അനുഭവിക്കാനുള്ള യോഗമുണ്ടായിട്ടില്ല; വിവാഹ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹം, ഒറ്റ വാക്കിൽ നവ്യ തൊടുത്ത് വിട്ടത്
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിക്കാത്ത നടിയാണ് നവ്യ നായർ. നവ്യയുടെ കാഴ്ചപ്പാടുകൾ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ജീവിതാനുഭവങ്ങൾ നവ്യയുടെ ചിന്താഗതികളെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. വിവാഹമാണ് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് കരുതിയ ഒരു കാലം നവ്യക്കുണ്ട്. എന്നാൽ കുടുംബ ജീവിതത്തിലേക്ക് മാത്രം ഒതുങ്ങിപ്പോകാൻ നവ്യക്ക് താൽപര്യമുണ്ടായിരുന്നില്ല. വിവാഹ ജീവിതത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റായ ധാരണകളെക്കുറിച്ച് നവ്യ അഭിമുഖങ്ങളിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്.
ഈ തുറന്ന് പറച്ചിലുകൾ നവ്യയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ടാക്കി. ഭർത്താവ് സന്തോഷ് മേനോനുമായി നവ്യ അകൽച്ചയിലാണോ എന്ന് ചോദ്യം വന്നു. നവ്യക്കൊപ്പം ഭർത്താവിനെ പൊതുവിടങ്ങളിലൊന്നും കാണാതെയായി. ഭർത്താവ് മുംബെെയിലും നവ്യ കേരളത്തിലും. ഇതെല്ലാം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഗോസിപ്പുകളൊന്നും നവ്യ കാര്യമാക്കുന്നേയില്ല.

കഴിഞ്ഞ ദിവസം ധന്യ വർമയുടെ ഷോയിൽ നവ്യ മനസ് തുറന്ന് സംസാരിച്ചു. എന്നാൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് അധികം കടക്കാൻ നവ്യ തയ്യാറായില്ല. ധന്യ ഇതിനൊരു ശ്രമം നടത്തിയെങ്കിലും നവ്യ ബുദ്ധിപൂർവം ഒഴിഞ്ഞ് മാറിയെന്നാണ് നെറ്റിസൺസ് പറയുന്നത്. പ്രണയവും സ്നേഹവും ഒന്നായിട്ടാണോ കാണുന്നതെന്ന് ധന്യ നവ്യയോട് ചോദിച്ചു. രണ്ടും വ്യത്യസ്തമാണ്. അച്ഛനോടും അമ്മയോടുമുള്ളത് സ്നേഹമാണ് എന്ന് നവ്യ പറഞ്ഞു.
ഒരു റിലേഷൻഷിപ്പ് കുറേനാൾ കഴിയുമ്പോൾ ഓർഗാനിക്കായി പോയില്ലെങ്കിൽ പ്രണയത്തിൽ നിന്ന് മാറി അത് സ്നേഹത്തിലേക്ക് എത്തുന്നു എന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട് എന്ന് ധന്യ പറഞ്ഞപ്പോൾ അനുഭവിക്കാനുള്ള യോഗമുണ്ടായിട്ടില്ല, അത് കൊണ്ട് അറിയില്ല എന്ന് നവ്യ മറുപടി നൽകി.

2010 ൽ വിവാഹിതയായ ശേഷമാണ് നവ്യ സിനിമാ രംഗത്ത് നിന്നും ഇടവേളയെടുക്കുന്നത്. സന്തോഷ് മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. ഭർത്താവിനൊപ്പം മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു. വിവാഹ ജീവിതത്തെക്കുറിച്ച് തനിക്ക് തെറ്റായ ധാരണകളുണ്ടായിരുന്നെന്ന് നവ്യ നേരത്തെ പറഞ്ഞിട്ടുണ്ട്. അടിസ്ഥാനപരമായ അവകാശങ്ങൾ പോലും ഞാൻ തിരിച്ചറിഞ്ഞില്ല. എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നാണ്. അത് ചേട്ടന്റെ അവകാശമാണെന്ന് ഞാൻ വിചാരിച്ചു. അങ്ങനെയല്ലെന്ന് മനസിലാക്കാൻ എനിക്ക് പോലും കഴിഞ്ഞില്ല. 24 വയസിലാണ് കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ലോകം കണ്ട, എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നടിയായ എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണെന്നും നവ്യ നായർ പറഞ്ഞു.
നവ്യ മുംബെെയിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയിട്ട് അഞ്ച് വർഷമായി. മുംബെെയിൽ ഇടയ്ക്കിടെ ഭർത്താവിനടുത്തേക്ക് നവ്യ പോകാറുണ്ട്. നൃത്ത പരിപാടികളുടെ തിരക്കിലാണ് നവ്യയിന്ന്. ഭർത്താവിന്റെ എതിർപ്പ് മൂലം താൻ ലക്ഷ്യങ്ങൾ മാറ്റി വെച്ചതിനെക്കുറിച്ചും നടി സംസാരിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഒരു ജോലി ചെയ്യുമ്പോൾ പോലും ബാക്കിയെല്ലാം ജോലിക്കും കൂടി ഒക്കുന്ന ജോലിയേ ചെയ്യാൻ പറ്റൂ. ഡാൻസിൽ ഡിഗ്രി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തനിക്കത് അന്ന് സാധിച്ചില്ലെന്നും നവ്യ പറഞ്ഞു.


Click it and Unblock the Notifications