സാധാരണക്കാരിയില്‍ നിന്നും ഗ്ലാമര്‍ നടിയായി! നയന്‍താര സിനിമയിലെത്തിയിട്ട് 15 വര്‍ഷം, വിവാഹം ഉടൻ?
ഒരു ക്രിസ്തുമസ് ദിനത്തില്‍ സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച നടിയായിരുന്നു നയന്‍താര. ജയറാമിന്റെ നായികയായി ഒരു സാധാരണക്കാരിയായി സിനിമയിലേക്ക് എത്തിയ നയന്‍താരയെ ആരാധകരിന്ന് നയന്‍സ് എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുന്ന നയന്‍സ് ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആണ്.
മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കും കന്നഡയും കീഴടക്കിയ ലേഡീ സൂപ്പര്‍സ്റ്റാര്‍ ഇവിടെങ്ങളില്‍ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. നായകന്മാരെക്കാള്‍ പ്രധാന്യം സ്വന്തമാക്കി മുന്നേറി കൊണ്ടിരിക്കുന്ന നയന്‍സ് സിനിമയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

നയന്‍താര
ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര 2003 ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു നായികയായി മലയാള സിനിമയിലേക്ക് എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ ആയിരുന്നു നയന്‍സിന്റെ ആദ്യ സിനിമ. ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം സ്വന്തമാക്കുക മാത്രമല്ല നയന്‍താരയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ നായികയായി വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലും നാട്ടുരാജാവില്‍ സഹനടിയുടെ വേഷത്തിലും നയന്‍താര പ്രത്യക്ഷപ്പെട്ടു. അക്കാലത്ത് തമിഴിലേക്ക് കൂടി ചുവടുവെച്ച് നയന്‍താര രാപ്പകല്‍, തസ്‌കരവീരന്‍ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ നായികയായി വീണ്ടും മലയാളത്തിലേക്ക് എത്തി.

തെന്നിന്ത്യന്‍ സൂപ്പര്‍ സുന്ദരി
മലയാളത്തില്‍ തനി നാട്ടിന്‍പ്പുറത്തുകാരിയുടെ വേഷമായിരുന്നു നയന്‍സിന് കിട്ടിയതെങ്കില്‍ തമിഴിലെത്തിയതോടെ കഥ മാറി മറിഞ്ഞു. ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങിയ നടിയെ തേടി അവസരങ്ങള്‍ പാഞ്ഞെത്തി. നയന്‍താര എന്ന നടിയെ സംബന്ധിച്ചിടത്തോളം വിജയങ്ങളുടെ ഘോഷയാത്രയായിരുന്നു പിന്നീട് ജീവിതത്തിലുടനീളം ഉണ്ടായത്. രജനികാന്തിന്റെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിന്റെ നായികയായി അഭിയിച്ച അയ്യാ, അജിത്തിന്‍ന്റെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവയായിരുന്നു നയന്‍താരയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളില്‍ ചിലത്.

ലേഡീ സൂപ്പര്‍സ്റ്റാര്‍
അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ മലയാളത്തില്‍ നിന്നുമടക്കം നയന്‍താരയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് തെളിയിച്ച് തന്മയത്വത്തോടെ അഭിനയിക്കുകയാണ് നയന്‍സ് ചെയ്തത്. ഇതോടെ തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം നയന്‍സിന് ലഭിച്ചു. ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായക നടന്മാരെ കടത്തിവെട്ടുന്ന നിലവാരത്തിലാണ് നയന്‍സ് ജീവിക്കുന്നത്.

നായകന്മാര്‍ വേണ്ട
പുരുഷ കേന്ദ്രീകൃതമായ മേഖലയാണ് സിനിമയെന്ന് പറയുമ്പോഴും നായകന്മാരില്ലാതെ സിനിമ വിജയിപ്പിക്കുന്നതാണ് നയന്‍സിന്റെ മാജിക്. അടുത്ത കാലത്തായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെയും നയന്‍സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

കൈനിറയെ സിനിമകള്‍
അടുത്ത കാലത്തൊന്നും പുതിയ സിനിമകള്‍ ഏറ്റെടുക്കാന്‍ കഴിയാത്ത വണ്ണം സിനിമകളുടെ തിരക്കുകളിലാണ് നടിയിപ്പോള്‍. ജയ് സിംഹ, കോലമാവ് കോകില, ഇമൈയ്ക നൊടികള്‍, തുടങ്ങി മൂ്ന്ന് സിനിമകളായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. അടുത്ത വര്‍ഷത്തേക്ക് അയ്‌ര, കോലയുതിര്‍ കാലം, വിശ്വാസം, സെയ് രാ നരസിംഹ റെഡ്ഡി, ലവ് ആക്ഷന്‍ ഡ്രാമ, തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടനവധി സിനിമകളാണ് നയന്‍താരയുടേതായി വരാനിരിക്കുന്നത്.

മലയാളത്തിലേക്ക് വീണ്ടും
മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പുതിയ നിയമം ആയിരുന്നു നയന്‍സ് നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന സിനിമ. 2016 ലായിരുന്നു പുതിയ നിയമം റിലീസിനെത്തിയത്. രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടിയിപ്പോള്‍. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. നിവിന്‍ പോളി നായകനായി എത്തുമ്പോള്‍ താരപുത്രന്‍ ധ്യാന്‍ ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്.

നയന്‍താരയുടെ വിവാഹം
നേരത്തെ നടനും നര്‍ത്തകനുമായ പ്രഭുദേവയുമായി നയന്‍സ് പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം വേര്‍പിരിയുകയായിരുന്നു. ഇതിനിടെ നയന്‍താരയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. പ്രഭുദേവയുമായി പിരിഞ്ഞതോടെ സംവിധായകന്‍ വിഘ്‌നേശ് ശിവനും നയന്‍സും ഇഷ്ടത്തിലാവുകയായിരുന്നു. ഇരുവരുടെയും പേരുകള്‍ ഗോസിപ്പു കോളങ്ങളില്‍ വന്നെങ്കിലും ഒന്നിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ താരങ്ങള്‍ ഇഷ്ടത്തിലാണെന്ന് ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു. അടുത്തിടെ ഒരു പൊതുവേദിയില്‍ തന്റെ പ്രതിശ്രുത വരന്റെ പിന്തുണയെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ഉടന്‍ തന്നെ നയന്‍താരയുടെ വിവാഹമുണ്ടാവുമെന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications