'പ്രേമിച്ചയാളെ കെട്ടാൻ പറ്റാതെ വരുമ്പോൾ എന്റെ 'യുഎൻഒ' എന്ന് വിളിക്കാൻ പറ്റുമോ', പൃഥ്വിരാജിനെ കുറിച്ച് നവ്യ!
വളരെ ഇഷ്ടത്തോടെ അഭിനയത്തിലേക്ക് വരുന്ന നടിമാരെല്ലാം വിവാഹത്തോടെ കുടുംബജീവിതവും മറ്റുമായി ഒതുങ്ങി കൂടും. അവരിൽ ചിലർ മാത്രമാണ് തന്റെ താൽപര്യങ്ങൾ നിറവേറണമെന്ന ശക്തമായ തീരുമാനത്തോടെ അഭിനയത്തിലേക്കും മറ്റ് കഴിവുകളിലേക്കും തിരിച്ച് വരുന്നത്. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച നിരവധി നടിമാരിൽ ഒരാളായിരുന്നു നവ്യാ നായർ. 2010ൽ വിവാഹിതയാകുമ്പോൾ വെറും 24 വയസ് പ്രായം മാത്രമാണ് നവ്യാ നായർക്കുണ്ടായിരുന്നത്. വളരെ നേരത്തെ വിവാഹിതയായതിനെ കുറിച്ച് ചോദിച്ചപ്പോഴെല്ലാം നവ്യ പറഞ്ഞത് കൂട്ടുകാർ എല്ലാവരും വിവാഹിതരായിരുന്നുവെന്നും അതിനാൽ വീട്ടുകാർ നിർബന്ധിച്ചപ്പോൾ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ്.
വിവാഹത്തോടെ മലയാള സിനിമയിൽ നിന്ന് മാത്രമാണ് നവ്യാ നായർ വിട്ട് നിന്നത്. ഇടയ്ക്ക് മറ്റ് അന്യഭാഷ ചിത്രങ്ങളിൽ നവ്യാ നായർ അഭിനയിച്ചിരുന്നു. കൂടാതെ ടെലിവിഷൻ പരിപാടികളിൽ അവതാരികയായും സെലിബ്രിറ്റി ഗസ്റ്റായുമെല്ലാം നവ്യാ നായർ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും മലയാള സിനിമയിസൽ നായികയായി തന്നെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നവ്യാ നായർ. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായർ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. നവ്യാ നായരുടെ മടങ്ങിവരവായിരുന്നു ഒരുത്തീ ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോഴത്തെ പ്രധാന ആകർഷണവും.

കൊവിഡ് അടക്കമുള്ള പ്രതിബന്ധങ്ങളെ അതീജിവിച്ച് ഒടുവിൽ ഒരുത്തീ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയപ്പോൾ പ്രതീക്ഷകൾ ഒന്നും പാഴായില്ല എന്നതു തന്നെയാണ് തിയേറ്റർ അനുഭവം സാധ്യമായ പ്രേക്ഷകർ പറഞ്ഞതും. ഇരുത്തം വന്ന പ്രകടനമാണ് ചിത്രത്തിൽ നവ്യാ നായരുടേത്. കൊച്ചിക്കാരിയായ കഥാപാത്രമായുള്ള വേറിട്ട പ്രകടനത്താൽ നവ്യാ നായർ തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയിരിക്കുന്നു. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‍പോർട്ടിന്റെ ബോട്ടിൽ ടിക്കറ്റ് കളക്ടർ ആയി ജോലി നോക്കുന്ന രാധാമണിയെന്ന വീട്ടമ്മയയുടെ കഥാപാത്രത്തെയാണ് നവ്യാ നായർ അവതരിപ്പിച്ചത്. ഇടത്തരം കുടുംബം എന്ന് പറയാവുന്ന പശ്ചാത്തലമുള്ള രാധാമണി നവ്യാ നായരുടെ രൂപം സ്വീകരിച്ചപ്പോൾ കേരളത്തിലെ മറ്റനേകം സ്‍ത്രീകൾക്ക് സിനിമ കൂടുതൽ ആസ്വദിക്കാൻ സാധിച്ചു. വളരെ റിയലിസ്റ്റിക്കായ ഒരു പ്രകടനമാണ് ചിത്രത്തിൽ നവ്യാ നായരുടേത്.

ഒരുത്തീ സിനിമയെ കുറിച്ച് മുപ്പതിൽ അധികം അഭിമുഖങ്ങളിൽ കുറഞ്ഞ ദിവസങ്ങളിൽ നവ്യാ നായർ സംസാരിച്ചു. കഴിഞ്ഞ ദിവസം റെഡ് കാർപറ്റ് എന്ന ആർജെ മൈക്കിന്റെ പരിപാടിയിൽ പങ്കെടുത്തപ്പോൾ പഴയ സിനിമാ അനുഭവങ്ങൾ വിവരിക്കുന്ന നവ്യാ നായരുടെ വീഡിയോ വൈറലാവുകയാണ്. തന്റെ നായകനായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൃഥ്വിരാജിനെ കുറിച്ച് നവ്യ പറഞ്ഞ വാക്കുകളും വൈറലാകുന്നുണ്ട്. നന്ദനം പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ പൃഥ്വിരാജ് ചോദ്യങ്ങൾക്ക് നൽകിയ മറുപടിയെ കുറിച്ചാണ് നവ്യ പറഞ്ഞത്. 'നന്ദനം റിലീസിന്റെ സമയത്ത് പ്രമോഷന് ജനങ്ങളടക്കം എല്ലാവരും പങ്കെടുക്കാൻ വന്നിട്ടുണ്ടായിരുന്നു. അവരിൽ നിന്നും ആളുകൾ ചോദ്യം ചോദിക്കുമായിരുന്നു. ഫാന്റസി കൂടി കലർത്തിയ സിനിമയാണല്ലോ നന്ദനം.... അതിനാൽ കൂടി നിന്നവരിൽ ഒരാൾ ചോദിച്ചു... ഈ പടമൊക്കെ വിജയിക്കുമോ...? പ്രായോഗികമായ കാര്യമല്ലല്ലോ സിനിമയിൽ പറയുന്നത്.... പ്രണയത്തിൽ പ്രശ്നം വന്നാൽ ഗുരുവായൂരപ്പനെ അല്ലല്ലോ വിളിക്കേണ്ടത്... അതിന് ഇവിടെ സംഘടനകളില്ലേ... എന്നൊക്കെ... ഉടനെ രാജുവേട്ടന്റെ മറുപടി എത്തി....'

'പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ സാധിക്കാതെ വന്നാൽ എന്റെ ഗുരുവായൂരപ്പ എന്നല്ലാതെ ആരെങ്കിലും എന്റെ യുഎൻഒയെ എന്ന് വിളിക്കുമോ... എന്ന്... മറുപടി എല്ലാവരേയും അത്ഭുതപ്പെടുത്തി. അന്നും മനസിൽ തോന്നുന്നത് ധൈര്യത്തോടെ പറയും രാജുവേട്ടൻ. ഇപ്പോൾ കുറച്ച് പോളിഷ് ചെയ്ത് മാത്രമെ സംസാരിക്കാറുള്ളൂ എന്ന് തോന്നിയിട്ടുണ്ട്' നവ്യാ നായർ പറയുന്നു. നന്ദനം, വെള്ളിത്തിര, അമ്മക്കിളിക്കൂട് തുടങ്ങി നിരവധി സിനിമകളിൽ പൃഥ്വിരാജും നവ്യാ നായരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications