ഡാൻസ് ചെയ്യുമ്പോൾ കാലൊടിയട്ടെ, ലൈക്കിന് വേണ്ടി ചെയ്ത വൃത്തിക്കേട്; 'പ്രതികരിക്കണമെന്ന് കരുതിയതല്ല'; നവ്യ നായർ
സെലിബ്രിറ്റികൾ എവിടെയുണ്ടോ അവിടെയുണ്ട് ഓൺലൈൻ മീഡിയകൾ. ഒരു തരത്തിൽ നോക്കിയാൽ ഗുണം ചെയ്യുമെങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറി. കാരണം വീഡിയോയ്ക്ക് മില്യൺ കണക്കിന് വ്യൂസ് എന്നത് മാത്രമാണ് ഒട്ടുമിക്ക ഓൺലൈൻ ചാനലുകളുടേയും ലക്ഷ്യം. അതുകൊണ്ട് തന്നെ തുടക്കവും ഒടുക്കവുമില്ലാത്ത വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷനിട്ട് സോഷ്യൽമീഡിയയിൽ ഇക്കൂട്ടർ പ്രചരിപ്പിക്കും.
അതിന്റെ പരിണിത ഫലം അനുഭവിക്കുന്നതാകട്ടെ സെലിബ്രിറ്റികളും. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മീഡിയ പങ്കിട്ട പോസ്റ്റ് കാരണം നടി നവ്യ നായർക്കും സോഷ്യൽമീഡിയ വഴി വിമർശനം കേൾക്കേണ്ടി വന്നു. നവ്യയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ വന്ന പെൺകുട്ടിയെ നടി മനപൂർവം അവഗണിച്ചുവെന്ന് വ്യൂവേഴ്സിന് തോന്നുന്ന രീതിയിൽ ആയിരുന്നു വീഡിയോയും ക്യാപ്ഷനും.

അതോടെ സംഭവം എന്താണെന്ന് വ്യക്തമായി മനസിലാകാത്തവർ പോലും നവ്യയെ വിമർശിച്ചും അപമാനിച്ചും വരെ കമന്റുകൾ കുറിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ട നവ്യയെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ആളുകൾ കുറിച്ച കമന്റുകൾ ആയിരുന്നു. നൃത്തം ചെയ്യുന്നതിന് ഇടയിൽ കാലൊടിയട്ടേയെന്ന് ശപിച്ചുള്ള കമന്റുകൾ വരെ കണ്ടുവെന്ന് അതേ പെൺകുട്ടിയെ കൂടി ഒപ്പം നിർത്തി എടുത്ത വിശദീകരണ വീഡിയോയിൽ നവ്യ പറഞ്ഞു.
ഇവർക്കൊക്കെ എതിരേ ഒന്നും പറയണമെന്ന് കരുതിയതല്ല. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം... ആ വീഡിയോ പോസ്റ്റ് ചെയ്ത ഓൺലൈൻ ആൾക്കാർ സോറി പറഞ്ഞു. ആ വീഡിയോ ഡിലീറ്റ് ആക്കുകയും ചെയ്തു. പക്ഷെ റിയാക്ഷൻ വീഡിയോസ് ഇപ്പോഴും നടക്കുകയാണ് അതിനാലാണ് താൻ അതേ പെൺകുട്ടിക്കും അമ്മയ്ക്കും ഒപ്പം എത്തി എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് നവ്യ വിശദീകരണ വീഡിയോ ഇട്ടത്.
നവ്യയുടെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ല. ഫോട്ടോയെടുക്കാനായി മോൾ സമീപിച്ചപ്പോൾ നമുക്ക് ഗ്രൂപ്പായി എടുക്കാമെന്ന് മാത്രമാണ് പറഞ്ഞത്. മോള് നവ്യയ്ക്കൊപ്പം ഫോട്ടോ എടുത്തിരുന്നു. പക്ഷെ ഈ വിഷയത്തിൽ കോൺട്രവേഴ്സി നടക്കുന്നുണ്ടെന്ന് അറിഞ്ഞില്ല. കസിനാണ് പറഞ്ഞത്. ശേഷം വീഡിയോയ്ക്ക് താഴെ യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് കമന്റിലൂടെ ഞാൻ വിശദീകരിച്ചിരുന്നു എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്.
നവ്യ എന്തിനാണ് ഇത്രയും ജാഡ കാണിച്ചത് എന്നൊക്കെയാണ് ആളുകൾ ചോദിച്ചതെങ്കിൽ എനിക്ക് വിഷമമാവില്ലായിരുന്നു. മാത്രമല്ല റിയാലിറ്റി നിങ്ങൾ ഓഡിയൻസും അറിഞ്ഞിട്ടില്ല. പക്ഷെ ഇവർ ഡാൻസ് കളിച്ച് നിൽക്കുമ്പോൾ കാലൊടിഞ്ഞ് പോകട്ടേ എന്നൊക്കെയുള്ള കമന്റുകൾ വേദനിപ്പിക്കുന്നുണ്ട്. എല്ലാത്തിനും രണ്ട് വശമുണ്ട്.

നിങ്ങൾ എല്ലാവർക്കും സോഷ്യൽമീഡിയ എന്താണെന്ന് ഇതിനോടകം അറിയുമായിരിക്കും. എന്താണ് സംഭവിച്ചതെന്ന് ആ ഓൺലൈൻ മീഡിയ കണ്ടതാണ്. ഇവരെ ഒന്നും നന്നാക്കാൻ എനിക്ക് കഴിയില്ല. അവരുടെ ദുഷിപ്പിനെ മാറ്റാനും കഴിയില്ല. അവർക്ക് വ്യൂസ് മാത്രം മതി. പത്ത്, അമ്പത് ലക്ഷം ആളുകൾ ആ വീഡിയോ കണ്ടു. അവർക്ക് പറയാനുള്ളതെല്ലാം പറഞ്ഞു. കള്ളത്തരം ചെയ്തിട്ടല്ല നമ്മൾ പേരും പ്രശസ്തിയും നേടേണ്ടത്.
നേരായ വഴിയിലൂടെ പോയാൽ പേരും പ്രശസ്തിയും ഉണ്ടാക്കാൻ എല്ലാ ഓൺലൈൻ മീഡിയയ്ക്കും പറ്റും. എന്നെ ആൾക്കാർ തിരിച്ചറിയുന്ന നിമിഷം കാണാൻ കൊതിച്ചയാളാണ് ഞാൻ. അതുകൊണ്ട് തന്നെ ആരോടും മോശമായ പെരുമാറ്റം എന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. എത്ര ക്ഷീണിതയാണെങ്കിലും കഴിവതും എല്ലാവർക്കും ഒപ്പം ഞാൻ ഫോട്ടോയെടുക്കാറുണ്ടെന്നും നവ്യ പറഞ്ഞു.
പെരുമാറ്റം കൊണ്ടും വിനയം കൊണ്ടും സ്നേഹം കൊണ്ടും അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരിയാണ് നവ്യ. ലൈക്കിന് വേണ്ടി അവർ ചെയ്ത വൃത്തിക്കേടാണെന്ന് വീഡിയോ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു. ഇവർക്ക് എതിരെ നിയമപരമായി തന്നെ പോകൂ എന്നൊക്കെയാണ് നടിയെ ആശ്വസിപ്പിച്ചും പിന്തുണച്ചും ആളുകൾ കുറിച്ചത്.


Click it and Unblock the Notifications