മെറിറ്റിൽ വന്ന പയ്യനാണ്: നസ്ലെന് എതിരെയുള്ള ആക്രമണത്തിന് ചുട്ട മറുപടിയുമായി സോഷ്യൽ മീഡിയ
മലയാള സിനിമയിലെ ഇന്നത്തെ യുവനിരയിൽ ഏറ്റവും കഴിവുള്ള താരങ്ങളിൽ ഒരാലാണ് നസ്ലെൻ കെ ഗഫൂർ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന 2019ൽ റിലീസായ ചിത്രത്തിൽ അഭിനയ ജീവിതം തുടങ്ങിയ യുവനടൻ, തന്റെ അടുത്ത വീട്ടിലെ പയ്യൻ ഇമേജ് കൊണ്ടും, അഭിനയ പാടവം കൊണ്ട്, കോമഡി ടൈമിംഗ് കൊണ്ടും പ്രേക്ഷകരുടെ മനം കവർന്നു. 2024ൽ റിലീസായ പ്രേമലു നസ്ലെനെ താരപദവിയിലേക്ക് ഉയർത്തുകയും ചെയ്തു. എന്നാൽ കുറച്ചു ദിവസങ്ങളായി, സോഷ്യൽ മീഡിയയിൽ വ്യാപക ആക്രമണമാണ് നടൻ നേരിടുന്നത്.
പ്രേമലു 2ൽ നിന്ന് നസ്ലെൻ പിന്മാറിയെന്ന തരത്തിൽ പുറത്തു വന്ന റിപ്പോർട്ടുകളാണ് പുതിയ ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. യുവനടനെതിരെ കടുത്ത വിമർശനം ഉയർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെ, നസ്ലെന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്റെ ആരാധകരും, സിനിമയെ നിഷ്പക്ഷമായി നോക്കിക്കാണുന്ന പ്രേക്ഷകരും.
നസ്ലെനെതിരെ ഹേറ്റ് ക്യാമ്പയിൻ?
പ്രേമലു 2 വൈകും എന്ന വാർത്തകൾ പുറത്തിറങ്ങിയതോടെ, നസ്ലെനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരു വലിയ വിഭാഗം സോഷ്യൽ മീഡിയ പ്രേക്ഷകർ. യുവ നടന് ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഒരുക്കിയ തിരക്കഥ ഇഷ്ടമായില്ലെന്നും, പ്രേമലു 2ൽ നസ്ലെൻ ഉണ്ടായേക്കില്ല എന്നുമൊക്കെയുള്ള റിപോർട്ടുകൾ പുറത്തു വന്നു. ഇതോട് കൂടി, സമൂഹ മാധ്യമങ്ങളിൽ വ്യാപക ആക്രമണമാണ് യുവ നടനെതിരെ നടക്കുന്നത്.

താര പദവി യുവ നടനെ അഹങ്കാരി ആക്കിയെന്നും, ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒഴിവാക്കി നസ്ലെൻ തന്റെ കരിയറിനെ സ്വയം നശിപ്പിക്കുകയാണെന്നും, ചില പ്രേക്ഷകർ അഭിപ്രായപ്പെട്ടു. നസ്ലെൻ ഓവർറേറ്റഡ് ആണെന്നും, അതിലും കഴിവുള്ള യുവതാരങ്ങൾ മലയാളത്തിലുണ്ടെന്നും കാണിച്ച്, നടനെ താറടിക്കുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും നിലവിലെത്തി. ഇതിന് പുറമെ ആലപ്പുഴ ജിംഖാന എന്ന നടന്റെ ഏറ്റവും പുതിയ ചിത്രം നിരാശപ്പെടുത്തിയതോടെ, കടുത്ത ആക്രമണമാണ് നസ്ലെൻ സോഷ്യൽ മീഡിയയിൽ നേരിടുന്നത്.

നസ്ലെന് പിന്തുണയുമായി ആരാധകർ
എന്നാൽ, നസ്ലെന്റെ ആരാധകരും, നിഷ്പക്ഷമായി നിൽക്കുന്ന സിനിമാപ്രേമികളും, നടന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. യുവ നടന് നേരെ ഇപ്പോൾ നടക്കുന്ന 'ഹേറ്റ് ക്യാമ്പയിൻ' മറ്റേതെങ്കിലും സിനിമ പ്രവർത്തകർ മനഃപൂർവം നടത്തുന്ന പി.ആർ. ആക്രമണം ആവാമെന്നാണ് ഇവർ പറയുന്നത്. തന്റെ കരിയർ എങ്ങനെ വേണമെന്നും, ഏതൊക്കെ ചിത്രങ്ങൾ ചെയ്യണമെന്നും തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നടനുണ്ട്. ഒരു സ്ക്രിപ്റ്റ് ഇഷ്ടമായില്ലെങ്കിൽ, അത് സംവിധായകനോട് പറയാനുള്ള അവകാശവും ഉണ്ട്. മറ്റേതു താരവും ചെയ്യുന്നത് മാത്രമേ നസ്ലെൻ ചെയ്യുന്നുള്ളു എന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
"കണ്മുന്നിലൂടെ ഒരു പയ്യൻ വളർന്നു വന്നാൽ മലയാളികൾക്ക് കണ്ണു കടി കൂടും. അവൻ അവരെക്കാൾ പ്രായം കുറവ് കൂടെ ആണെങ്കിൽ പിന്നെ പറയെ വേണ്ട..!" ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. "ഗ്യാലറി ഇങ്ങേർക്ക് എതിരാണല്ലോ? മെറിറ്റിൽ വന്നവനാടാ... കുറെ കാലമായി നസ്ലെനെതിരെ അൺവാണ്ടഡ് ഹേറ്റ്... ഹീ ഈസ് ഹിയർ ടു സ്റ്റേ," മറ്റൊരു ആരാധകൻ എഴുതി. എന്തായാലും, പ്രേമലു 2നെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളോടും, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോടും, നസ്ലെൻ ഇത് വരെ പ്രതികരിച്ചിട്ടില്ല. എല്ലാ തടസ്സങ്ങളും മാറി, പ്രേമലു 2 സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ ഇപ്പോഴും. ദുൽഖർ സൽമാൻ നിർമിക്കുന്ന ഡൊമിനിക് അരുൺ ചിത്രം ലോക - ചാപ്റ്റർ 1: ചന്ദ്ര, അഭിനവ് സുന്ദർ നായിക്കിന്റെ മോളിവുഡ് ടൈംസ് എന്നിവയാണ് നസ്ലെൻ അഭിനയിക്കുന്ന പുതിയ ചിത്രങ്ങൾ.


Click it and Unblock the Notifications











