'നയൻതാരക്കൊപ്പമായിരുന്നു, പക്ഷെ കൺമുന്നിൽ നടന്നതൊന്നും അറിഞ്ഞില്ല; പ്രണയവിവരം അറിഞ്ഞതിങ്ങനെ'
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് വിഘ്നേശ് ശിവനും നയൻതാരയും. ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ താര ദമ്പതികൾ ഇന്നും സന്തോഷകരമായ ജീവിതം നയിക്കുന്നു. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാകുന്നത്. വിഘ്നേശിന് കരിയറിൽ വഴിത്തിരിവാകുന്ന സിനിമയാണിത്. എന്നാൽ നയൻതാര അപ്പോഴേക്കും തമിഴകത്തെ താര റാണിയാണ്.
ഷൂട്ടിംഗ് പുരോഗമിക്കവെ പ്രണയത്തിലായ വിഘ്നേശും നയൻതാരയും ഇക്കാര്യം സെറ്റിൽ ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചു.
ഇതേക്കുറിച്ച് നടി രാധിക ശരത്കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. നാനും റൗഡി താനിൽ ശ്രദ്ധേയ വേഷം രാധികയും ചെയ്തിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ പോലും നയൻതാരയും വിഘ്നേശും പ്രണയത്തിലാണെന്ന് താൻ മനസിലാക്കിയില്ലെന്ന് രാധിക തുറന്ന് പറഞ്ഞു.

നാനും റൗഡി താൻ പോണ്ടിച്ചേരിയിലാണ് ഷൂട്ട് ചെയ്തത്. ധനുഷ് നിർമ്മിച്ച സിനിമയാണത്. നൈറ്റ് ഷൂട്ടിംഗാണ്. ദിവസവും ഞാനും നയൻതാരയും സംസാരിച്ച് നടക്കും. ഡിന്നർ അവൾ ഓർഗനൈസ് ചെയ്യും. അവൾ നമ്മുടെ കാര്യത്തിൽ വളരെ ശ്രദ്ധ കൊടുക്കും. വിഘ്നേശ് വന്ന് സംസാരിച്ച് പോകും. ആ സിനിമ പൂർത്തിയാകുന്നത് വരെ അവർക്കുള്ളിൽ എന്തെങ്കിലുമുണ്ടെന്ന് എനിക്കറിയില്ല.
ചിലരെ കണ്ടാൽ അവർക്കുള്ളിൽ എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടുപിടിക്കാൻ പറ്റുമെന്ന് ഞാൻ അഭിമാനത്തോടെ പറയുമായിരുന്നു. പക്ഷെ ഇത് ഞാനറിഞ്ഞില്ല. ഞാൻ ചെന്നെെയിൽ വന്ന ശേഷം ധനുഷ് എനിക്ക് ഫോൺ ചെയ്തു. ചേച്ചി ഷൂട്ടിംഗ് എങ്ങനെയാണ് നടന്നതെന്ന് ചോദിച്ചു. നന്നായി നടന്നെന്ന് ഞാൻ. നിങ്ങൾ ഒരു കാര്യം അറിഞ്ഞോയെന്നും ധനുഷ് ചോദിച്ചു.

എന്താണെന്ന് ചോദിച്ചപ്പോൾ നയനും വിക്കിയും വിവാഹം ചെയ്യാൻ പോകുന്നു, നിങ്ങൾ അറിഞ്ഞോയെന്ന് ധനുഷ്. ചുമ്മാ പറയരുത്, ഞാനല്ലേ ഷൂട്ടിംഗിലുണ്ടായിരുന്നത് കഥയുണ്ടാക്കരുതെന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് നാണമില്ലേ, വലിയ നടിയാണ് പോലും. നിങ്ങളുടെ കണ്ണിന്റെ മുന്നിൽ ഇത്രയും നടന്നിട്ടും ഒന്നും അറിഞ്ഞില്ലേയെന്ന് ധനുഷ് ചോദിച്ചെന്നും രാധിക ചിരിച്ച് കൊണ്ട് ഓർത്തു.
നയനും വിഘ്നേശും വളരെ പ്രൊഫഷണലായിരുന്നു. ഒരിക്കൽ പോലും അവർ പ്രണയത്തിലാണെന്ന് ഷൂട്ടിംഗ് വേളയിൽ തനിക്ക് തോന്നിയില്ലെന്നും രാധിക ശരത്കുമാർ ഓർത്തു. നാനും റൗഡി താനിന് ശേഷം കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലും വിഘ്നേശും നയൻതാരയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കരിയറിലെ തിരക്കുകളിലാണ് നയൻതാരയും വിഘ്നേശുമിപ്പോൾ.
വിഘ്നേശിന്റെ ലൗ ഇൻഷുറൻസ് കമ്പനി എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നണ്ട്. ഡിയർ സ്റ്റുഡന്റ്സ് ആണ് ഇതിലെ മലയാള ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം നയൻതാരയും നിവിൻ പോളിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.


Click it and Unblock the Notifications