ബിസിനസ് പൊടി പൊടിക്കും, പക്ഷെ നയൻതാരയുടേത് തീക്കളി; സ്വന്തം പണത്തിന് മാത്രമേ വിലയുള്ളൂ എന്ന് ചോദ്യം
തെന്നിന്ത്യൻ സിനിമാ ലോകത്ത് സൂപ്പർതാര പദവിയുള്ള നയൻതാരയുടെ പ്രൊഫഷണലിസം ഏവരും എടുത്ത് പറയാറുണ്ട്. കരിയറിനോട് നടി കാണിച്ച ആത്മാർത്ഥത കൊണ്ടാണ് ഇന്നത്തെ താര പദവിയിലേക്ക് നയൻതാര എത്തിയത്. വലിയ വിവാദങ്ങളുണ്ടായപ്പോഴും ഇതൊന്നും കരിയറിനെ ബാധിക്കാതെ മുന്നോട്ട് കൊണ്ട് പോകാൻ നടിക്ക് സാധിച്ചു. ഒരു ഘട്ടത്തിൽ താര പദവി നഷ്ടപ്പെട്ട നയൻതാര സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത് പൂർവാധികം ശക്തിയോടെയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയും തിരിച്ച് വരവിൽ നയൻതാര സ്വന്തമാക്കി.
അതേസമയം തിരിച്ച് വരവിന് ശേഷം കരിയറിൽ വലിയ നിബന്ധനകൾ വെച്ചു. ഒരു കാലത്ത് ഗോസിപ്പുകൾ കൊണ്ട് വേട്ടയാടിയ മാധ്യമങ്ങളെ നടി അവഗണിച്ചു. സിനിമകളുടെ പ്രൊമോഷൻ ഇവന്റുകൾക്ക് നടി വരാതായി. ഒരു സിനിമയ്ക്ക് ഒപ്പുവെക്കുന്നതിന് മുമ്പ് ഇക്കാര്യം നടി വ്യക്തമാക്കാറുമുണ്ട്. പ്രൊമോഷൻ അത്യാവശ്യമാണെങ്കിൽ നേരത്തെ ഷൂട്ട് ചെയ്യുന്ന ഒരു അഭിമുഖ വീഡിയോ എല്ലാ മീഡിയകൾക്കും നൽകും.

നയൻതാരയുടെ താരമൂല്യം കണക്കിലെടുത്ത് ഈ കടുത്ത നിബന്ധന നിർമാതാക്കൾ അംഗീകരിക്കാറാണ് പതിവ്. ഒരുപാട് ലെെം ലെെറ്റിൽ കാണാത്തതിനാൽ ജനശ്രദ്ധ നിലനിർത്താൻ നയൻതാരയെ നോ പ്രൊമോഷൻ പോളിസി സഹായിക്കുന്നുമുണ്ട്. അതേസമയം അടുത്ത കാലത്തായി നയൻതാരയുടെ കടുത്ത നിബന്ധനകളിലുള്ള എതിർപ്പ് നിർമാതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്.
താരത്തിന്റെ ഇപ്പോഴത്തെ പ്രവൃത്തി ഒരുപക്ഷെ പ്രൊഡ്യൂസർമാരെ കൂടുതൽ ചൊടിപ്പിച്ചേക്കും. നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിൻ കഴിഞ്ഞ ദിവസം മുംബൈയിൽ ലോഞ്ച് ചെയ്തു. ഈ ഇവന്റിന് നടി എത്തുകയും മീഡിയകളോട് സംസാരിക്കുകയും ചെയ്തു. സ്വന്തം ബിസിനസിന് നേരിട്ടെത്തേണ്ടത് താരത്തിന് അത്യാവശ്യമാണ്. എന്നാൽ സിനിമകൾക്ക് കോടികൾ കൈ പറ്റുന്ന നയൻതാര പ്രൊമോഷനുകൾക്ക് എത്താത്തതും ഷൂട്ടിംഗിൽ കാണിക്കുന്ന നിബന്ധനകളും വിമർശകർ ചൂണ്ടിക്കാണിക്കാനിടയുണ്ട്.

കോടികൾ മുടക്കുന്ന നിർമാതാവിന് സിനിമ ബിസിനസാണ്. അവരുടെ ആവശ്യം എന്തുകൊണ്ട് നടി പരിഗണിക്കുന്നില്ല എന്ന ചോദ്യം വന്നേക്കും. ഇതിൽ ഏറ്റവും വിനയാകുക സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേർസ് നിർമ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് നയൻതാര എത്തിയതാണ്. 2022 ൽ റിലീസ് ചെയ്ത കണക്ടിന് വേണ്ടി ഒന്നിലേറെ അഭിമുഖങ്ങൾ നയൻതാര നൽകി.
എന്നാൽ പിന്നീട് വന്ന ജവാൻ എന്ന സിനിമയുടെ പ്രൊമോഷന് നടി എത്തിയില്ല. ജവാന്റെ സക്സസ് മീറ്റിനും നടി ഉണ്ടായിരുന്നില്ല. അമ്മയുടെ പിറന്നാൾ ദിനമായതിനാലാണ് നയൻ അന്ന് വരാതിരുന്നത്. സ്വന്തം കൈയിൽ നിന്ന് മുടക്കുന്ന പണത്തിന് മാത്രമേ വിലയുള്ളൂ എന്നുണ്ടോ എന്ന ചോദ്യം നയൻതാരയുടെ നിബന്ധനകളെ എതിർക്കുന്നവർ ചോദിക്കാറുണ്ട്. എന്നാൽ നടി ഇത്തരം ആരോപണങ്ങളോടോ കുറ്റപ്പെടുത്തലുകളോടോ പ്രതികരിക്കാറില്ല.
നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ സിനിമകളുടെ പ്രൊമോഷന് നടി എത്താതിരുന്നാൽ വിമർശനം കൂടാനും സാധ്യതയുണ്ട്. അടുത്തിടെ അന്തനൻ എന്ന തമിഴ് ഫിലിം ജേർണലിസ്റ്റ് നയൻതാരയ്ക്കെതിരെ ഒരു യൂട്യൂബ് ചാനലിൽ സംസാരിച്ചു. നടിയുടെ മക്കളുടെ ആയമാരുടെ ചെലവ് പോലും നിർമാതാക്കൾ വഹിക്കേണ്ട സാഹചര്യമാണെന്ന് അന്തനൻ ആരോപിച്ചു. ഇതും വിമർശനങ്ങൾക്ക് ആക്കം കൂട്ടി.


Click it and Unblock the Notifications