'ലുങ്കി ഉടുപ്പിച്ച് ടീ ഷർട്ട് ധരിപ്പിച്ച് തലയിൽ കെട്ടും നൽകി കൊണ്ടുപോയി, വളരെ അധികം സന്തോഷവാനായിരുന്നു'
സൗത്ത്ഇന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാർസിനും വലിയ അളവിൽ ആരാധകവൃന്ദമുണ്ട്. പക്ഷെ ദളപതി വിജയിയെപ്പോലെ ആരാധകരുമായി ഒരു ബന്ധം കാത്തുസൂക്ഷിക്കുന്ന താരം മറ്റൊരാളുണ്ടോയെന്ന് സംശയമാണ്. എൻ നെഞ്ചിൽ കുടിയിറുക്കും... എന്ന് സ്വതസിദ്ധമായ രീതിയിൽ വിജയ് സംസാരിക്കാൻ തുടങ്ങുമ്പോൾ കാതുപൊട്ടുന്ന ആരവമാണ് അതിന് മറുപടി പറയുക. ലിയോ സിനിമയുടെ അടക്കം കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി നടക്കുന്ന വിജയുടെ എല്ലാ സിനിമകളുടെയും ഓഡിയോ ലോഞ്ച് പരിപാടിയിൽ നമ്മളടക്കം എല്ലാവരും കാത്തിരുന്നത് വിജയ് എന്താണ് സംസാരിക്കാൻ പോകുന്നത് എന്ത് കുട്ടികഥയാണ് ആരാധകരോട് പറയാൻ പോകുന്നതെന്ന് അറിയാനാണ്.
കാരണം അദ്ദേഹം സംസാരിക്കുന്ന ഒരു 20 നിമിഷം അതുണ്ടാക്കുന്ന ഓളമെല്ലാം വളരെ വലുതാണ്. കറുത്ത് മെലിഞ്ഞ ശരീരവുമായി സിനിമയിലേക്ക് കടന്നുവന്ന് കളിയാക്കിയവരേയും കയ്യൊഴിഞ്ഞവരേയും വരെ തന്റെ ആരാധകരാക്കി മാറ്റി ദളപതി. ഇന്ന് താരം അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്.

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ സോഷ്യൽമീഡിയ വഴിയും മറ്റും ആശംസകൾ നേരുന്നുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഛായാഗ്രഹകനും നടനുമായ നടരാജൻ സുബ്രഹ്മണ്യം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വിജയിക്കൊപ്പം കേരളത്തിൽ പുലി സിനിമയുടെ ഷൂട്ടിന് എത്തിയപ്പോഴുള്ള അനുഭവം നടരാജൻ സുബ്രഹ്മണ്യം പങ്കിട്ടത്.
സാർ രാഷ്ട്രീയത്തിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. അത് വേണ്ടെന്ന് പറയാൻ നമ്മൾ ആരുമല്ല. തമിഴക വെട്രി കഴകത്തിന് എന്റെ എല്ലാവിധ ആശംസകളും. പക്ഷെ അദ്ദേഹത്തിന് അഭിനയത്തിന് ഒപ്പം തന്നെ രാഷ്ട്രീയപ്രവർത്തനവും നടത്താമായിരുന്നു. ദി ഗോട്ട് സിനിമയ്ക്കുശേഷം ഇനി അഭിനയിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് വലിയ വിഷമമുണ്ടാക്കി.
അഭിനയം ഉപേക്ഷിക്കുന്നത് എന്തിനാണ് നേരിൽ കാണാൻ അവസരം കിട്ടിയാൽ തീർച്ചയായും ചോദിക്കും. പുലി സിനിമയുടെ ഷൂട്ട് കുറച്ച് കേരളത്തിലായിരുന്നു. രാവിലെ സാർ ഹോട്ടലിൽ നിന്ന് ഇറങ്ങി ലൊക്കേഷനിലേക്ക് പോകുമ്പോൾ നിരവധി ആരാധകർ അദ്ദേഹത്തെ ബൈക്കിൽ ഫോളോ ചെയ്യും. ആവേശം കൊണ്ട് കെയർലെസ്സായിട്ടാണ് ഓടിക്കുന്നതെന്ന് മനസിലാകും.
അത് കാണുമ്പോൾ വിജയ് സാറിന് ടെൻഷനാകും. ഫോട്ടോയെടുക്കാനുള്ള സമയം അനുവദിക്കാമെന്ന് അവരോട് പറയൂവെന്ന് സാർ സഹായികളോട് പറഞ്ഞേൽപ്പിക്കും. 22 ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. പക്ഷെ ബോറടിക്കും. കാരണം സാറിന് ഹോട്ടലിൽ നിന്നും പുറത്തിറങ്ങാൽ സാധിക്കില്ല. ഇറങ്ങിയാൽ ജനം കൂടും.

ഒരു ദിവസം ബോറടിച്ച് അദ്ദേഹം എന്നെ വിളിച്ചു. നാല് ചുവരിനുള്ളിൽ ഇരുന്ന് സമയം ചിലവഴിച്ച് മടുത്തൂവെന്ന് പറഞ്ഞു. ശേഷം ഞാൻ അദ്ദേഹത്തെ ഒരു ലുങ്കി ഉടുപ്പിച്ച് ടീ ഷർട്ട് ധരിപ്പിച്ച് തലയിൽ കെട്ടും നൽകി അസിസ്റ്റൻസിനെ ഒന്നും ഒപ്പം കൂട്ടാതെ പുറത്തേക്ക് കൂട്ടി കൊണ്ടുപോയി. നടന്ന് പോയി ലോക്കൽ ചായ കടയിൽ നിന്നും ചായ കുടിച്ചു. ശേഷം അവിടെയുണ്ടായിരുന്ന ഒരു പുഴയരികിൽ പോയി കുറച്ച് നേരം ഇരുന്ന് തിരികെ ഞങ്ങൾ റൂമിൽ വന്നു.
അന്ന് ആ ഒന്നര മണിക്കൂർ അദ്ദേഹത്തെ വളരെ അധികം സന്തോഷവാനായി കണ്ടു. പീക്ക് ടൈമിൽ അദ്ദേഹം അഭിനയിക്കുന്നില്ലെന്ന് പറഞ്ഞുവെങ്കിൽ അതിന് അത്തരത്തിൽ ഒരു ധൈര്യം വേണം എന്നാണ് നടരജാൻ പറഞ്ഞത്. അതേസമയം അണിയറയിൽ ഒരുങ്ങുന്ന വിജയ് സിനിമ ദി ഗോട്ടാണ്.
വെങ്കട് പ്രഭു സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിനായി വിജയ് കേരളത്തിൽ എത്തിയിരുന്നു. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ഗോട്ട് ടീം ടീസർ പുറത്തിറക്കിയിരുന്നു. ഇരട്ട വേഷത്തിലാണ് വിജയ് ചിത്രത്തിൽ എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ലിയോയാണ് അവസാനം പുറത്തിറങ്ങിയ വിജയ് സിനിമ.


Click it and Unblock the Notifications