ചേട്ടനൊപ്പം ഹിറ്റ് സിനിമകൾ, എന്നാൽ അനിയൻ പവൻ കല്യാണിന്റെ സിനിമയിലേക്ക് നയൻതാരയ്ക്ക് ക്ഷണം വന്നപ്പോൾ...
തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായ നയൻതാര തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്തത്. മലയാള സിനിമാ രംഗത്താണ് തുടക്കം കുറിച്ചതെങ്കിലും വെെകാതെ നയൻതാര തമിഴകത്തേക്ക് കടന്നു. തൊട്ടതെല്ലാം ഹിറ്റാക്കി നടി കോളിവുഡിൽ മുന്നേറി. അപ്പോഴേക്കും തെലുങ്കിലും നയൻതാര പ്രശസ്തയായി. ചിരഞ്ജീവി, ബാലകൃഷ്ണ, ജൂനിയർ എൻടിആർ, നാഗാർജുന, രവിതേജ തുടങ്ങി തെലുങ്കിലെ പല സൂപ്പർസ്റ്റാറുകൾക്കുമൊപ്പം നയൻതാര അഭിനയിച്ചു.
ഉയർന്ന പ്രതിഫലം, പ്രേക്ഷകരുടെ സ്നേഹം, സിനിമ സെറ്റുകളിൽ ലഭിക്കുന്ന പരിഗണന തുടങ്ങിയ ഘടകങ്ങളാണ് ടോളിവുഡിലേക്ക് നയൻതാരയെ ആകർഷിച്ചത്. ഇന്ന് പഴയത് പോലെ തുടരെ തെലുങ്ക് സിനിമകൾ ചെയ്യുന്നില്ലെങ്കിലും ഇടയ്ക്ക് നടി തെലുങ്കിൽ സാന്നിധ്യം അറിയിക്കാറുണ്ട്. ടോളിവുഡിലെ സൂപ്പർസ്റ്റാറായ പവൻ കല്യാണിനൊപ്പം നയൻതാര പക്ഷെ സിനിമകൾ ചെയ്തിട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം വക്കീൽ സാബ് എന്ന പവൻ കല്യാൺ ചിത്രത്തിലേക്ക് നയൻതാരയെ നായികയായി പരിഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. നയൻതാര ആവശ്യപ്പെട്ട പ്രതിഫലം വളരെ കൂടുതലായതിനാലാണ് ഈ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റു സിനിമകളുടെ തിരക്ക് കാരണം നയൻതാര ഓഫർ നിരസിക്കുകയായിരുന്നെന്നും വാദമുണ്ട്.
പവൻ കല്യാണിന്റെ ചേട്ടൻ ചിരഞ്ജീവിക്കൊപ്പം ഒന്നിലേറെ സിനിമകൾ നയൻതാര ചെയ്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിരഞ്ജീവി ചിത്രം മന ശങ്കര വര പ്രസാദ് ഗാരുവിൽ നായിക നയൻതാരയാണ്. തൊട്ട് മുമ്പ് നടി ചെയ്ത ഗോഡ്ഫാദർ എന്ന സിനിമയിലും ചിരഞ്ജീവിയായിരുന്നു നായകൻ. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കായിരുന്നു ഗോഡ്ഫാദർ. ലൂസിഫറിൽ മഞ്ജു വാര്യർ ചെയ്ത വേഷമാണ് ഗോഡ്ഫാദറിൽ നയൻതാര ചെയ്തത്.
നയൻതാരയുടെ ഒന്നിലേറെ സിനിമകൾ പല ഭാഷകളിലായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡിയർ സ്റ്റുഡന്റ്സ്, പാട്രിയോട് എന്നിവയാണ് മലയാളത്തിൽ വരാനിരിക്കുന്ന സിനിമകൾ. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെ നായകൻ. പാട്രിയോട്ടിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങി വൻ താരനിര അണിനിരക്കുന്നു. 2026 ൽ നയൻതാരയ്ക്ക് ഹിറ്റുകൾ ഒരുപാടുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ടോക്സിക് എന്ന യാഷ് ചിത്രത്തിൽ നയൻതാര ഒരു വേഷം ചെയ്യുന്നുണ്ട്. മാർച്ച് 19 ന് ചിത്രം റിലീസ് ചെയ്യും.
നയൻതാരയുടെ കരിയർ ഗ്രാഫിലുണ്ടായ വീഴ്ച 2025 ൽ ഏറെ ചർച്ചയായതാണ്. ഒരൊറ്റ ഹിറ്റ് മാത്രമേ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നയൻതാരയ്ക്കുള്ളൂ. ഷാരൂഖ് ഖാൻ നായകനായ ജവാനായിരുന്നു ഈ ചിത്രം. ജവാന് ശേഷം നയൻതാരയുടെ ഒരു ബോളിവുഡ് ചിത്രവും പ്രഖ്യാപിച്ചിട്ടില്ല. തമിഴിലാണ് നടി തുടരെ സിനിമകൾ ചെയ്യുന്നത്. ടെസ്റ്റ് ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











