മാർക്കറ്റ് ഇടിയുന്നു, പിടിവാശിയില്ലാതെ നയൻതാര; വെെകാതെ മലയാളികൾക്ക് മുമ്പിലുമെത്തും?
കരിയറിൽ തുടക്ക കാലം മുതൽ കർശന നിബന്ധനകളുള്ള താരമാണ് നയൻതാര. മാർക്കറ്റ് മൂല്യമുള്ള നായികയായതിനാൽ ഈ നിബന്ധനകൾ അംഗീകരിക്കാൻ നിർമാതാക്കൾ തയ്യാറുമായിരുന്നു. എന്നാൽ അടുത്ത കാലത്തായി നയൻതാരയ്ക്ക് കരിയറിൽ മോശം സമയമാണ്. സിനിമകൾ ഒന്നാെന്നായി പരാജയപ്പെട്ടു. ഇതിന് പുറമെ താരജാഡയെന്ന വിമർശനം കൂടിയായപ്പോൾ നയൻതാരയുടെ പ്രതിച്ഛായയെ ബാധിച്ചു. നടിയുടെ വീഴ്ച ആഗ്രഹിക്കുന്ന ഹേറ്റേഴ്സ് ഇന്നുണ്ട്. ഇതിനിടെ ലേഡി സൂപ്പർസ്റ്റാർ എന്ന ലേബൽ തനിക്ക് വേണ്ടെന്ന് നയൻതാര അറിയിക്കുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ ഒരു ഹിറ്റ് സിനിമ നയൻതാരയ്ക്ക് അനിവാര്യമാണ്. താരത്തിന്റെ ഒന്നിലേറെ സിനിമകൾ പല ഭാഷകളിലായി ഒരുങ്ങുന്നുണ്ട്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന മന ശങ്കര വര പ്രസാദ് ഗാരു ആണ് ഇതിലൊന്ന്. ഗോഡ്ഫാദറിന് ശേഷം നയൻതാര അഭിനയിക്കുന്ന തെലുങ്ക് സിനിമയാണിത്. ഗോഡ്ഫാദറിലും ചിരഞ്ജീവിയായിരുന്നു നായകൻ. മലയാള സിനിമ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായിരുന്നു ഗോഡ്ഫാദർ. ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകളിലൊന്നും നയൻതാര വന്നിരുന്നു.

നോ പ്രൊമോഷൻ പോളിസിക്ക് പല സിനിമകളിലും ഒപ്പ് വെക്കുന്നതിന് മുമ്പേ നയൻതാര ധാരണയാകാറുണ്ട്. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മന ശങ്കര വര പ്രസാദ് ഗാരുവിന്റെ പ്രൊമോഷണൽ ഇവന്റുകൾക്ക് നയൻതാര എത്തും. അനിൽ രവിപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ പ്രൊമോഷൻ തന്റെ സിനിമകൾക്ക് സംവിധായകൻ ഉറപ്പ് വരുത്താറുണ്ട്. പ്രൊമോഷനിൽ പങ്കെടുക്കുന്നതിൽ അനിൽ രവിപുഡി ഷൂട്ടിംഗിനിടെ സംസാരിച്ച് ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. 2026 ജനുവരി 12 നാണ് മന ശങ്കര വര പ്രസാദ് ഗാരു റിലീസ് ചെയ്യുന്നത്.
നിലവിലെ സാഹചര്യത്തിൽ നയൻതാരയ്ക്ക് മേക്കേർസിന്റെ ആവശ്യങ്ങളോട് അധികം നോ പറയാനാകില്ല. കാരണം മാർക്കറ്റ് ഇടിഞ്ഞു. പ്രൊമോഷന് വരാത്ത നടിയെന്ന പേരും നയൻതാരയെ ബാധിക്കുന്നുണ്ട്. സ്വന്തം പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന സിനിമകളുടെ പ്രൊമോഷന് എത്തിയതോടെയാണ് ഈ വിമർശനത്തിന് ആക്കം കൂടിയത്. മലയാളത്തിൽ നടി പ്രൊമോഷന് വരുമോ എന്ന ചോദ്യവുമുണ്ട്. ഡിയർ സ്റ്റുഡന്റ്സ്, പാട്രിയോട് എന്നിവയാണ് നയൻതാരയുടെ റിലീസ് ചെയ്യാനുള്ള മലയാള സിനിമകൾ. മലയാള സിനിമകളുടെ പ്രൊമോഷന് നയൻതാര വന്നിട്ട് വർഷങ്ങളായി. കരിയറിലെ തുടക്ക കാലത്ത് മാത്രമേ നയൻതാര തന്റെ മലയാള സിനിമകളുടെ പ്രൊമോഷന് വന്നിട്ടുള്ളൂ.


Click it and Unblock the Notifications











