പൂർണ ഉത്തരവാദിത്തം നവ്യക്ക് മാത്രം, എന്നിട്ട് പഴി ഭർത്താവിന്; മഞ്ജുവിനെ ഓർത്ത് അഭിമാനം; കുറിപ്പിന് വിമർശനം
അടുത്തിടെ നടി നവ്യ നായർ നൽകിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. നവ്യയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. വിവാഹ ജീവിതത്തിൽ എടുക്കേണ്ടി വന്ന ത്യാഗങ്ങളെക്കുറിച്ചും പിന്നീട് വന്ന തിരിച്ചറിവുകളെക്കുറിച്ചും നവ്യ നായർ സംസാരിച്ചു. അഭ്യൂഹങ്ങൾ വന്നെങ്കിലും വിവാഹ ബന്ധം തകർന്നെന്ന് നവ്യ എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ഈ വാദം ശക്തമാണ്. നവ്യയെ വിമർശിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പാണിപ്പോൾ ചർച്ചയാകുന്നത്.
'നവ്യാ നായരുടെ പുതിയ അഭിമുഖം കണ്ടപ്പോൾ, ദാമ്പത്യം തകർന്നതിനെ അവർ അവതരിപ്പിച്ച രീതി കണ്ടിട്ട്, മഞ്ജു വാര്യരെ ഓർത്ത് വലിയ ബഹുമാനം തോന്നിപ്പോയി. വിവാഹബന്ധം വേർപെടുത്തിയ ശേഷം ഒരു സ്ത്രീ എങ്ങനെയാവണം എന്നതിന് മഞ്ജു വാര്യർ ഒരു മാതൃകയാണ്. നവ്യയാകട്ടെ, എങ്ങനെയാവരുത് എന്നതിന്റെ ഉദാഹരണവും'

'കഴിഞ്ഞ ദിവസം നവ്യയുടെ അഭിമുഖത്തിൽ, വിവാഹജീവിതം തന്റെ അഭിനയ ജീവിതം എങ്ങനെ നശിപ്പിച്ചു എന്ന് അവർ പറയുന്നുണ്ട്. തന്റെ അടിസ്ഥാന അവകാശങ്ങൾ പോലും ദാമ്പത്യത്തിൽ നിഷേധിക്കപ്പെട്ടു എന്നും അവർ പറയുന്നു. എന്നാൽ, ഈ നവ്യ തന്നെ മുൻപ് പറഞ്ഞിട്ടുള്ളത്, കല്യാണം കഴിഞ്ഞാൽ ഭർത്താവാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും, അഭിനയിക്കാൻ അദ്ദേഹം അനുവാദം തന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നുമാണ്'
'ഒരുകാലത്ത് ശരി എന്ന് തോന്നിയ കാര്യം വർഷങ്ങൾക്കിപ്പുറം തെറ്റായി തോന്നുന്നുണ്ടെങ്കിൽ അത് നവ്യയുടെ മാത്രം പിഴവല്ലേ? ഭർത്താവിന്റെ തീരുമാനങ്ങളെ അഭിനന്ദിച്ച നവ്യക്ക് ഇന്ന് അത് മനുഷ്യത്വമില്ലാത്തതായി തോന്നുന്നുവെങ്കിൽ അതും അവരുടെ മാത്രം പ്രശ്നമല്ലേ?
നിങ്ങൾക്ക് ശരി എന്ന് തോന്നി നിങ്ങൾ എടുത്ത തീരുമാനമാണ്. അത് മോശമായി പോയെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്കു മാത്രമാണ്. അതുവഴി എന്തെങ്കിലും ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഭാരവും നിങ്ങൾക്ക് മാത്രം'

'വിവാഹത്തിന് മുൻപ് നവ്യ ആവശ്യപ്പെട്ടതെല്ലാം ഭർത്താവ് ചെയ്ത് കൊടുത്തു എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെയാണ് ഈ വിഷയത്തിൽ ഭർത്താവ് കുറ്റക്കാരനാകുന്നത്? ഇപ്പോൾ പഴയത് പോലെ സിനിമയിൽ സജീവമാകാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകാം. കുടുംബമാകുമ്പോൾ ചില ഉത്തരവാദിത്തങ്ങൾ ഉണ്ടാകും, അതിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ലല്ലോ'
'സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വന്നിരുന്ന് സ്വന്തം തെറ്റുകളും വീഴ്ചകളും മറ്റൊരാളുടെ തലയിൽ വെച്ച്, ഇരവാദം പറഞ്ഞ് ശ്രദ്ധ നേടാൻ ശ്രമിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ഇതൊക്കെ കാണുമ്പോഴാണ് മഞ്ജു വാര്യരെ ഓർത്ത് അഭിമാനം തോന്നുന്നത്. അവർ ആരെയും കുറ്റപ്പെടുത്തിയില്ല, പരസ്പരം പഴിചാരിയില്ല. പറ്റില്ലെന്ന് തോന്നിയപ്പോൾ മാന്യമായി ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോന്നു.
വിവാഹജീവിതം എന്നാൽ വിട്ടുവീഴ്ചകളാണ്. പരസ്പരം സംസാരിച്ച്, നിലപാടുകളും ആവശ്യങ്ങളും തുറന്നുപറഞ്ഞ് മാത്രം മുന്നോട്ട് പോകുക. കുറച്ച് കാലം കഴിഞ്ഞിട്ട് 'ഞാൻ ഉദ്ദേശിച്ചത് ഇതല്ല' എന്ന് പറയുന്നതിൽ അർത്ഥമില്ല' എന്നാണ് കുറിപ്പ്. ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. മറ്റൊരാളുടെ ജീവിതത്തെ പുറമെ നിന്ന് വിലയിരുത്തുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം അഭിപ്രായങ്ങൾ.


Click it and Unblock the Notifications











