'ഒരാൾ വിക്കിയെപ്പോലെ മറ്റെയാൾ നയൻസിന്റെ കോപ്പി'; ഒന്നാം പിറന്നാൾ ആഘോഷിച്ച് നയൻസിന്റെ ഉയിരും ഉലകവും!
ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രന്മാരാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും മക്കളായ ഉയിരും ഉലകവും. ഒരു വർഷം മുമ്പാണ് ഇരുവരും നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ജീവിതത്തിലേക്ക് എത്തിയത്.
വിവാഹശേഷം അധികം വൈകാതെ തന്നെ സറോഗസിയിലൂടെ ഇരട്ട കുഞ്ഞുങ്ങൾ താരദമ്പതികൾക്ക് പിറക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു വിഘ്നേഷും നയൻതാരയും വിവാഹിതരായത്. സൗത്ത് ഇന്ത്യൻ സറോഗസിയിലൂടെ മക്കൾക്ക് ജന്മം നൽകിയ ആദ്യത്തെ താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും.
അതുകൊണ്ട് തന്നെ ഉയിരിന്റെയും ഉലകത്തിന്റെയും വരവ് വലിയ രീതിയിൽ ചർച്ചയാവുകയും സർക്കാർ വക അന്വേഷണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷെ ഒരു ഗോസിപ്പിനും അന്വേഷണത്തിനും റിപ്പോർട്ടുകൾക്കും നയൻതാരയുടെയും വിഘ്നേഷിന്റെയും സന്തോഷം തകർക്കാനായില്ല. വാടക ഗർഭധാരണത്തിന് നിയമം അനുശാസിക്കുന്ന എല്ലാ നിബന്ധനകളും ഇരുവരും പാലിച്ചിരുന്നു.

മക്കൾ പിറന്നശേഷം നയൻതാരയുടെയും വിഘ്നേഷിന്റെയും ലോകം അവരാണ്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം പങ്കുവെക്കാറുണ്ട്. അടുത്തിടെ ഇൻസ്റ്റഗ്രാമിലേക്ക് ഗ്രാന്റ് എൻട്രി നയൻതാര നടത്തിയത് പോലും രണ്ട് മക്കൾക്കൊപ്പവുമുള്ള മാസ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു.
അന്ന് ആ വീഡിയോയിൽ അമ്മയ്ക്കൊപ്പം ഉയിരും ഉലകവും കൂളിങ് ഗ്ലാസ് ധരിച്ചിരുന്നതിനാൽ താരപുത്രന്മാരുടെ മുഖം വ്യക്തമായില്ല. മക്കൾ ജനിച്ചുവെന്ന് അറിയിച്ചത് അല്ലാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ നയൻതാരയോ വിഘ്നേഷ് ശിവനോ പങ്കിട്ടിരുന്നില്ല.
ഇപ്പോഴിതാ ആദ്യമായി തങ്ങളുടെ ആൺമക്കളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ മുഖം വ്യക്തമാകുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് വിഘ്നേഷും നയൻതാരയും. ജയിലറിലെ മനോഹരമായ ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കിട്ടത്. വിഘ്നേഷ് ശിവൻ തന്നെയാണ് അച്ഛൻ-മക്കൾ സ്നേഹം വർണിക്കുന്ന പാട്ടിന്റെ വരികൾ സിനിമയ്ക്കായി എഴുതിയതും. മക്കളുടെ ചിത്രങ്ങൾക്കൊപ്പം സ്നേഹം നിറഞ്ഞൊരു കുറിപ്പും താരദമ്പതികൾ പങ്കിട്ടു.
'എൻ മുഖം കൊണ്ട എൻ ഉയിർ... എൻ ഗുണം കൊണ്ട എൻ ഉലക്... ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു... എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു.'

'ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം... നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു.'
'നിങ്ങളാണ് ഞങ്ങളുടെ ലോകവും... ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും', എന്നായിരുന്നു കുറിപ്പ്. ഉയിരിന്റെയും ഉലകത്തിന്റെയും ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ കമന്റുകളും ലൈക്കുകളും ഒഴുകുകയാണ്. ഒരാൾ വിക്കിയെപ്പോലെ മറ്റെയാൾ നയൻസിന്റെ കോപ്പി എന്നൊക്കെയാണ് കമന്റുകൾ.
നയൻസിന്റെയും വിക്കിയുടെയും മക്കളുടെ മുഖം കാണാൻ സാധിച്ച സന്തോഷമാണ് ഏറെയും കമന്റുകളിൽ നിറയുന്നത്. പൊതുവെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെക്കുമ്പോൾ കുഞ്ഞുങ്ങളുടെ മുഖം മറയ്ക്കാറുണ്ടായിരുന്നു. രണ്ട് ആൺമക്കളും ക്യൂട്ടാണെന്നും സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസിക്കുന്നുവെന്നും നിരവധി ആരാധകർ കമന്റ് ചെയ്തു.
കമന്റുകളുമായി എത്തിയവരിൽ ഏറെയും സെലിബ്രിറ്റികളാണ്. അതേസമയം ജവാൻ ആയിരം കോടി ക്ലബ്ബിൽ കയറിയ സന്തോഷത്തിലാണ് നയൻതാര. ബോളിവുഡിലേക്കുള്ള നയൻതാരയുടെ അരങ്ങേറ്റം തന്നെ ബ്ലോക്ക് ബസ്റ്ററായി. ഷാരൂഖാൻ നായകനായ അറ്റ്ലി ചിത്രം ഇപ്പോഴും കേരളത്തിൽ അടക്കം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്.


Click it and Unblock the Notifications