വിഷമം വരും; ഇത്രയൊക്കെ മനസ്സിലേക്ക് എടുക്കണോ എന്ന് തോന്നാറുണ്ട്; പക്ഷെ പറ്റുന്നില്ലെന്ന് നവ്യ
മലയാള സിനിമയിൽ അടുത്തിടെ വൻ തിരിച്ചു വരവ് നടത്തിയ അഭിനേത്രി ആണ് നവ്യ നായർ. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നായിക നടി ആയിരുന്നു നവ്യ. നന്ദനം, കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ തുടങ്ങി ഹിറ്റുകളുടെ വൻ നിര തന്നെ നവ്യ നായർക്ക് മലയാളത്തിൽ സൃഷ്ടിക്കാനായി.
മഞ്ജു വാര്യർക്ക് ശേഷം മലയാളത്തിന് ലഭിച്ച ഹാസ്യ രംഗങ്ങളും വൈകാരിക രംഗങ്ങളും അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുന്ന നായികയെന്നും അന്ന് നവ്യ നായരെ വിശേഷിപ്പിച്ചിരുന്നു. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നതും നവ്യക്ക് കരിയറിൽ മുതൽക്കൂട്ടായി.

കാവ്യ, നവ്യ, മീര ജാസ്മിൻ എന്നീ മൂന്ന് നായികമാർ ഒരു പോലെ തിളങ്ങി നിന്ന കാലഘട്ടവും ആയിരുന്നു അത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുൾപ്പെടെ അഭിനയിച്ച് വരികെയാണ് നവ്യ നായർ വിവാഹം കഴിക്കുന്നതും അഭിനയ രംഗത്തോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതും. ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നവ്യ നായർ.

ഒരുത്തീ എന്ന വികെപി ചിത്രത്തിലൂടെ ആണ് നവ്യ നായർ വീണ്ടും ബിഗ് സ്ക്രീനിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി വന്നപ്പോൾ കാലത്തിനൊപ്പം മാറിയ അഭിനയം നവ്യ നായർക്ക് കാഴ്ച വെക്കാനായി എന്ന് പ്രേക്ഷകർ പറയുന്നു.

ഇപ്പോഴിതാ ഒരുത്തീയുടെ പ്രാെമോഷന്റെ ഭാഗമായി നേരത്തെ നവ്യ നായർ നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പെട്ടെന്ന് സങ്കടം വരുന്ന തന്റെ സ്വഭാവത്തെക്കുറിച്ചാണ് നവ്യ നായർ സംസാരിച്ചത്. നിമിത്തങ്ങൾ ഒരു യൂണിവേഴ്സൽ പവർ ആണ്. നമ്മൾ കണ്ട് മുട്ടുന്ന ആളുകൾ ജീവിതത്തിൽ പാഠങ്ങളായിരിക്കും. ചിലപ്പോൾ ജീവിത കാലം മുഴുവനുമുള്ള ബന്ധമാവും. നമ്മൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ ജീവിതത്തിൽ ഉണ്ടാവും. അതെല്ലാം നിമിത്തങ്ങളാണ്. അതെല്ലാം യൂണിവേഴ്സിന്റെ പ്ലാൻ ആണ്.

'ഞാൻ ബോൾഡ് അല്ല. ബോൾഡ് ആവാൻ ഇഷ്ടപ്പെടുന്ന ആളാണ്. പലപ്പോഴും ജീവിതത്തിൽ ഞാൻ ബോൾഡ് അല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഓവർ സെൻസിറ്റീവ് ആണ് ഞാൻ. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന സാധാരണ ആളാണ്. അതെന്റെ അഭിനയത്തെ വളരെയധികം സഹായിക്കും'
'ഒരു കഥാപാത്രത്തിന്റെ വിഷമങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും. പക്ഷെ വ്യക്തി ജീവിതത്തിൽ നോക്കിയാൽ ഞാൻ കുറച്ച് കൂടി വർക്ക് ചെയ്യേണ്ട ഏരിയ ആണത്. ഇത്രയധികം ഉള്ളിലേക്ക് എടുക്കാതെ കാര്യങ്ങൾ കുറച്ച് പുറത്ത് നിന്ന് കാണേണ്ടതുണ്ട്. പക്ഷെ എനിക്ക് പറ്റുന്നില്ല'

'പത്രത്തിലെ വാർത്തയൊക്കെ മതി എന്റെ കുറേ മണിക്കൂറുകൾ ബുദ്ധിമുട്ടിലേക്ക് ആക്കാൻ. എനിക്ക് മൂഡ് സ്വിംഗ് ഉണ്ട്. ടെൻഷൻ അല്ല. ചിലപ്പോൾ കുറച്ച് ലോ ആവും. ചിലപ്പോൾ വളരെ സന്തോഷത്തിലാവും. പക്ഷെ ചെറിയ ചെറിയ കാര്യങ്ങൾ മതി എന്നെ സന്തോഷിപ്പിക്കാനും സങ്കടപ്പെടുത്താനും,' നവ്യ നായർ പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം.


Click it and Unblock the Notifications











