'അതിനെങ്കിലും ഭർത്താവ് അനുവാദം തന്നു'; പഴയ നവ്യയല്ല ഇന്ന്; മാറ്റത്തെ പ്രശംസിച്ച് താരത്തിന്റെ ആരാധകർ
മലയാളികളുടെ മനസിൽ എന്നും വലിയ സ്ഥാനം നവ്യ നായർക്കുണ്ട്. സിനിമകളിൽ പഴയത് പോലെ സജീവമല്ലെങ്കിലും നവ്യ പണ്ട് ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർ മറന്നിട്ടില്ല. നന്ദനം, കല്യാണരാമൻ തുടങ്ങിയ സിനിമകൾ ഇന്നും ജനപ്രിയമാണ്. 2010 ൽ വിവാഹിതയായ ശേഷമാണ് നവ്യ സിനിമാ രംഗത്ത് നിന്നും ഇടവേളയെടുക്കുന്നത്. സന്തോഷ് മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. ഭർത്താവിനൊപ്പം മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു. എന്നാൽ ഏറെ നാൾ തന്നെ നവ്യ നായരാക്കിയ സിനിമാ ലോകത്തെ അവഗണിക്കാൻ നടിക്ക് കഴിഞ്ഞില്ല. 2012 ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിൽ നവ്യ അഭിനയിച്ചു.
അന്ന് നവ്യ നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഭർത്താവ് തന്നെ വീണ്ടും അഭിനയിക്കാൻ അനുവദിച്ചതിനെക്കുറിച്ചാണ് നവ്യ സംസാരിച്ചത്. മേജർ തീരുമാനം എടുക്കേണ്ടത് എന്റെ ഭർത്താവാണ്. എനിക്ക് വല്ലപ്പോഴും എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം കല്യാണത്തിന് മുമ്പ് ഡിസ്കസ് ചെയ്തിട്ടുണ്ട്. വർഷത്തിൽ പരമാവധി രണ്ട് സിനിമ. അതിനാണെങ്കിൽ പോലും അനുവാദം തന്നതിൽ സന്തോഷമുണ്ട്. ചിലപ്പോൾ എന്നെ വിട്ടതിൽ അതിശയം തോന്നും. എന്നെക്കാൾ കഴിവുള്ള നടിമാർക്ക് തിരിച്ച് വരാൻ കഴിഞ്ഞിട്ടില്ലെന്നും നവ്യ നായർ അന്ന് പറഞ്ഞു.
നവ്യയുടെ അന്നത്തെ കാഴ്ചപ്പാടുകളെ പലരും പരിഹസിച്ചെങ്കിലും ഭൂരിഭാഗം പേരും ചൂണ്ടിക്കാണിച്ചത് വ്യക്തിയെന്ന നിലയിൽ നവ്യക്ക് ഇക്കാലയളവിനിടെ വന്ന മാറ്റങ്ങളാണ്. അന്ന് ഭർത്താവ് അനുവാദം തരുന്നതിനെ പ്രശംസിക്കുന്ന, അനുവദിച്ചാൽ മാത്രം തീരുമാനങ്ങളെടുക്കുന്ന ആളായിരുന്നു നവ്യയെങ്കിൽ ഇന്ന് അങ്ങനെയല്ല. സ്വന്തമായി തീരുമാനങ്ങളുള്ള, വിവാഹ ജീവിതമല്ല ജീവിതത്തിൽ ഏറ്റവും വലിയ കാര്യമെന്ന് തിരിച്ചറിഞ്ഞ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്.
2010 ൽ വിവാഹിതയാകുമ്പോൾ ചെറുപ്പം മുതലേയുള്ള കണ്ടീഷനിംഗ് കാരണം ഭർത്താവിന്റെ കീഴിൽ ജീവിക്കണമെന്ന ചിന്ത വെച്ച് പുലർത്തിയ ആളായിരുന്നു താനെന്ന് നവ്യ നായർ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് തനിക്ക് വന്ന തിരിച്ചറിവുകളെക്കുറിച്ചും നവ്യ തുറന്ന് സംസാരിച്ചു.
അഭിനയിച്ച് മതിയായിട്ടാണ് ബ്രേക്ക് എടുത്തത്. എന്നെ സംബന്ധിച്ച് അന്ന് ഒരു വ്യക്തിയുടെ ഏറ്റവും വലിയ വിജയം കല്യാണം കഴിക്കുന്നതാണ് എന്നായിരുന്നു. വേറൊരു വീട്ടിലേക്ക് പോകേണ്ടതാണ് എന്ന് എപ്പോഴും നമ്മളെ ഓർമ്മിപ്പിക്കും.

ആ ചിന്ത മനസിൽ കിടന്നത് കൊണ്ട് എന്റെ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും ഞാൻ തിരിച്ചറിഞ്ഞില്ല. എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നാണ്. അത് ചേട്ടന്റെ അവകാശമാണെന്ന് ഞാൻ വിചാരിച്ചു. അങ്ങനെയല്ലെന്ന് മനസിലാക്കാൻ എനിക്ക് പോലും കഴിഞ്ഞില്ല. 24 വയസിലാണ് കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ലോകം കണ്ട, എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നടിയായ എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണെന്നും നവ്യ അന്ന് പറഞ്ഞു.
മുംബെെയിൽ നിന്നും കേരളത്തിലേക്ക് നവ്യ തിരിച്ചെത്തിയിട്ട് അഞ്ച് വർഷമായി. മുംബെെയിൽ ഇടയ്ക്കിടെ പോകാറുണ്ട്. നൃത്ത പരിപാടികളുടെ തിരക്കിലാണ് നവ്യയിന്ന്. പഴയത് പോലെ ഭർത്താവിന്റെ സമ്മതം തേടി നടക്കുന്ന ആളല്ല നവ്യ നായർ ഇന്നെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഭർത്താവിന്റെ എതിർപ്പ് മൂലം താൻ ലക്ഷ്യങ്ങൾ മാറ്റി വെച്ചതിനെക്കുറിച്ചും നടി സംസാരിച്ചു. കല്യാണം കഴിഞ്ഞ് ഒരു ജോലി ചെയ്യുമ്പോൾ പോലും ബാക്കിയെല്ലാം ജോലിക്കും കൂടി ഒക്കുന്ന ജോലിയേ ചെയ്യാൻ പറ്റൂ.യുപിഎസി ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷെ വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഗർഭിണിയായി. നമുക്ക് അതൊന്നും വേണ്ടെന്ന് വെക്കാൻ പറ്റില്ല. അതുമായി മുന്നോട്ട് പോയി. പിന്നീട് യുപിഎസ്സി എഴുതാൻ നോക്കിയപ്പോൾ ഭർത്താവ് എതിർപ്പ് പറഞ്ഞെന്നും നവ്യ അന്ന് തുറന്ന് പറഞ്ഞു. മോൻ ചെറുതാണ്. അവന് വാഷ് റൂമിൽ പോകാൻ സ്വന്തമായി അറിയില്ല. ചേട്ടന് അതൊക്കെ ചെയ്യാനും ബുദ്ധിമുട്ടാണ്. അത് കഴിഞ്ഞപ്പോഴേക്കും എന്റെ പ്രായ പരിധി കഴിഞ്ഞു. അത് വലിയൊരു വിഷമം ആയിരുന്നു.
വലിയ നഷ്ടബോധമുണ്ട്. അത് കഴിഞ്ഞ് ഡാൻസിൽ ഡിഗ്രി എടുക്കാമെന്ന് കരുതി. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർവ്യൂവിന് കോൾ വന്നു. എല്ലാം ചേട്ടൻ തന്നെയാണ് അയച്ചത്. ഇന്റർവ്യൂവിന് എന്നെ കോൾ ചെയ്യുമെന്ന് വിചാരിക്കാതെ ചെയ്തതാണോ എന്നറിയില്ല. മാസത്തിൽ രണ്ട് തവണ അവിടെ പോകണം. ആറ് ദിവസം അവിടെ ചെലവഴിക്കണം. പക്ഷെ ഇന്റർവ്യൂവിന് കോൾ ചെയ്തപ്പോഴേക്കും ചേട്ടൻ പോകേണ്ടെന്ന് പറഞ്ഞു. എനിക്കിപ്പോഴും അതെന്താണെന്ന് അറിയില്ല. കുറേ പറഞ്ഞ് നോക്കി. പക്ഷെ സാധിച്ചില്ലെന്നും നവ്യ നായർ വ്യക്തമാക്കി.
പിന്നെ എന്ത് ചെയ്യുമെന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും നവ്യ നായർ അന്ന് പറഞ്ഞു. ഡാൻസ് പഠിക്കുന്നത് സ്റ്റോപ്പായി. സിനിമയിൽ ഞാൻ വിചാരിക്കുന്നത് പോലത്തെ ക്യാരക്ടറുകൾ എനിക്ക് വരുന്നില്ല. പിന്നെ ഗ്യാപ്പായി. ആൾക്കാർ മറന്നു. സിനിമാ രംഗമാണ് മറന്നത്. പ്രേക്ഷകരല്ലെന്നും നവ്യ നായർ അന്ന് ചൂണ്ടിക്കാട്ടി.
ദിലീപ് നായകനായ ഇഷ്ടം ആയിരുന്നു നവ്യ നായരുടെ ആദ്യ സിനിമ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് അഭിനേത്രിയെന്ന നിലയിൽ നവ്യ തന്നെ അടയാളപ്പെടുത്തിയത്. ബാലാമണി എന്ന കഥാപാത്രമായി നവ്യ തകർത്തഭിനയിച്ചു. പിന്നീട് കല്യാണ രാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നവ്യ നായികയായെത്തി. മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചു. വിവാഹം ചെയ്യുന്ന സമയത്ത് മലയാളത്തിൽ നടി തുടരെ സിനിമകൾ ചെയ്യുന്നില്ല.
സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും വീണ്ടും കരിയറിൽ നടിക്ക് ഇടവേള വന്നു. ഷോകളിലൂടെയും മറ്റും ലൈം ലൈറ്റിൽ വീണ്ടും സാന്നിധ്യമറിയിച്ച നവ്യ ഒരുത്തീ എന്ന സിനിമയിലൂടെ മികച്ച തിരിച്ച് വരവ് നടത്തി. വികെപി ഒരുക്കിയ സിനിമയിലൂടെ പഴയ നവ്യയെ പ്രേക്ഷകർക്ക് തിരിച്ചു കിട്ടി. ജനകി ജാനേ ആണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമകളേക്കാൾ നൃത്ത വേദികളിലാണ് നവ്യയിന്ന് സജീവം. നവ്യ നായർ, കാവ്യ മാധവൻ.
മീര ജാസ്മിൻ എന്നീ നടിമാർ തിളങ്ങിയ കാലഘട്ടം മലയാള സിനിമയിലുണ്ടായിരുന്നു. അന്നത്തെ തിരക്കുള്ള നടിമാായിരുന്നു ഇവർ. കാവ്യ അഭിനയ രംഗം വിട്ടിട്ട് വർഷങ്ങളായി. മീര ജാസ്മിൻ നീണ്ട ഇടവേളയെടുത്തെങ്കിലും തിരിച്ച് വരുന്നു. നവ്യയും ഇടവേള അവസാനിപ്പിച്ച് സിനിമകൾ ചെയ്തു. യൂട്യൂബ് ചാനലിലും നവ്യയിന്ന് സാന്നിധ്യം അറിയിക്കുന്നു. തനിക്ക് പ്രാധാന്യമില്ലാത്ത സിനിമകൾ ചെയ്യാൻ നവ്യ നായർ ഇന്ന് തയ്യാറല്ല. ഒടുവിൽ പുറത്തിറങ്ങിയ ജാനകി ജാനേയിലും കേന്ദ്രകഥാപാത്രം നവ്യയായിരുന്നു. നടിയുടെ പുതിയ സിനിമകൽക്കായി കാത്തിരിക്കുകയാണ് ആരാധകർ. പാതിരാത്രിയാണ് നവ്യയുടെ അടുത്ത സിനിമ. സൗബിൻ ഷാഹിറാണ് ചിത്രത്തിലെ നായകൻ. തിരിച്ച് വരവിൽ നവ്യ നായർ തുടരെ സിനിമകൾ ചെയ്യുന്നില്ല.


Click it and Unblock the Notifications