നസ്രിയ തനിക്ക് ചേച്ചി മാത്രമല്ല, ക്യൂട്ട് ഫ്രണ്ടാണ്! ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന സഹോദരങ്ങള്‍!
അവതാരകയായി വന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ ആളാണ് നസ്രിയ നസിം. നസ്രിയയുടെ പാത പിന്തുടര്‍ന്ന് സഹോദരന്‍ നവീനും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന് അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീന്‍ നസിമിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. അമ്പിളിയിലെ ടീസര്‍ പുറത്ത് വന്നതോടെ സിനിമ കൂടുതല്‍ ജനപ്രിയമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ചേച്ചി നസ്രിയയെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം നവീന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
നസ്രിയ തനിക്ക് ചേച്ചി മാത്രമല്ല ക്യൂട്ട് ഫ്രണ്ട് കൂടിയാണെന്നാണ് നവീന്‍ പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നവീന്റെ തുറന്ന് പറച്ചില്‍. എറണാകുളത്തെ എസ്‌സിഎംഎസ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ അവസാന വര്‍ഷ ബിആര്‍ക് വിദ്യാര്‍ഥിയാണ് നവീന്‍. നസ്രിയുയം ഞാനും ഡിസംബര്‍ 20 നാണ് ജനിച്ചത്. ഒരേ ദിനത്തില്‍ പിറന്നതാണെങ്കിലും ഞങ്ങള്‍ ഇരട്ടകളല്ല. ഒരു വര്‍ഷത്തെ വ്യത്യാസമുണ്ട്.

എല്ലാവര്‍ഷവും ഞങ്ങളൊന്നിച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. അങ്ങനെയുള്ള ഒരു പിറന്നാള്‍ വീഡിയോ കണ്ടാണ് സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് എന്നെ അമ്പിളിയിലേക്ക് വിളിച്ചത്. സൗബിനിക്കയാണ് ആദ്യം വിളിച്ചത്. ഗപ്പി പോലൊരു ക്ലാസ് സിനിമയ്ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു ക്യാരക്ടര്‍ ഉണ്ട്. നീ ചെയ്യുമോ? എന്നായിരുന്നു ആ ചോദ്യം.
സിനിമ കുടുംബമാണെങ്കിലും അഭിനയത്തെ കുറിച്ച് എന്തെന്നറിയാത്ത താന്‍ ആദ്യം വിളിച്ചത് നസ്രിയയെ തന്നെയാണ്. നന്നായി ആലോചിക്ക് ഇച്ചൂ. നല്ല അവസരമാണ്. നീ ഓകെ ആണെങ്കില്‍ ജസ്റ്റ് ഗിവ് ഇറ്റ് എ ട്രൈ. ഇതാണ് നസ്രിയ പറഞ്ഞത്. ഷാനുവും (ഫഹദ് ഫാസില്‍) ഫുള്‍ സപ്പോര്‍ട്ടാണ്. സൈക്ലിസ്റ്റും യാത്രകള്‍ ഇഷ്ടപ്പെടുന്നതുമായ കഥാപാത്രമാണ് അമ്പിളിയില്‍ ഉള്ളത്. എന്നും നവീന്‍ പറയുന്നു.


Click it and Unblock the Notifications











