'ഒരു സിനിമയ്ക്ക് മൂന്ന് കോടി വാങ്ങുന്ന വിക്കിക്ക് ഇതൊക്കെ നിസാരം'; കോടികൾ മുടക്കി ഭാര്യയ്ക്ക് സമ്മാനം!
ഒരാഴ്ച മുമ്പാണ് തെന്നിന്ത്യൻ സുന്ദരി നയൻതാര തന്റെ മുപ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത്. മക്കളായ ഉയിരിനും ഉലകത്തിനും ഭർത്താവ് വിക്കിക്കുമൊപ്പം കേക്ക് മുറിച്ചായിരുന്നു നയൻതാരയുടെ പിറന്നാൾ ആഘോഷം. മക്കളുടെ ജനനത്തിന് ശേഷം ഓരോ ദിവസവും നയൻതാരയ്ക്കും വിക്കിക്കും ആഘോഷമാണ്. പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമായിരുന്നു വിഘ്നേഷ് ശിവൻ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. എന്നാൽ പിറന്നാളായിട്ട് ഭാര്യയ്ക്ക് വിക്കി സമ്മാനമൊന്നും നൽകിയില്ലേ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു.
ആ സംശയത്തിന്റെ ആവശ്യം ഇനി ഇല്ല. വിക്കി കരുതിവെച്ച സമ്മാനം നയൻതാരയുടെ കൈകളിലെത്തി. എന്താണ് സമ്മാനമെന്ന് വെളിപ്പെടുത്തി സോഷ്യമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് നയൻസ്. മെഴ്‌സിഡസ് മെബാക്ക് എന്ന കോടികൾ വിലയുള്ള ആഢംബര കാറാണ് ഇത്തവണ ഭാര്യയ്ക്കായി വിക്കി വാങ്ങിയത്.

ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം സുന്ദരി... വിക്കി എന്റെ പ്രിയപ്പെട്ട ഭർത്താവ്... ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനം നൽകിയതിന് നന്ദി... ലവ് യൂ എന്നാണ് ഭർത്താവ് നൽകിയ പിറന്നാൾ സമ്മാനത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് നയൻതാര കുറിച്ചത്. മെഴ്‌സിഡസ് മെബാക്ക് എംബ്ലത്തിന് ചുറ്റും ഹാർട്ട് ഷേപ്പിൽ വിക്കിക്കൊപ്പം കൈ ചേർത്ത് നിൽക്കുന്ന ചിത്രവും നയൻതാര പങ്കിട്ടിട്ടുണ്ട്.
ലേഡിസൂപ്പർസ്റ്റാറിന് വിഘ്നേഷ് നൽകിയ സമ്മാനം കണ്ട് കണ്ണ് തണ്ണിയത് ആരാധകർക്കാണ്. ഇത്രത്തോളം വിലപിടിപ്പുള്ള സമ്മാനം വിഘ്നേഷ് ഭാര്യയ്ക്ക് നൽകുമെന്ന് കരുതിയില്ലെന്നാണ് ആരാധകർ കുറിച്ചത്. ആഡംബരത്തിന്‍റെ പ്രതീകങ്ങളാണ് മെഴ്സിഡസ് ബെൻസ് കാറുകൾ.
വൻകിട ബിസിനസുകാരും സിനിമാതാരങ്ങൾ ഉൾപ്പടെയുള്ള സെലിബ്രിറ്റികളുമൊക്കെ കോടികണക്കിന് രൂപ വിലയുള്ള ബെൻസ് കാർ സ്വന്തമാക്കുന്നത് മുമ്പും വലിയ വാർത്തയായിട്ടുണ്ട്. മെഴ്‌സിഡസ് മെബാക്ക് മറ്റെല്ലാ മെഴ്‌സിഡസ് കാറുകളിൽ നിന്നും വേറിട്ടുനിൽക്കുന്നത് അതിന്റെ അത്യാഡംബരമായ അത്യാധുനിക സവിശേഷതകൾകൊണ്ടാണ്. നാല് കോടി രൂപയാണ് ഈ മോഡൽ ബെൻസ് കാറിന്‍റെ വിലയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വൻകിട ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ഇടയിൽ ഒരു ജനപ്രിയ മോഡലായി മാറിയിട്ടുണ്ട് മെഴ്‌സിഡസ് മെബാക്ക്. മെബാക്ക് എസ് ക്ലാസ് വില 3.80 കോടി രൂപയിൽ ആരംഭിക്കുന്നു. കസ്റ്റമൈസേഷനുകളും മറ്റ് ഫീച്ചറുകളും തിരഞ്ഞെടുക്കുമ്പോൾ വില നാല് കോടി കടക്കും.

നയൻതാരയ്ക്ക് ലഭിച്ച പിറന്നാൾ സമ്മാനം കോടികൾ വിലയുള്ളതാണെന്ന് മനസിലാക്കിയതോടെ വിഘ്നേഷിന് ഭാര്യയ്ക്ക് അത്യാഢംബര കാർ വാങ്ങി കൊടുക്കാനുള്ള സമ്പാദ്യമുണ്ടോയെന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. നയൻതാര വിക്കിക്ക് വാങ്ങികൊടുത്തതാണെന്നാണ് ആദ്യം കരുതിയത്, ഭർത്താവായാൽ ഇങ്ങനെ വേണം സമ്മാനം അതിഗംഭീരം..., മെബാക്ക് വാങ്ങാനുള്ള സമ്പാദ്യം വിക്കിക്കുണ്ടോ?.
അതോ നയൻതാരയുടെ വരുമാനത്തിൽ നിന്നും എടുത്തിട്ടാണോ വാങ്ങിയത്? എന്നൊക്കെയാണ് വിക്കിയെ പ്രശംസിച്ചും പരിഹസിച്ചും നയൻസിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ. ഒരു സിനിമ സംവിധാനം ചെയ്യുന്നതിന് മൂന്ന് കോടി വരെ പ്രതിഫലം വാങ്ങുന്ന വിഘ്നേഷ് ശിവന് മെഴ്‌സിഡസ് മെബാക്കൊക്കെ നിസാരം എന്നാണ് മറ്റൊരാൾ കുറിച്ചത്.


Click it and Unblock the Notifications











