ഞാൻ എന്താതര്യാ..?, അത് ഗുരുവായൂരപ്പന്റെ മായാജാലമായിരുന്നു; വൈറൽ മുത്തശ്ശിയെ കാണാനെത്തി നവ്യ, വീഡിയോ വൈറൽ!
വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നവ്യ നായർ അടുത്തിടെ മുതലാണ് സിനിമകളും നൃത്ത പരിപാടികളുമായി വീണ്ടും സജീവമായി തുടങ്ങി. നല്ല സ്ക്രിപ്റ്റുകൾ തെരഞ്ഞെടുത്ത് അഭിനയിക്കാനാണ് നടിയുടെ ശ്രമം. സോഷ്യൽമീഡിയയിൽ സജീവമായ നവ്യയുടെ ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഗുരുവായൂർ ഉത്സവ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ കൃഷ്ണ സ്തുതി കേട്ട് നവ്യ കണ്ണീരണിഞ്ഞപ്പോൾ സദസിൽ നിന്നും ഒരു അമ്മ ഓടിയെത്തി നവ്യയെ ചേർത്ത് പിടിച്ച വീഡിയോയായിരുന്നു അത്.
വിതുമ്പി കരയുന്ന നവ്യയെ ആശ്വസിപ്പിക്കാനായി കാണികൾക്കിടയിൽ നിന്ന് ഓടി എത്തിയതായിരുന്നു ആ അമ്മ.. സെക്യൂരിറ്റി ജീവനക്കാരൻ ആ മുത്തശ്ശിയെ വേദിക്കരികിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അന്ന് ആ അമ്മയോട് അധികം സംസാരിക്കാൻ നവ്യയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ആ അമ്മയെ അവരുടെ നാട്ടിൽ പോയി സന്ദർശിച്ച് സ്നേഹം അറിയിച്ചിരിക്കുകയാണ് താരം.

നവ്യ തന്നെയാണ് വീഡിയോ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. അത് ഗുരുവായൂരപ്പന്റെ മായാജാലമായിരുന്നു എന്നായിരുന്നു നവ്യ നൽകിയ തലക്കെട്ട്. കുറേ കാലത്തിനുശേഷമാണ് യുട്യൂബിൽ വീഡിയോ ഇടുന്നത്. പ്രോഗ്രാമിന് പോകുമ്പോഴെല്ലാം യുട്യൂബ് ചാനലിൽ വീഡിയോ ഇടാത്തതിനെ കുറിച്ച് ആളുകൾ ചോദിക്കാറുണ്ട്. പ്രോഗ്രാമിന്റെ തിരക്കുള്ളതുകൊണ്ട് ഒട്ടും സമയം കിട്ടുന്നില്ലെന്നതാണ് കാരണം എന്ന് പറഞ്ഞുകൊണ്ടാണ് നവ്യയുടെ വീഡിയോ ആരംഭിക്കുന്നത്.
ഇന്നത്തെ ട്രിപ്പ് എന്റെ ഒരു പ്ലാനിന്റെ ഭാഗമാണ്. ഗുരുവായൂരിൽ അടുത്തിടെ ഞാൻ ഒരു പ്രോഗ്രാം ചെയ്തപ്പോൾ ഒരു അമ്മ സ്റ്റേജിലേക്ക് വന്ന് എന്നെ അനുഗ്രഹിച്ചിരുന്നു. കുറച്ച് പേരെങ്കിലും ആ വീഡിയോ കണ്ടിട്ടുണ്ടാവും. ആ അമ്മയുടെ പേര് രാധ എന്നാണ്. കുറ്റിമുക്ക് എന്നൊരു ക്ഷേത്രത്തിലാണ് ആ അമ്മ ഉള്ളത്. അമ്മയെ ഈ യാത്രയിൽ പോയി കാണാമെന്ന് വിചാരിച്ചു.
പലരും അമ്മയെ പോയി കണ്ട് വീഡിയോ എടുത്തപ്പോൾ എന്നെ കാണമെന്ന ആഗ്രഹം അമ്മ പ്രകടിപ്പിച്ച് ഞാൻ കേട്ടു. അപ്പോഴെ ഞാൻ കരുതി നേരിട്ട് പോയി കാണണമെന്ന്. ഗുരുവായൂർ ഇതിന് മുമ്പ് ഞാൻ പ്രോഗ്രാം ചെയ്തത് പതിനാറ് കൊല്ലം മുമ്പാണ്. അന്നും കയ്യിൽ നിന്നും പോയ പ്രോഗ്രാമായിരുന്നു. കാരണം ഞാൻ അവിടെ എത്തിയാൽ ഒരു ട്രാൻസിലാണ് പിന്നെ നൃത്തം ചെയ്യുന്നത്.
ഗുരുവായൂരിൽ എത്തിയാൽ എല്ലാത്തിനും മറ്റൊരു ഫീലാണ്. ഒരു നേരമൊങ്കിലും കാണാതെ വയ്യെന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ടിരുന്നപ്പോഴാണ് ആ അമ്മ ഓടി വന്നത്. ഞാൻ കരഞ്ഞുകൊണ്ട് കൃഷ്ണനെ സ്രാഷ്ടാംഗം നമസ്കരിക്കുന്ന സമയത്താണ് ആ അമ്മ വന്നത്. സെക്യൂരിറ്റിയെ ഒക്കെ തട്ടിമാറ്റിയാണ് അവർ വന്നത്. ഐ ലവ് യു എന്നൊക്കെയാണ് അമ്മ എന്റെ ചെവിയിൽ വന്ന് പറഞ്ഞത് എന്നാണ് നവ്യ വീഡിയോയിൽ പറഞ്ഞത്.

രാധ മുത്തശ്ശിയെ കാണാൻ നവ്യ എത്തുന്നുണ്ടെന്ന് അറിഞ്ഞ് നിരവധിപേർ അമ്പലത്തിൽ തടിച്ച് കൂടിയിരുന്നു. നവ്യയെ കണ്ടതും തന്നെ മനസിലായോ എന്ന് ചോദിച്ചാണ് വൈറൽ മുത്തശ്ശി സ്നേഹം പ്രകടിപ്പിച്ചത്. നവ്യയുടെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം അമ്പലം ചുറ്റി കാണിക്കുകയും ചെയ്തു നവ്യയുടെ ആരാധികയായ രാധ മുത്തശ്ശി.
മാത്രമല്ല അമ്മയ്ക്ക് നൽകാനായി വിഷുകൈനീട്ടവും നവ്യ കയ്യിൽ കരുതിയിരുന്നു. ഞാൻ എന്താണ് തിരികെ തരിക എന്നാണ് നവ്യയുടെ സ്നേഹം വാങ്ങിയശേഷം രാധ മുത്തശ്ശി ചോദിച്ചത്. ക്ഷേത്ര കമ്മിറ്റി അംഗങ്ങളും പൂജാരിയും ചേർന്ന് നവ്യയെ പൊന്നാടയണിയിക്കുകയും വിഷുകൈനീട്ട നൽകുകയും ചെയ്തു. മറ്റുള്ളവർ വീഡിയോ ചെയ്തതുകൊണ്ടാണ് എനിക്ക് രാധ ചേച്ചിയെ പറ്റി അറിയാൻ പറ്റിയത്.
ഭഗവാൻ എന്നോട് പറയാൻ ആഗ്രഹിച്ചത് രാധ ചേച്ചി എന്നോട് പറഞ്ഞതായി തോന്നി. ആളുകൾ ഏത് തരത്തിൽ എടുക്കുമെന്ന് അറിയില്ല. വലിയൊരു അനുഗ്രഹം കിട്ടിയ ഫീലായിരുന്നു. എന്റെ നൃത്തത്തിന് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു എന്നാണ് വൈറൽ മുത്തശ്ശിയെ കണ്ട് മടങ്ങവെ നവ്യ പറഞ്ഞത്.


Click it and Unblock the Notifications