നയന; ഓർമ്മ കുറിപ്പും മുന്നറിയിപ്പും
അഞ്ചെട്ട് കൊല്ലം മുമ്പ്, ഒരു ഐ എഫ് എഫ് കെയിൽ തിരുവനന്തപുരത്ത് കൈരളിയുടെ പടവുകളിൽ ഒരു വൈകുന്നേരം വായിൽനോക്കിയും സിനിമ ചർച്ചിച്ചും ഇരിക്കവെയാണ് നയനയെ ആദ്യമായി കാണുന്നത്.ഒറ്റനോട്ടത്തിൽ അവളുടെ കുട്ടിത്തവും സ്മാർട്ടനെസ്സും എനിക്കിഷ്ടായി. ഒരു പ്രൈമറി സ്കൂൾ കുട്ടിയെപ്പോലെ. ഡോൾ ബേബിയെപ്പോലെ. ഞാൻ അടുത്തുണ്ടായിരുന്ന രേഖാരാജിനോട് ചോദിച്ചു :- ഏതാടീ ഈ കുഞ്ഞിക്കൊച്ച്?
അവൾ പറഞ്ഞു :- അവളാടാ ഈ വർഷത്തെ താരം.
ചൂടോടെ അവളെ വിളിച്ച് 'ദേ ഇവന് നിന്നെ പരിചയപ്പെടാണമത്രെ' എന്നും പറഞ്ഞ് ഞങ്ങളെ സുഹൃത്തുക്കളാക്കുകയും ചെയ്തു.

എസ്സ് എം എസ് കാലമായിരുന്നു അത്. അതിലൂടെ ഇടയ്ക്കൊക്കെ സുഖവിവരങ്ങളും വിശേഷങ്ങളും ഞങ്ങൾ പരസ്പരം അന്വേഷി്ച്ചു. അത്യാവശ്യം പ്രായവ്യത്യാസമുണ്ടായിട്ടും അവൾ അനാവശ്യമായ ബഹുമാനമൊന്നും വച്ച് നീട്ടാതെ ശൈലാന്നു വിളിക്കാനുള്ള ആത്മാർത്ഥത കാണിച്ചു. ഐ എഫ് എഫ് കെയിൽ കാണുമ്പോൾ സ്നേഹം പുതുക്കി. പിന്നെയാണ് അവൾ ലെനിൻ രാജേന്ദ്രൻ ചേട്ടന്റെ അസിസ്റ്റന്റ് ആയത്. അതുകഴിഞ്ഞ് സ്വന്തമായി ഒരു ചെറു സിനിമ സംവിധാനം ചെയ്ത് ക്രോസ് റോഡ് എന്ന ആന്തോളജിയിലെ ഒരു സെഗ്മെന്റ് ആയി തിയേറ്ററിലെത്തിച്ചത്.
എസ് എം എസ് കാലമൊക്കെ കഴിഞ്ഞതോടെ പരസ്പരം അന്വേഷിക്കുന്ന ആ പതിവൊക്കെ നിന്നുപോയിരുന്നു. ഇന്നിപ്പോൾ അവൾ ഭൂമി വിട്ട് പോയതായി അറിയുമ്പോൾ ഒരു നിമിഷം സ്തബ്ധനായിപ്പോവുന്നു. തീരെ ചെറിയ ഈ ഇരുപത്തെട്ടാം വയസിൽ നിനക്കെന്തിനായിരുന്നു നയനാ ഈ ധൃതി, മനസ്സിലാവുന്നില്ല.....വിട.

നയനയുടെ വിയോഗം ഷുഗർ ലെവൽ കുറഞ്ഞത് കൊണ്ടാണ് എന്ന് പോസ്റ്റ് മോർട്ടം report ൽ പറയുന്നത്രെ. ആത്മഹത്യ എന്ന നിലയിൽ ആയിരുന്നു രാവിലെ മുതൽ കേട്ടത്.. സാങ്കേതികമായി ഒരു സ്വയംഹത്യ അല്ലെങ്കിലും ഗുരുവായ ലെനിന്റെ മരണത്തെ തുടർന്ന് കടുത്ത ഡിപ്രഷനിലായിരുന്ന നയന കുറേനാളായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല എന്നും വാർത്തയുണ്ട്. സ്വാഭാഭാവികമായി ഭക്ഷണമൊക്കെ കഴിച്ചാൽ തന്നെ ഷുഗർ ലെവലോ പ്രഷർ ലെവലോ കുറഞ്ഞ ആളുകളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) ഒറ്റയ്ക്കാവുമ്പോൾ ഏത് നിമിഷവും സംഭവിക്കാവുന്ന നിർഭാഗ്യകരമായ ഒരു ദുരവസ്ഥ ആണ് പെട്ടെന്നുണ്ടാവുന്ന ഷുഗർ/ബിപി ഇടിവ് മൂലം സംഭവിക്കാവുന്ന അപ്രതീക്ഷിതമായ മരണം.

ഇരുപത് വയസൊക്കെ കഴിിഞ്ഞാൽ എല്ലാവരും സ്വന്തം ഷുഗറിന്റെയും ബ്ലഡ് പ്രഷറിന്റെയും അവസ്ഥ ഒന്ന് ചെക്ക് ചെയ്ത് മനസിലാക്കുന്നത് നല്ലതാണ്. സാധരണയായി ഇവയുടെ കൂടിയ അവസ്ഥയെ കുറിച്ച് മാത്രമേ ആളുകൾ bothered ആവുന്നുള്ളൂ. പക്ഷെ കൊടുംവില്ലൻ പലപ്പോഴും low ലെവൽ ആണ്. ഷുഗർ ലെവൽ പൊതുവെ കുറഞ്ഞ റീഡിംഗ് കാണിക്കുന്നവർ ക്ഷീണവും മായക്കവും മന്ദപ്പും തോന്നിയാൽ ഒറ്റയ്ക്ക് പുതച്ച് മൂടി കിടക്കാതെ ഒന്നോ രണ്ടോ ചോക്ലേറ്റ് കഴിക്കുക. ആരെയെങ്കിലും കൂട്ട് വിളിക്കുക. ബിപി ലെവൽ ലോ ഉള്ളവരാണെങ്കിൽ അസാധശ്രണ ക്ഷീണമോ മയക്കമോ തോന്നിയാൽ ചോക്കലേറ്റിന്ന് പകരം ഉപ്പുള്ള എന്തെങ്കിലും സ്നാക്ക്‌സോ കഞ്ഞിവെള്ളാമെങ്കിലുമോ കഴിച്ച് ആരുടെയെങ്കിലുമൊക്കെ ഒബ്സർവഷൻ പരിധിയിൽ തുടരാൻ ശ്രമിക്കുക. മിനിമം ഈ ഒരു ആരോഗ്യവിജ്ഞാനം ഇല്ലാത്തതോ തക്കസമയത്ത് തോന്നാത്തതോ കൊണ്ടുള്ള ആകാലവിയോഗങ്ങൾക്ക് മുൻപും സാക്ഷി ആയിട്ടുണ്ട്. അതുകൊണ്ട് എഴുതിപ്പോവുന്നതാണ്.


Click it and Unblock the Notifications











