സുഹൃത്തുക്കളല്ല, ഒരു വാക്കിൽ നവ്യ നായർ സൂചിപ്പിച്ചത്; കാവ്യയും നവ്യയും തിളങ്ങിയ നാളുകളിലെ സംഭവങ്ങൾ
കാവ്യ മാധവൻ, നവ്യ നായർ, മീര ജാസ്മിൻ എന്നീ മൂന്ന് നടിമാരെയും ഇന്നും മലയാള സിനിമാ പ്രേക്ഷകർ ഓർക്കുന്നു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നായികമാരായി വന്ന് തരംഗം സൃഷ്ടിച്ച് പിന്നീട് സിനിമാ രംഗത്ത് നിന്ന് അകന്നവരാണിവർ. എന്നാൽ ഇവർക്ക് ശേഷം വന്ന നടിമാരിൽ ആർക്കും ഇത്രയധികം ജനശ്രദ്ധ ലഭിച്ചില്ലെന്നത് കൗതുകകരമാണ്. കുറച്ച് കാലത്തിനുള്ളിൽ പലരും ലെെം ലെെറ്റിൽ നിന്നും അകന്നു. നവ്യയും കാവ്യയും അക്കാലത്ത് എപ്പോഴും ചർച്ചയാകുന്നവരായിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ 1999 ലാണ് കാവ്യ മാധവൻ നായികയായി തുടക്കം കുറിക്കുന്നത്. 2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെ നവ്യ നായരും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന്റെ മുഖശ്രീയായി കാവ്യ അറിയപ്പെട്ടു. ജ്വലിക്കുന്ന സൗന്ദര്യവും മലയാളത്തനിമയും കാവ്യയോട് വല്ലാത്ത മമത പ്രേക്ഷകരിലുണ്ടാക്കി. നന്ദനം എന്ന സിനിമയാണ് നവ്യയെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ തന്നെയാണ് നവ്യയും അറിയപ്പെട്ടത്. കരിയറിൽ നവ്യയെ തുണച്ച മറ്റൊരു ഘടകം സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തതാണ്. നവ്യയുടെ ശബ്ദം അറിയാത്ത മലയാളികളില്ല.

കോമഡി രംഗങ്ങളിലും വെെകാരിക രംഗങ്ങളിലും ഒരേ പോലെ മികവ് പുലർത്താൻ നവ്യ നായർക്ക് സാധിച്ചു. നന്ദനത്തിൽ കരയുന്ന നായികയാണെങ്കിൽ കല്യാണ രാമനിലെയും പാണ്ടിപ്പടയിലെയും നവ്യ പ്രേക്ഷകരെ ചിരിപ്പിച്ചു. നവ്യയുടെ റേഞ്ച് മുഴുവനായും സിനിമാ ലോകം ഉപയോഗപ്പെടുത്തിയില്ലെന്ന അഭിപ്രായം ആരാധകർക്കുണ്ട്.
കാവ്യയെ പ്രേക്ഷകരിലേക്ക് ആകർഷിച്ച പ്രധാന ഘടകം ഭംഗി തന്നെയായിരുന്നു. നടിയുടെ സൗന്ദര്യത്തെ അന്ന് ആരാധകർ പുകഴ്ത്തി. വളരെ കുറച്ച് സിനിമകളിലേ അഭിനേത്രിയെന്ന നിലയിൽ കാവ്യ തിളങ്ങിയിട്ടുള്ളൂ. വാസ്തവം, പെരുമഴക്കാലം തുടങ്ങിയ സിനിമകൾ ഉദാഹരണം. എന്നാൽ സ്ക്രീൻ പ്രസൻസിൽ കാവ്യയെ വെല്ലുന്ന ഒരു നടി മലയാളത്തിൽ ഉണ്ടായിരുന്നില്ല. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റുമാണ്.

കാവ്യയും നവ്യയും തമ്മിൽ അകൽച്ചയെന്ന് അക്കാലത്ത് ഗോസിപ്പുകൾ വ്യാപകമായിരുന്നു. എന്നാൽ ഇരുവരും ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. വർഷങ്ങൾക്കിപ്പുറം നൽകിയ ഒരു അഭിമുഖത്തിൽ കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ സുഹൃത്തുക്കളല്ലെന്ന് മാത്രം നവ്യ പറഞ്ഞു. കാവ്യയുമായുള്ള അകൽച്ചയായിരിക്കാം ഈ ഒറ്റ വാചകത്തിലൂടെ നവ്യ നായർ സൂചിപ്പിച്ചതെന്ന വാദം അന്ന് വന്നു. സോഷ്യൽ മീഡിയയിൽ പണ്ട് പേരും ഇന്ന് സജീവമാണെങ്കിലും പരസ്പരം ഫോളോ ചെയ്യുന്നില്ല. ബനാറസ് എന്ന സിനിമയിൽ കാവ്യയും നവ്യയുമായിരുന്നു നായികമാർ.
ഈ സിനിമയിൽ തനിക്ക് പ്രാധാന്യം കുറഞ്ഞെന്ന ആശങ്ക നവ്യക്കുണ്ടായിരുന്നു. എന്നാൽ അതൊരു തർക്കത്തിലേക്ക് പോയിട്ടില്ല. ഇരുവരും തമ്മിൽ എപ്പോഴും പ്രൊഫഷണൽ ബന്ധം ഉണ്ടായിട്ടുണ്ട്. നവ്യ മലയാള സിനിമാ ലോകത്ത് നിന്നും അകന്ന ഒരു കാലഘട്ടവുമുണ്ടായിരുന്നു. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ കൂടുതൽ പ്രതിഫലം ചോദിച്ചെന്ന പേരിൽ നവ്യയെ സംഘടനകൾ വിലക്കി. എന്നാൽ പിന്നീട് നവ്യയുടെ ഭാഗം സംഘടനകൾ കേട്ടു.
നടി യഥാർത്ഥത്തിൽ പ്രതിഫലം കൂട്ടി ചോദിച്ചിരുന്നില്ല. വിലക്ക് നീക്കി. അക്കാലത്ത് മറ്റ് ഭാഷകളിൽ നവ്യ അഭിനയിച്ചു. കന്നഡ, തെലുങ്ക് സിനിമാ ലോകത്ത് നടി തിളങ്ങി. ഗ്ലാമറസായി അഭിനയിക്കാനും നവ്യ നായർ തയ്യാറായി. മറുവശത്ത് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തിന് എപ്പോഴും പ്രിയങ്കരിയായിരുന്നു. ഒരിക്കലും കാവ്യക്കെതിരെ വിലക്കോ മറ്റ് നീക്കങ്ങളോ വന്നിട്ടില്ല. അതേസമയം അർഹമായ പരിഗണന തനിക്ക് സെറ്റുകളിൽ ലഭിച്ചില്ലെന്ന് കാവ്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications