എന്നിട്ടും ഞാൻ ഒറ്റപ്പെട്ടു, അഞ്ച് വർഷമായി കേരളത്തിലേക്ക് തിരിച്ച് വന്നിട്ട്; വലിയ മാറ്റമായിരുന്നെന്ന് നവ്യ
വാക്കുകൾ കൊണ്ട് ആരാധകരെ സ്വാധീനിക്കാൻ കഴിയുന്ന നടിയാണ് നവ്യ നായർ. അഭിമുഖങ്ങളിലും പൊതുവേദികളിലും നന്നായി സംസാരിക്കാൻ നവ്യക്ക് കഴിയുന്നു. സിനിമയും നൃത്തവുമായി തിരക്കുകളിലാണ് നവ്യയിന്ന്. വിവാഹ ശേഷം മുംബൈയിലേക്ക് താമസം മാറിയിരുന്നെങ്കിലും ഇപ്പോൾ കേരളത്തിൽ തന്റെ മാതാപിതാക്കൾക്കും മകനുമൊപ്പമാണ് നവ്യയുള്ളത്. ജീവിതത്തിൽ ഒറ്റപ്പെടലുകൾ നേരിടാൻ താൻ പഠിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നവ്യയിപ്പോൾ. ഒറ്റപ്പെട്ടുപോയ ഒരു വയോധികന്റെ സങ്കടം കേട്ടപ്പോഴാണ് നവ്യ തന്റെ അനുഭവങ്ങളും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്.
സോളോ ട്രിപ്പിലൂടെ ഒറ്റയ്ക്കായാലും ജീവിക്കാൻ താൻ സ്വയം പാകപ്പെടുത്തുകയാണെന്ന് നവ്യ പറയുന്നു. ഈയടുത്ത് പഞ്ച്ഗനി എന്ന സ്ഥലത്തേക്ക് ഒരു ദവസത്തേക്ക് ട്രിപ്പ് പോയി. ഗൂഗിളിൽ നോക്കിയപ്പോൾ ബോംബെയിൽ നിന്ന് അഞ്ചര മണിക്കൂറാണ് അവിടെയെത്താനുള്ള സമയം. പക്ഷെ ഏഴര മണിക്കൂറോളം എടുക്കും. വൈകുന്നേരമായി അവിടെ എത്താൻ. പോകുന്ന വഴിയിൽ വെച്ച് എന്തോ അലർജി വന്നു തുമ്മാൻ തുടങ്ങി.

ഓരോ നിമിഷവും അമ്മയെ ഞാൻ വല്ലാതെ മിസ് ചെയ്തു. അമ്മയും അച്ഛനും ഇല്ലെങ്കിൽ വേറെ ആരുണ്ടാകും. അവരില്ലാതെ ഞാനങ്ങനെ അതിജീവിക്കുമെന്ന് ഞാൻ ചിന്തിച്ചു. പല നാളുകളായി ഒറ്റപ്പെടലിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന് ആലോചിക്കുന്നു. ആ പേടി കൂടി തുടങ്ങിയപ്പോഴാണ് ഞാൻ സോളോ ട്രാവൽ ചെയ്യാൻ തുടങ്ങിയത്. ആ ട്രിപ്പിൽ താൻ പനി വന്ന് കിടപ്പിലായിരുന്നെന്നും നവ്യ ഓർത്തു.
അന്ന് ആരും സഹായത്തിനില്ലാതെ ഞാൻ ഒറ്റപ്പെട്ടു. അങ്ങനെ ഒറ്റപ്പെടണം. അതും കൂടെ നമ്മൾ ശീലിക്കണം. ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെടുമെന്ന സാധ്യത നമ്മൾ മുൻകൂട്ടി കാണണം. വാർധക്യത്തിലേക്ക് എത്തുമ്പോഴുള്ള ഏകാന്തത ഒറ്റപ്പെടലായി തോന്നാതിരിക്കാൻ താനിപ്പോഴേ തനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് പരിശീലിക്കുകയാണെന്ന് നവ്യ പറയുന്നു. കുട്ടിയായിരിക്കുമ്പോൾ ഷൂട്ടിംഗിന് അച്ഛനും അമ്മയും എപ്പോഴും ഒപ്പം വരും.

അസിസ്റ്റന്റ്സും ഡ്രെെവറുമുണ്ടാകും. നമ്മുടെ ചുറ്റും നമ്മുടെ കാര്യങ്ങൾ നോക്കാൻ നമ്മളേക്കാൾ ശ്രദ്ധാലുക്കളായ ഒരുപാട് പേരുണ്ടാകും. വളരെ സേഫ് ആണെന്ന് നമുക്ക് തോന്നും. അവിടെ നിന്നും വിവാഹത്തിലേക്ക് എനിക്ക് വലിയ മാറ്റമായിരുന്നു. ഞാനും ചേട്ടനും മാത്രമുള്ള വീട്. ജോലിക്കാരിയുണ്ട്. എന്നാൽ പോലും നമ്മൾ അനുഭവിക്കുന്ന ഒറ്റപ്പെടലുണ്ട്.
ആളും ആരവമുണ്ടായിരുന്ന ഫീൽഡിൽ നിന്നും ഒട്ടും അറിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നു. ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ പറ്റും. എന്നിട്ടും ഞാൻ ഒറ്റപ്പെട്ടു. ഒറ്റപ്പെടൽ എല്ലാ പ്രായത്തിലും എല്ലാവർക്കുമുണ്ടാകും. കഴിഞ്ഞ അഞ്ച് വർഷമായി നാട്ടിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ഇവിടെ വന്ന ശേഷം എനിക്കാ ഒറ്റപ്പെടൽ ഇല്ല. ഇവിടെ അച്ഛനും അമ്മയും ഒപ്പമുള്ളതും വർക്കുമുള്ളതിനാലാണ് അതെന്നും നവ്യ നായർ വ്യക്തമാക്കി. . ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ നായർ സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തുന്നത്. ഇന്ന് പഴയത് പോലെ തിരക്ക് പിടിച്ച് നടി സിനിമകൾ ചെയ്യുന്നില്ല. നവ്യയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications