അന്ന് ദിലീപ് ഇന്ന് ജാനി മാസ്റ്റർ, വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നയൻസും വിഘ്നേഷും; ബഹുമാനം ഇല്ലാതായി!
രണ്ട് വർഷമായി വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ ഒരു സിനിമയും തിയേറ്ററുകളിൽ എത്തിയിട്ടില്ല. കാത്ത് വാക്ക്ലെ രണ്ട് കാതൽ ആയിരുന്നു അവസാനം വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ. പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ പുതിയ സിനിമയുടെ പണിപ്പുരയിലാണ് വിഘ്നേഷ്. ലവ് ഇൻഷുറൻസ് കമ്പനി എന്നാണ് സിനിമയുടെ പേര്. വിഘ്നേഷ് ശിവൻ, എസ് ജെ സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എസ് ജെ സൂര്യ, പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങൾ സിനിമയിൽ ചെയ്യുന്നത്. നയൻതാരയാണ് സിനിമയുടെ പ്രധാന നിർമ്മാണ പങ്കാളി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന സാഹചര്യത്തിൽ വിഘ്നേഷ് ശിവനും നയൻതാരയും വലിയ രീതിയിലുള്ള വിമർശനം സോഷ്യൽമീഡിയയിൽ നിന്നും ഏറ്റുവാങ്ങുന്നു.

തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷൈഖ് ജാനി ബാഷയെ പുതിയ സിനിമയുടെ ഭാഗമാക്കിയതിനെതിരെ പ്രതിഷേധിച്ചാണ് വിമർശനം ഉയരുന്നത്. ലൈഫ് ഇൻഷുറൻസ് കമ്പനി സിനിമയിൽ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് ജാനി മാസ്റ്ററാണ്. കഴിഞ്ഞ വർഷം പോക്സോ കേസിൽ പ്രതിയായി ജാനി മാസ്റ്റർ അറസ്റ്റിലായിരുന്നു.
ഇരുപത്തിയൊന്നുകാരിയായ യുവതിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ നടപടിയുണ്ടായത്. പ്രായപൂർത്തിയാകും മുമ്പ് ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരിയായ പെൺകുട്ടി. പ്രായ പൂര്‍ത്തിയാകുന്നതിനും മുമ്പ് പല സ്ഥലങ്ങളിൽ വെച്ച് തന്നെ ജാനി മാസ്റ്റർ ലൈംഗികചൂഷണം നടത്തിയെന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്.
ദേശീയ പുരസ്കാരമുൾപ്പെടെ നേടിയിട്ടുള്ള നൃത്ത സംവിധായകനാണെങ്കിലും കേസിനും വിവാദങ്ങൾക്കുശേഷം ജാനി മാസ്റ്റർക്കുള്ള പ്രേക്ഷക സ്വീകാര്യതയിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വിഘ്നേഷ് ശിവൻ സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ജാനി മാസ്റ്റർ ഫോളോവേഴ്സുമായി പങ്കുവെച്ചിരുന്നു.
വിഘ്നേഷ് ശിവൻ സാർ എന്നിൽ ചൊരിയുന്ന കരുതലിനും ബഹുമാനത്തിനും വിശ്വാസത്തിനും... നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് എപ്പോഴും സന്തോഷകരമാണ്. ഞങ്ങൾ സൃഷ്ടിച്ച മാജിക് എല്ലാവർക്കും കാണിച്ച് കൊടുക്കാൻ കാത്തിരിക്കാനാവില്ലെന്നാണ് ജാനി മാസ്റ്റർ കുറിച്ചത്. ഒപ്പം ലൊക്കേഷനിൽ നിന്നുള്ള ചില കാൻഡിഡ് ചിത്രങ്ങളും ജാനി മാസ്റ്റർ പങ്കുവെച്ചു. ജാനി മാസ്റ്ററുടെ പോസ്റ്റ് വിഘ്നേഷ് സ്റ്റോറിയായി ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

സ്വീറ്റ് മാസ്റ്റർ ജി. ടീം എൽഐകെ നിങ്ങളേയും നിങ്ങളുടെ വൈബും വളരെയധികം സ്നേഹിക്കുന്നു എന്നാണ് ചുവന്ന ഹാർട്ട് ഇമോജികൾക്കൊപ്പം വിഘ്നേഷ് ശിവൻ സ്റ്റോറി ഷെയർ ചെയ്ത് കുറിച്ചത്. ഇതോടെയാണ് വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ വിമർശനം ഉയരാൻ തുടങ്ങിയത്. എന്നും വേട്ടക്കാർക്കൊപ്പം നിൽക്കാനാണ് നയൻസും വിഘ്നേഷും ഇഷ്ടപ്പെടുന്നത് എന്നാണ് വിമർശനം.
ആളുകൾക്ക് വിഘ്നേഷ് ശിവനോടുള്ള ബഹുമാനം നഷ്ടപ്പെടാൻ ഒരു കാരണമുണ്ട്. ആദ്യം അത് ദിലീപായിരുന്നു. ഇപ്പോൾ അത് ജാനി മാസ്റ്ററാണ്. കുറ്റാരോപിതരായ വേട്ടക്കാരെ വൈബ് എന്ന് വിശേഷിപ്പിക്കുന്നത് തുടരുക. മുൻകാലങ്ങളിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ സംസാരിച്ച നയൻതാരയാണ് ഇപ്പോൾ ജാനി മാസ്റ്ററെ സ്വന്തം സിനിമയുടെ ഭാഗമാക്കിയിരിക്കുന്നത്.
ഇതിലൂടെ പവർ കപ്പിളായ വിക്കിയുടേയും നയൻസിന്റേയും ഇരട്ടത്താപ്പ് മനസിലായി. നിങ്ങളോടുള്ള ബഹുമാനം ഇല്ലാതായി, സിനിമയുടെ നിർമാതാവ് എന്ന നിലയിൽ നയൻതാരയും ഉത്തരം പറയാൻ ബാധ്യസ്ഥയാണ്. മുമ്പ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തിയ നയൻതാര തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ലജ്ജാകരമാണ് എന്നിങ്ങനെ എല്ലാമാണ് ആളുകൾ വിമർശിച്ച് കുറിച്ചത്. ദിലീപുമായി എന്നും അടുത്ത സൗഹൃദം നയൻതാരയ്ക്കും വിഘ്നേഷിനുമുണ്ട്. ഇരുവരുടേയും വിവാഹത്തിൽ നടൻ പങ്കെടുത്തിരുന്നു.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.instagram.com/wikkiofficial/, https://www.instagram.com/alwaysjani/, https://www.facebook.com/DileepOnlineCom) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്


Click it and Unblock the Notifications











