അഭിമുഖങ്ങൾ കണ്ട് ചേട്ടൻ ചീത്ത പറയും; ഡിവോഴ്സായെന്ന ഗോസിപ്പ് കണ്ടപ്പോൾ; നവ്യ നായർ പറയുന്നു
വിവാഹവും കുടുംബവും സിനിമാ കരിയറിന് വിലങ്ങ് തടിയല്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് നടി നവ്യ നായർ. വിവാഹ ശേഷം അഭിനയം രംഗം വിട്ട് പോയ നവ്യ തന്റെ തിരിച്ച് വരവിൽ സിനിമകളുടെ കാര്യത്തിൽ സെലക്ടീവാണ്. ഒരുപാട് സിനിമകൾ ചെയ്യാതെ ഇഷ്ടപ്പെട്ട സിനിമകൾ മാത്രം ചെയ്യുന്നതാണ് നവ്യയുടെ രീതി. ഒരുത്തീ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് നടി ജാനകി ജാനേ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്താൻ പോവുന്നത്.
അനീഷ് ഉപാസന സംവിധാനം ചെയ്ത സിനിമയിൽ സൈജു കുറുപ്പാണ് നായകൻ. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നവ്യ. സിനിമയിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് നവ്യ നായർ. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
വലിയ സൗഹൃദവലയം ഉള്ളയാളല്ല താനെന്ന് നവ്യ വ്യക്തമാക്കി. 'അങ്ങനെ വലിയൊരു സൗഹൃദ വലയം എനിക്കില്ല. വളരെ ചുരുക്കം ഫ്രണ്ട്ഷിപ്പുകളൊക്കെയെ എനിക്കുണ്ടായിട്ടുള്ളൂ. ഫ്രണ്ട്ഷിപ്പുണ്ടാവുമ്പോൾ ചില തിരിച്ചടികളും നിരാശയും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കഴിവതും ഓവർ ഫ്രണ്ട്ഷിപ്പിൽ നിന്നും ഞാൻ ഡി അറ്റാച്ച്‍ഡ് ആണ്'

'കാരണം ഞാനൊത്തിരി അറ്റാച്ച്ഡായിട്ടുള്ള വ്യക്തിയാണ്. ഭയങ്കരമായി അടുക്കും. പിന്നെ നമ്മൾ പ്രതീക്ഷിക്കാത്ത എന്തെങ്കിലും വരുമ്പോൾ ഞാൻ പരമാവധി ക്ഷമിക്കും. അടുപ്പമുള്ളവർ എപ്പോഴും അടുപ്പമുള്ളവർ തന്നെയാണ്. പക്ഷെ ഇപ്പോഴൊക്കെ കുറച്ച് അകന്ന് നിന്നാൽ ഒരു പ്രശ്നവും അധികം വരില്ല'
'കാരണം എനിക്ക് ചെറുതായി എന്തെങ്കിലും തിരിച്ചടി വരുമ്പോൾ ഞാൻ വളരെയധികം ബാധിക്കും. അതെന്റെ ജോലിയെയും എന്റെ ക്രിയേറ്റിവിറ്റിയെയുമൊക്കെ ബാധിക്കും. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് എന്റെ ക്രിയേറ്റിവിറ്റിക്ക് വേണ്ടിയാണ്'
'അതിന്റെ ഔട്ട്കമ്മിലാണ് ഞാൻ ഏറ്റവും കൂടുതൽ ഹാപ്പിയാവുന്നത്. എന്റെ മോനിൽ പോലും അമിതമായ പ്രതീക്ഷ അർപ്പിച്ചിട്ടല്ല ഞാൻ ജീവിക്കുന്നത്. കാരണം എന്റെ കൈയിലല്ല ഇവരാരും,' നവ്യ നായർ പറഞ്ഞു.
തന്റെ വിവാഹ മോചനം നടന്നെന്ന ഗോസിപ്പുകളെക്കുറിച്ചും നവ്യ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ഞാനത്രത്തോളം കാര്യങ്ങൾ കണ്ടിട്ടില്ല. പിന്നെ വാട്സ്ആപ്പിൽ ചിലർ ഞാൻ ഡിവോഴ്സായെന്ന് അയച്ച് തന്നു. വെൽഡൺ എന്നൊക്കെ തിരിച്ചയച്ചു. സന്തോഷ് ചേട്ടൻ ഞാൻ ഇന്റർവ്യൂകളും മറ്റും കൊടുക്കുമ്പോൾ നല്ല ചീത്തയൊക്കെ പറയും.
'നേരെ ചൊവ്വെയിലൊക്കെ എന്തൊക്കെ മണ്ടത്തരങ്ങളാണ് ഞാൻ വിളിച്ച് പറഞ്ഞത്. നീ എന്ത് വർത്തമാനമാണീ പറയുന്നതെന്ന് ചോദിക്കും. പക്ഷെ ചേട്ടനോട് കുറേപ്പേർ നല്ല അഭിമുഖമെന്ന് പറഞ്ഞു,' നവ്യയുടെ വാക്കുകളിങ്ങനെ.

ബിസിനസ്കാരനായ സന്തോഷ് ആണ് നവ്യ നായരുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. 2010 ലാണ് നവ്യ നായർ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ഭർത്താവിനൊപ്പം ബോംബെയ്ക്ക് പോവുകയായിരുന്നു. കരിയറിൽ തുടരെ സിനിമകളിൽ അഭിനയിക്കവെയായിരുന്നു നവ്യയുടെ വിവാഹം. 2000 ത്തിന്റെ തുടക്ക വർഷങ്ങളായിരുന്നു നവ്യയുടെ കരിയറിന്റെ മികച്ച സമയം. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് തെലുങ്ക്, കന്നഡ സിനിമകളിൽ നിന്നും അവസരങ്ങൾ ലഭിച്ചു.
മലയാളത്തിൽ ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. പിന്നീട് നന്ദനം എന്ന സിനിമയിലൂടെയാണ് നടി പ്രേക്ഷക പ്രീതി നേടുന്നത്. ബാലാമണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. പാണ്ടിപ്പട, കല്യാണരാമൻ തുടങ്ങിയവ നവ്യയുടെ കരിയറിലെ ഹിറ്റ് സിനിമകളാണ്.


Click it and Unblock the Notifications