിരെ നിൽക്കുന്നവരെ വേദനിപ്പിക്കാതെയാണ് 'നോ' പറയാറുള്ളത് എന്ന് നസ്ലെൻ വെളിപ്പെടുത്തി. "എനിക്ക് ഓപ്പോസിറ്റ് നിൽക്കുന്നവരെ വേദനിപ്പിച്ചു കൊണ്ടായിരിക്കില്ല ഞാൻ 'നോ' പറയുന്നത്. എന്നാലും, നമ്മുടെ ഭാഗം ക്ലിയർ ചെയ്യുക എന്ന രീതിയിൽ കാര്യം പറയും," ലോക നടൻ കൂട്ടി ചേർത്തു.

"അങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ ജീവിതത്തിൽ അധികം റിഗ്രെറ്റ് ഒന്നും തോന്നിയിട്ടില്ല. അപ്പോൾ 'നോ' പറയാമായിരുന്നു, എന്ന് പിന്നീട് തോന്നുന്ന അവസ്ഥ ഉണ്ടായിട്ടില്ല," നസ്ലെൻ വെളിപ്പെടുത്തി. എന്നാൽ ഈ രീതി താൻ സിനിമയിൽ മാത്രമല്ല, പണ്ട് മുതൽക്ക് തന്നെ ജീവിതത്തിലും പൊതുവായി പിന്തുടരുന്ന ഒന്നാണെന്ന് യുവ നടൻ കൂട്ടി ചേർത്തു. "നമുക്ക് ഓക്കേ അല്ലാത്ത ഒരു കാര്യമാണെങ്കിൽ അത് പറയുക എന്നുള്ളത് - അത് ചെയ്യുന്ന ഒരാളാണ് ഞാൻ," പ്രേമലു താരം വെളിപ്പെടുത്തി. ഒപ്പം അഭിമുഖത്തിൽ പങ്കെടുത്ത ചന്തു സലിംകുമാറും, അരുൺ കുര്യനും, ഏറ്റവും നല്ല ഗുണമാണ് അതെന്ന് പറഞ്ഞു കൊണ്ട് നസ്ലെനെ അഭിനന്ദിക്കുകയും ചെയ്തു.
പുതിയ അഭിമുഖത്തിൽ നസ്ലെൻ നടത്തിയ വെളിപ്പെടുത്തലിൽ നിന്നും, തനിക്ക് ശരിയായി തോന്നാത്ത സിനിമകളോടും, വേഷങ്ങളോടും 'നോ' പറയാൻ യുവ താരം മടിക്കില്ല എന്നത് വ്യക്തമാണ്. എല്ലാ നടന്മാർക്കും നടിമാർക്കും ഉണ്ടാവേണ്ടതും, എന്നാൽ സൂപ്പർതാരങ്ങൾ അടക്കമുള്ളവർക്ക് ഇല്ലാത്തതുമായ ഒരു ഗുണം ആണ് അതെന്ന് പറയേണ്ടി വരും. തനിക്ക് ചെയ്യണമെന്ന് ഉറപ്പുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുകയും, കൃത്യതയോടെ കരിയറിൽ മുന്നോട്ട് പോവുകയും ചെയ്താൽ, നസ്ലെൻ ഇനിയും ഏറെ ഉയരങ്ങളിൽ എത്തുമെന്നത് ഉറപ്പാണ്.


Click it and Unblock the Notifications











