മഞ്ജു വാര്യരെ പോലും വിലയിരുത്തുന്ന ധനുഷ്; അഭിനയിച്ച് പോകും, ഉപദേശം വേണ്ടെന്ന് നയൻതാര; അന്നും ഇന്നും പവർഫുൾ
നടൻ ധനുഷിനെതിരെ നയൻതാര ഉന്നയിച്ച വിമർശനം സിനിമാ ലോകത്ത് ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ച് വേദികളിലും കാണുന്ന മുഖമല്ല ധനുഷിനെന്നും വർഷങ്ങൾക്കിപ്പുറവും തന്നോടും ഭർത്താവ് വിഘ്നേശ് ശിവനോടും പക വെച്ച് പുലർത്തുന്നെന്നും നയൻതാര ആരോപിക്കുന്നു. ധനുഷ് ഓഡിയോ ലോഞ്ച് ഇവന്റുകളിൽ നടത്തുന്ന മാസ് ഡയലോഗുകളെയും നയൻതാര പരിഹസിക്കുന്നുണ്ട്. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ അപൂർവ കാഴ്ചയാണിത്.
പ്രബലനായ നായക നടനെതിരെ സംസാരിക്കാൻ കഴിഞ്ഞ മുൻനിര നായിക നടിമാർ അപൂർവമാണ്. ഡിപ്ലോമാറ്റിക്കായി അങ്ങും ഇങ്ങും തൊടാതെയുള്ള വിമർശനമല്ല നയൻതാര നടത്തിയിരിക്കുന്നത്. വിമർശനവും ദേഷ്യവും പ്രകടിപ്പിച്ച് കൊണ്ട് കൊള്ളേണ്ടിടത്ത് കൊള്ളേണ്ട രീതിയിലുള്ള ദീർഘമായ കുറിപ്പാണ് നയൻതാര പങ്കുവെച്ചത്.

തമിഴ് സിനിമാ ലോകത്തെ പ്രബലനാണ് ധനുഷ്. അഭിനയ മികവ് കൊണ്ട് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ താരം. സിനിമാ നിർമാണത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചയാൾ. ധനുഷിനെ പോലെ വലിയൊരു താരത്തെ പരസ്യമായി വിമർശിക്കണമെങ്കിൽ അത്രയും മനക്കരുത്ത് വേണ്ടതുണ്ട്. നടന്റെ ആരാധകരുടെ കടന്നാക്രമണം, കരിയറിലുണ്ടാകുന്ന വെല്ലുവിളികൾ എന്നിവയെല്ലാം നേരിടേണ്ടി വരും.
ഒരു പ്രൊജക്ട് ഏറ്റെടുത്താൽ തിരക്കഥ മുതൽ കാസ്റ്റിംഗിൽ വരെ ഇടപെടുന്ന താരമാണ് ധനുഷ്. പൊതുവെ നടിമാർക്ക് പ്രിയപ്പെട്ട നടനാണ് ധനുഷ്. ഒപ്പം അഭിനയിക്കുന്നവരുടെ പ്രകടനത്തെ വിലയിരുത്തുന്ന ധനുഷ് നടിമാർക്ക് ഉപദേശങ്ങളും നൽകാറുണ്ട്. അമല പോൾ, തൃഷ തുടങ്ങിയവരെല്ലാം ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കണ്ണുകൾക്ക് സ്വാഭാവികമായി ഭാവങ്ങളുണ്ട്, അധികം അഭിനയിക്കേണ്ടതില്ലെന്നാണ് വിഐപിയിൽ അഭിനയിക്കുമ്പോൾ ധനുഷ് നൽകിയ ഉപദേശമെന്ന് അമല പോൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

കൊടി എന്ന സിനിമയിലെ അനുഭവം ഒരിക്കൽ തൃഷയും പങ്കുവെച്ചു. ധനുഷിനൊപ്പം അഭിനയിക്കുക ചലഞ്ചിംഗ് ആണ്. എനിക്കദ്ദേഹത്തിൽ ഇഷ്‌ടപ്പെട്ട കാര്യം സെൽഫ്ലെസ് ആക്ടർ ആണ് എന്നതാണ്. ചെറിയ കുട്ടിയോ പ്രായമുള്ളയാളോ ആയാലും അവർ റിയലായി തോന്നണം. കഠിനാധ്വാനം ചെയ്യണം. ചില സീനുകൾ നന്നായില്ലെങ്കിൽ കുറച്ച് കൂടെ നന്നായിക്കൂടെ എന്ന് ധനുഷ് പറയുമെന്നും തൃഷ ഒരിക്കൽ വ്യക്തമാക്കി.
മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തമിഴകത്തേക്ക് കടന്നത് ധനുഷിന്റെ അസുരൻ എന്ന സിനിമയിലൂടെയാണ്. മഞ്ജുവിന്റെ അഭിനയ മികവിനെ ധനുഷ് അന്ന് ഏറെ പുകഴ്ത്തി. ധനുഷ് വളരെ നല്ല കോ ആക്ടറാണെന്നാണ് മഞ്ജുവും പറഞ്ഞത്. തൃഷ, മഞ്ജു വാര്യർ, അമല പോൾ തുടങ്ങിയ മുൻനിര നായിക നടിമാരെല്ലാം ധനുഷിനെക്കുറിച്ച് വളരെ ഡിപ്ലോമാറ്റിക്കായേ സംസാരിച്ചിട്ടുള്ളൂ.
എന്നാൽ നയൻതാര മുമ്പേ അങ്ങനെയായിരുന്നില്ല. നാനും റൗഡി താനിൽ ധനുഷുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് പൊതുവേദിയിൽ നടി സംസാരിച്ചിട്ടുണ്ട്. തന്റെ അഭിനയം ധനുഷിന് ഇഷ്ടമായില്ലെന്നാണ് നയൻതാര ഇതേ സിനിമയ്ക്ക് പുരസ്കാരം വാങ്ങവെ വേദിയിൽ പറഞ്ഞത്. നടിയുടെ മധുരപ്രതികാരം അന്നേറെ ചർച്ചയായി.
റിപ്പോർട്ടുകൾ പ്രകാരം ഒരിക്കൽ സെറ്റിലെത്തിയ ധനുഷ് നയൻതാരയോട് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. അഭിനയം മെച്ചപ്പെടുത്താനും ഉപദേശിച്ചു. എന്നാൽ തന്റെ പ്രകടനത്തിന് ഫിലിം ഫെയർ പുരസ്കാരം ആ വർഷം നയൻതാര നേടി. വേദിയിൽ ധനുഷിന്റെ വിമർശനം പരാമർശിക്കുകയും ചെയ്തു.


Click it and Unblock the Notifications