മകൻ എന്നോട് എല്ലാം പറയുമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്; നവ്യ നായർ പറയുന്നു
നവ്യ നായർ അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്, ഓസ്‌ട്രേലിയൻ വിമാന യാത്ര വിവാദത്തിന്റെ പേരിലാണ്. ഒപ്പം, താരത്തിന്റെ വിവാഹ ജീവിതവും ഒരുപാട് ചർച്ചകൾക്ക് വിധേയമാവുന്നുണ്ട്. ഭർത്താവ് സന്തോഷ് മേനോനെ നവ്യയ്ക്കും, മകൻ സായ് കൃഷ്ണയ്ക്കും ഒപ്പം അധികം കാണാത്തത് ആരാധകർ ചർച്ചയാക്കാറുണ്ട്. വിശേഷാവസരങ്ങളിൽ പോലും നടി തന്റെ മകനും, മാതാപിതാക്കൾക്കും, അനിയനും ഒപ്പമാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ നിയമപരമായി നവ്യയും സന്തോഷും വേർപിരിഞ്ഞിട്ടില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്തിടെ, തന്റെ പുതിയ സിനിമയായ പാതി രാത്രിയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ, തന്റെ മകൻ സായ് കൃഷ്ണയെ കുറിച്ച് നവ്യ നായർ മനസ്സ് തുറന്നിരുന്നു. സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചപ്പോഴാണ് മകനുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് താരം സംസാരിച്ചത്. എത്ര വലിയ സൗഹൃദം ഉണ്ടെങ്കിലും, ഒരു അമ്മയോട് പറയാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ തന്റെ മകൻ തന്നോട് പങ്കു വയ്ക്കാറുള്ളൂ എന്നാണ് നവ്യ വെളിപ്പെടുത്തിയത്.

ഇന്നത്തെ കാലത്തെ, മക്കൾ തന്നോട് ഒന്നും മറച്ചു വയ്ക്കാറില്ല എന്ന് അന്ധമായി വിശ്വസിക്കുന്ന അമ്മമാരിൽ നിന്ന് വ്യത്യസ്തയാണ് നവ്യ നായർ. "ഒരു അമ്മയുടെ അടുത്ത് പറയണം എന്ന് അവൻ വിചാരിക്കുന്ന കാര്യങ്ങൾ അല്ലാതെ, ഒരു കാര്യവും അവൻ പറയില്ല എന്റെ അടുത്ത്. അതിന് അപ്പുറത്തേക്ക് അവൻ എന്നോട് പറയുന്നുണ്ട്, അവൻ എന്റെ അടുത്ത് എല്ലാ കാര്യവും ഷെയർ ചെയ്യും എന്ന് ഞാൻ വിചാരിക്കുന്നുണ്ടെങ്കിൽ അത് എന്റെ മണ്ടത്തരമാണ്," കൗമാരത്തിലേക്ക് കാലൂന്നിയ മകൻ സായ് കൃഷ്ണയെ കുറിച്ച് നവ്യ ഒരു ചിരിയോടെ വെളിപ്പെടുത്തി.

"ഞാൻ അങ്ങനെ വിശ്വസിക്കുന്നതേയില്ല. എനിക്കറിയാം... ഇപ്പോൾ ഞാൻ എന്റെ അച്ഛനോടും അമ്മയോടും പറയേണ്ട കാര്യങ്ങൾക്ക്, എനിക്ക് ഒരു അതിർവരമ്പ് ഉണ്ട്. കൂട്ടുകാരിയോട് പറയുന്നതിന് ഒരു ലിമിറ്റേഷൻ ഉണ്ട്... അല്ലെ? അപ്പോൾ ആ ഒരു ലിമിറ്റ് വച്ചിട്ടാണ് ഞാൻ എല്ലാവരോടും സംസാരിക്കുക. അപ്പോൾ അത് തന്നെ ആയിരിക്കില്ലേ അവനും ഉള്ളത്," തന്റെ മകനെ നന്നായി മനസ്സിലാക്കിയ നവ്യയെന്ന അമ്മ വിശദീകരിച്ചു. എന്തായാലും, താരത്തിന്റെ വെളിപ്പെടുത്തലിനെയും, കാര്യങ്ങളെ കുറിച്ചുള്ള വ്യക്തതയെയും പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഇപ്പോൾ.
സായ് കൃഷ്ണയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും, മകനോടുള്ള വളരെ പക്വതയോട് കൂടിയ ഇടപെടലും കൊണ്ട് പ്രേക്ഷകരെ ചിന്തിപ്പിക്കുകയാണ് നവ്യ. അത് മാത്രമല്ല, പ്രശസ്ത താരത്തിന് ജീവിതത്തെ കുറിച്ചും, പ്രത്യേകിച്ച് സ്ത്രീകൾ കടന്നു പോവുന്ന പല അവസ്ഥകളെ കുറിച്ചും ഒക്കെയുള്ള ഒരു അവബോധം സോഷ്യൽ മീഡിയയെ ഏറെ ചർച്ച ചെയ്യുന്നുണ്ട്. ഒരു നടിയെന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും നവ്യ ഒരുപാട് പേരുടെ മതിപ്പും, ബഹുമാനവും തന്റെ പുതിയ അഭിമുഖങ്ങളിലൂടെ നേടിയെടുത്തു കഴിഞ്ഞു. സ്ത്രീകൾ സ്വന്തം സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ശ്രമിക്കേണ്ടതിനെ കുറിച്ചും, സാമ്പത്തിക സ്വാതന്ത്യം നേടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ നവ്യ അടുത്തിടെ സംസാരിച്ചിരുന്നു.
പ്രശസ്ത താരത്തിന്റെ കരിയറിലേക്ക് വന്നാൽ, വളരെ സെലെക്ടിവ് ആയി മാത്രം സിനിമ ചെയ്യാനാണ് നവ്യയുടെ തീരുമാനം. അതിന് കാരണം ഡാൻസിനോടുള്ള നടിയുടെ പാഷൻ തന്നെയാണ്. തന്റെ നൃത്ത സ്കൂളിന്റെ നടത്തിപ്പും, ഒപ്പം സ്റ്റേജ് പ്രോഗ്രാമുകളും ഒക്കെയായി ഏറെ തിരക്കിലാണ് നവ്യ ഇപ്പൊൾ.


Click it and Unblock the Notifications











