എന്നെ രക്ഷിക്കാൻ വന്ന രാജു ചേട്ടൻ, പക്ഷെ അച്ഛനേ അതിന് കഴിയൂ; മുൻജന്മമാണ് കാണുന്നതെന്ന് ആരാധകർ
മലയാളികൾക്ക് പ്രിയങ്കരിയായ നവ്യ നായർ സിനിമയും നൃത്തവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുകയാണ്. ഒരുത്തീ എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യ ലൈം ലൈറ്റിൽ വീണ്ടും ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നവ്യയിന്ന്. കരിയറിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ചും ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചുമെല്ലാം നവ്യ തുറന്ന് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ താൻ കണ്ട വിചിത്രമായ ചില സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ.
ഇത്തരം സ്വപ്നങ്ങൾ തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് നവ്യ പറയുന്നു. ഞാൻ ഹൊറർ സിനിമകൾ കാണാറില്ല. ഒരുപാട് വയലൻസുള്ള സിനിമകളോ ക്രൂരമായ സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളോ കാണാറില്ല. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നതെന്ന് അറിയില്ലെന്ന് നവ്യ പറയുന്നു. ദുസ്വപ്നം കണ്ട് എണീക്കുക വിയർത്ത് കുളിച്ചാണ്. പിറ്റേ ദിവസം വൈകുന്നേരമായാലും സ്വപ്നം മറക്കില്ല. എല്ലാവരോടും പറയും. ജീവിച്ച് പോകുന്നത് പോലെ, അവിടെ ഞാനുണ്ടായിരുന്നു എന്ന് തോന്നുന്ന തരത്തിലുള്ള വികൃതമായ സ്വപ്നങ്ങൾ കാണാറുണ്ട്.

സ്വപ്നത്തിന് വ്യക്തമായ അവസാനമില്ല. അത് വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോൾ സ്വപ്നം കണ്ട് എണീറ്റ് മുഖം കഴുകി കിടക്കാം എന്ന് വിചാരിക്കും. അങ്ങനെ കിടന്നാൽ ഞാനീ സ്വപ്നത്തിന്റെ ബാക്കി കാണും. പേടിപ്പിക്കുന്ന സ്വപ്നങ്ങളാണ്. ബാക്കി കണ്ടാലോ എന്ന് പേടിച്ച് ഞാൻ പിന്നെ ഉറങ്ങില്ല. രണ്ട് മണിക്ക് ഉണർന്നാൽ എന്തെങ്കിലും കണ്ടിരിക്കും. ഉറങ്ങാൻ പേടിയാണ്.
രാവിലെ അഞ്ചര ആറ് മണി സമയത്ത് ഉണർന്നാൽ കുഴപ്പമില്ല. പത്ത് മണി വരെയൊക്കെ ഉറങ്ങിപ്പോകും. വർക്കുള്ള ദിവസമാണെങ്കിൽ ആകെ ബുദ്ധിമുട്ടുമെന്നും നവ്യ പറയുന്നു. താൻ കണ്ട ഒരു സ്വപ്നത്തെക്കുറിച്ചും നവ്യ വിവരിച്ചു. ഞാനൊരു സാങ്കൽപ്പിക ലോകത്താണുള്ളത്. ആ ലോകത്ത് മരങ്ങളും ചെടികളൊന്നുമില്ല.

ചരലും പാറയും മാത്രമുള്ള ലോകം. അവിടെ ഞാനും അമ്മയും അച്ഛനും കല്യാണരാമനിലെ സിനിമോട്ടോഗ്രാഫർ പി സുകുമാറും പൃഥിരാജും ലാലേട്ടനുമുണ്ട്. ഈ സ്ഥലത്ത് ഞങ്ങൾ അകപ്പെട്ടിരിക്കുകയാണ്. അവിടെ പ്രത്യേക തരം ജീവിയുണ്ട്. ഈ ഡെവിൾ എന്നെ മാത്രമാണ് ആക്രമിക്കുന്നത്. എന്നെ രക്ഷപ്പെടുത്താൻ സുകുവേട്ടനും പൃഥിരാജും ലാലേട്ടനും വരും.
ഈ ഡെവിളിനെ അറ്റാക്ക് ചെയ്യാൻ ആര് പോയാലും ആ പോകുന്ന ആൾ ഡെവിളായി മാറും. സുകുവേട്ടനും രാജു ചേട്ടനും ലാലേട്ടനും ഡെവിളായി മാറുന്നു. അച്ഛന് മാത്രമേ ഡെവിളിന്റെ രൂപം വരാതെ എന്നെ രക്ഷപ്പെടുത്താൻ പറ്റൂ. സ്വപ്നമല്ലേ ലോജിക്ക് ഇല്ല. അച്ഛൻ വേറൊരു ഡെവിളുമായി മൽപ്പിടുത്തം നടത്തുകയാണ്.
ഞാൻ കരയുന്നുണ്ട്. പുലർച്ചയോടെ ഞാൻ ഞെട്ടി ഉണർന്നു. അച്ഛനെ വിളിച്ച് റൂമിൽ കിടത്തി. എന്നാൽ ബാക്കി സ്വപ്നം പിന്നെയും കണ്ടു. നാരായണം ജപിച്ച് കിടക്കാൻ അച്ഛൻ പറഞ്ഞു. അച്ഛന്റെ കൈ പിടിച്ചാണ് പിന്നെ ഞാനുറങ്ങിയത്. പിന്നീട് ആ സ്വപ്നം കണ്ടില്ലെന്നും നവ്യ നായർ ഓർത്തു. തന്റെ യൂട്യൂബ് ചാനലിലാണ് നവ്യ അനുഭവം പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. മുൻജന്മങ്ങളാണ് സ്വപ്നമായി കാണുന്നത്. എല്ലാവർക്കും അത് കാണാനാകില്ല. അനുഗ്രഹിക്കപ്പെട്ട ആളാണ് നവ്യയെന്ന് ചിലർ കമന്റ് ചെയ്തു.


Click it and Unblock the Notifications