വേറൊരാളും കൂടി ഉൾപ്പെട്ട പ്രശ്നം, ഒറ്റയ്ക്ക് തീർക്കാനാകില്ല; തിരക്കുകൾ എന്റെ ഒളിച്ചോട്ടം: നവ്യ നായർ
നൃത്തവും സിനിമയുമെല്ലാമായി തിരക്കുകളിലാണ് നവ്യ നായർ. ഒന്നിന് പിറകെ ഒന്നായി നവ്യ നൃത്ത വേദികളിൽ പെർഫോം ചെയ്യുന്നു. ഇതിനിടെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുമുണ്ട്. ഇടയ്ക്ക് സിനിമകളും ചെയ്യുന്നു. എപ്പോഴും തിരക്കുകളിലായിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നവ്യ നായർ. ഒരു ദിവസത്തിൽ എന്തൊക്കെ ചെയ്യണമെന്ന് മുൻകൂട്ടി തീരുമാനിക്കുകയും ഇവയെല്ലാം ചെയ്ത് തീർക്കുകയും ചെയ്യുന്നതാണ് നവ്യയുടെ രീതി. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ നവ്യ നായർ.
താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണെന്ന് നവ്യ നായർ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പരാമർശം. ജീവിതത്തിലുള്ള വിഷമങ്ങളെ തിരിഞ്ഞൊന്ന് നോക്കാനുള്ള സമയമില്ലാത്തത് പോലെ ഞാൻ എന്നെ പാക്ക് ചെയ്ത് വെക്കും. പാക്ക് ചെയ്യാൻ ജോലി ഉണ്ടല്ലോ. അത് ദെെവത്തിന്റെ അനുഗ്രഹമാണെന്നും നവ്യ നായർ പറയുന്നു. നമ്മുടെ ഉള്ളിലെ പ്രശ്നമാണെങ്കിൽ അത് തീർക്കാൻ പറ്റും. മറ്റൊരാൾ കൂടി ഉൾപ്പെട്ട പ്രശ്നമാകുമ്പോൾ ആ വ്യക്തി കൂടി തയ്യാറല്ലെങ്കിൽ പ്രശ്നം ഇല്ലാതാക്കാൻ പറ്റില്ല.

വേറൊരാളും കൂടി ചേർന്നുണ്ടാക്കിയ കുരുക്കിലാണ് നമ്മൾ പെട്ട് കിടക്കുന്നതെങ്കിൽ നമ്മൾക്കൊറ്റയ്ക്ക് കുരുക്കഴിക്കാൻ പറ്റില്ല. കുരുക്കിനെ മറന്ന് കളയാനേ പറ്റൂ. മറന്നു എന്ന് നമുക്ക് നമ്മളെ തന്നെ ധരിപ്പിക്കാനേ പറ്റൂ. മറക്കില്ല. മറവി എനിക്ക് കുറവാണെന്നും നവ്യ നായർ പറയുന്നു.
മകൻ തനിക്ക് തരുന്ന ഉപദേശവും നവ്യ പങ്കുവെച്ചു. അമ്മ ആൾക്കാരെ വല്ലാതെ വിശ്വസിക്കും. അങ്ങനെയാകരുത്. എല്ലാവരും നമ്മളെ സഹായിക്കാൻ വേണ്ടിയുള്ളവർ ആകില്ല. ഏത് തരത്തിലുമുളള ആളുകളുമുണ്ടാകും. ഞാൻ എല്ലാം കേൾക്കും. എന്നാൽ തനിക്ക് വിശ്വസിക്കാതിരിക്കാൻ പറ്റില്ല. അത് തന്റെ സത്വമാണെന്നും നവ്യ പറയുന്നു.

ഒരു സാഹചര്യത്തിലും ഞാൻ പാനിക്കായി തീരുമാനങ്ങളൊന്നും എടുക്കാറില്ല. സമയമെടുത്ത് ചിന്തിക്കും. ചെറിയ കാര്യങ്ങളാണെങ്കിൽ വേഗം തീരുമാനമെടുക്കും. എന്നാൽ മറ്റ് മനുഷ്യർ കൂടി ഉൾപ്പെട്ട കാര്യമാണെങ്കിൽ പെട്ടെന്ന് തീരുമാനമെടുക്കില്ല. എപ്പോഴും വേറെ ആൾക്കാരുടെ വിഷമങ്ങളെക്കുറിച്ച് ആലോചിക്കും. അവിടെ ത്യജിക്കേണ്ടി വരുന്നത് എന്റെ സന്തോഷങ്ങളാണെങ്കിലും ഞാൻ ത്യജിക്കും. അത് എന്റെ ക്രെഡിറ്റായി പറയുന്നതല്ല. വേറെ നിവൃത്തിയില്ലാതെ ത്യജിക്കുന്നതും നമ്മൾ ത്യജിക്കാൻ തയ്യാറാകുന്നതും രണ്ടാണ്.
ചില ആൾക്കാരുടെ സന്തോഷം വളരെ പ്രധാനമാണെന്ന് തോന്നുമ്പോൾ വേണ്ടെന്ന് വെക്കും. എനിക്കാ സന്തോഷം ഇല്ലെങ്കിലും കുഴപ്പമില്ല. ജീവിതം പടർന്ന് പന്തലിച്ച് കിടക്കുകയാണ്. അതിൽ ചില കാര്യങ്ങൾ മാത്രം ഫോക്കസ് ചെയ്ത് വിഷമിക്കാൻ പാടില്ലെന്ന് ഞാൻ എന്നോട് തന്നെ പറയും. അങ്ങനെ ചില ത്യാഗങ്ങൾ ചെയ്യുമ്പോൾ എനിക്കത് ഓക്കെയാണെന്നും നവ്യ നായർ പറയുന്നു. വിഷമം വന്നാൽ കരഞ്ഞ് തീർക്കും. എന്നിട്ട് മുഖം കഴുകി പിന്നെ ആ ദിവസം മുഴുവൻ പ്രാെഡക്ടീവ് ആകും. കരയുന്നത് തെറ്റല്ലെന്നും നവ്യ വ്യക്തമാക്കി.
സിനിമയും നൃത്തവുമായി തിരക്കുകളിലാണ് നവ്യയിന്ന്. വിവാഹ ശേഷം മുംബൈയിലേക്ക് താമശം മാറിയിരുന്നെങ്കിലും ഇപ്പോൾ കേരളത്തിൽ തന്റെ മാതാപിതാക്കൾക്കും മകനുമൊപ്പമാണ് നവ്യയുള്ളത്. കരിയറിന് വലിയ പ്രാധാന്യം നൽകുന്നയാളാണ് നവ്യ. സിനിമകൾ വളരെ സെലക്ടീവായേ നവ്യ ഇന്ന് ചെയ്യാറുള്ളൂ. നൃത്തത്തിനാണ് കൂടുതൽ പ്രാധാന്യം. നവ്യയുടെ നൃത്തത്തിന് ആരാധകർ ഏറെയാണ്.


Click it and Unblock the Notifications